പ്രഭാത വാർത്തകൾ 2022 | മെയ് 9 | തിങ്കൾ


◼️തൃക്കാക്കര മണ്ഡലത്തില്‍ ത്രികോണ മല്‍സരം. മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി. തൃക്കാക്കരയില്‍ ഇരു പാര്‍ട്ടികളുടേയും സംയുക്ത സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്ന് ആംആദ്മി പാര്‍ട്ടി വ്യക്തമാക്കി. അടുത്ത നിയമസഭാ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ എല്ലാ സീറ്റിലും ആം ആദ്മി പാര്‍ട്ടി മത്സരിക്കുമെന്ന് എഎപി കേരള നിരീക്ഷകന്‍ എന്‍. രാജ പറഞ്ഞു.

◼️തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കൈകാര്യം ചെയ്യുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ലൈസന്‍സ് പുതുക്കാത്തതുമൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നു ചര്‍ച്ച. വ്യവസായ വകുപ്പ് വിമാനത്താവള നടത്തിപ്പുകാരായ അദാനി ഗ്രൂപ്പുമായും ചേമ്പര്‍ ഓഫ് കോമേഴ്സുമായുമാണ് ചര്‍ച്ച നടത്തുന്നത്. മാനദണ്ഡമനുസരിച്ചുള്ള സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളം ഒരുക്കണമെന്ന് 2015 മുതല്‍ ആവശ്യപ്പെട്ടിരുന്നതാണ്. പക്ഷേ, കെഎസ്ഐഇ അതു ഗൗനിച്ചില്ല. ലൈസന്‍സ് പുതുക്കാത്തതിനു കാരണം ഇതാണെന്നാണു റിപ്പോര്‍ട്ട്.

◼️ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'അസാനി' തീവ്ര ചുഴലിക്കാറ്റായി. ഒഡീഷ തീരത്ത് നിന്ന് എണ്ണൂറു കിലോമീറ്റര്‍ അകലത്തിലുള്ള 'അസാനി' നാളെ ആന്ധ്രാ-ഒഡീഷ തീരത്തെത്തും.  മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ മഴയ്ക്കു സാധ്യതയുണ്ട്.

◼️പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മാസങ്ങളായി സബ്സിഡി നല്‍കുന്നില്ലെന്ന് സിപിഎം  സംസ്ഥാന സെക്രട്ടേറിയറ്റ്. അടുക്കള തന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ 405 രൂപയായിരുന്നു പാചകവാതക സിലിണ്ടറിന്റെ വില. കഴിഞ്ഞ ഒമ്പതു മാസത്തിനിടെ സിലിണ്ടറിന് 255 രൂപ കൂട്ടി.

◼️തിരുവനന്തപുരം ശ്രീകാര്യത്ത് ആദായനികുതി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് ജോലി വാഗ്ദാനം നല്‍കി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. വെള്ളായണി പാലപ്പൂര്‍ സ്വദേശി ഷിബിന്‍ രാജ് ആണ് പിടിയിലായത്. ഡല്‍ഹിയിലെ ഉന്നത ഉദ്യോഗസ്ഥനാണെന്നു തോന്നിപ്പിക്കുന്ന വ്യാജ ഐഡി കാര്‍ഡ് തയാറാക്കിയാണ് തട്ടിപ്പു നടത്തിയത്. പാളയത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപകനായിരുന്നു ഷിബിന്‍ രാജ്.

◼️മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ കടപ്പാക്കടയിലുള്ള കുടുംബ വീട്ടില്‍ മോഷണം. വയലില്‍ വീട്ടില്‍നിന്ന് അമ്പത് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു. മുന്‍വാതില്‍ തകര്‍ത്ത് അകത്തുകടന്ന ശേഷം ഗ്ലാസ്സ് വാതിലുകളും തകര്‍ത്താണ് മോഷണം. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ സ്വര്‍ണ്ണമാണ് മോഷണം പോയവ.

◼️മാനത്തു അഗ്‌നിനക്ഷത്രങ്ങളുടെ പൂക്കളങ്ങള്‍ തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. കരിമരുന്നിന്റെ ഇന്ദ്രജാലത്തില്‍ ആറാടി ജനസാഗരം. സ്വരാജ് റൗണ്ടിലേക്ക് ആരേയും പ്രവേശിപ്പിക്കാതെയായിരുന്നു വെടിക്കെട്ട്. ഒരു മണിക്കൂര്‍ വൈകി എട്ടു മണിയോടെ പാറമേക്കാവ് വിഭാഗവും പിറകേ തിരുവമ്പാടി വിഭാഗവും വെടിക്കെട്ടിനു തിരികൊളുത്തി. നാളെയാണു തൃശൂര്‍ പൂരം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണു പ്രധാന വെടിക്കെട്ട്.

◼️തൃശൂര്‍ പൂരത്തിനായി പാറമേക്കാവ് വിഭാഗം കുടമാറ്റത്തിനായി പുറത്തിറക്കിയ ആസാദി കുടയില്‍ സവര്‍ക്കറും.  സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍കറുടെ ചിത്രം. വിവാദവും എതിര്‍പ്പും ഉയര്‍ന്നതോടെ പൂരം കുടമാറ്റത്തില്‍നിന്ന് ഈ കുടകളെ ഒഴിവാക്കാന്‍ പാറമേക്കാവ് ദേവസ്വം തീരുമാനിച്ചു. ചമയ പ്രദര്‍ശനം ഉദ്ഘാടനം ചെയ്ത സുരേഷ് ഗോപിയാണ് ആസാദി കുട പുറത്തിറക്കിയത്.

◼️തിരുവനന്തപുരത്ത് ബസ് ചാര്‍ജിന്റെ ടിക്കറ്റ് തുകയില്‍ ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനായ യുവാവിനെ മര്‍ദ്ദിച്ച ഡ്രൈവറും കണ്ടക്ടറും പിടിയില്‍. സുനില്‍, അനീഷ് എന്നിവരാണ് പിടിയിലായത്. പേരൂര്‍ക്കടയില്‍ നിന്നും കിഴക്കേകോട്ടയിലേക്കു സര്‍വീസ് നടത്തിയ ബസിലാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍  ചര്‍ച്ചയായിരുന്നു. ഇതോടെയാണ് പോലീസ് പ്രതികളെ അറസ്റ്റു ചെയ്തത്.

◼️പത്തനംതിട്ടയില്‍ മണിമലയാറ്റിലും അച്ചന്‍കോവിലാറിലുമായി നാലു പേര്‍ മുങ്ങിമരിച്ചു. മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, ശബരിനാഥ് എന്നിവരാണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്. അച്ചന്‍കോവിലാറ്റില്‍ കൈപ്പട്ടൂര്‍ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ ഏനാത്ത് സ്വദേശി വിശാഖ്, ഏഴംകുളം സ്വദേശി സുജീഷ് എന്നിവരാണ് മരിച്ചത്.

◼️വാഗമണ്ണില്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും പങ്കെടുത്ത സിനിമാനടന്‍ ജോജു ജോര്‍ജിനുമെതിരെ കേസെടുക്കണമെന്ന് പരാതി. കെഎസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ഇടുക്കി ജില്ലാ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

◼️പേരാമ്പ്രയില്‍ ഹലാല്‍ അല്ലാത്ത ബീഫ് വില്‍ക്കുന്നില്ലെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിനുനേരെ ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു.  മേപ്പയ്യൂര്‍ സ്വദേശി പ്രസൂണിനെയാണ് അറസ്റ്റ് ചെയ്തത്.

◼️പാലക്കാട് പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നു പ്രതികളെ തൃത്താല പൊലീസ് പിടികൂടി. അഞ്ചു പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി. വല്ലപ്പുഴ സ്വദേശി അബ്ദുള്‍ വഹാബ്, മട്ടാഞ്ചേരി സ്വദേശി സജു കെ സമദ്, തൃശൂര്‍ സ്വദേശി മുഹമ്മദ് ഫാസില്‍ എന്നിവരാണ് അറസ്റ്റിലായത്.

◼️തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി വെഞ്ഞാറമൂട് സ്വദേശി  സുബിന്‍ (35) ആത്മഹത്യ ചെയ്തു. മുതുവിള അരുവിപ്പുറത്ത് സുഹൃത്തിന്റെ വീട്ടിലെ കിണറ്റില്‍ ചാടിയാണ് മരിച്ചത്. മൂന്ന് ദിവസമായി ഒളിവില്‍ കഴിയുകയായിരുന്നു സുബിന്‍. ഗോകുലം മെഡിക്കല്‍ കോളജില്‍നിന്നു ജോലി കഴിഞ്ഞിറങ്ങിയ നഴ്സായ യുവതിയെയും കുട്ടിക്കൊണ്ടുപോകാനെത്തിയ ഭര്‍ത്താവിനേയും സദാചാര പോലീസ് ചമഞ്ഞെത്തിയ സംഘം മര്‍ദ്ദിച്ച കേസില്‍ ഒന്നാം പ്രതിയായിരുന്നു സുബിന്‍.

◼️സഹപ്രവര്‍ത്തകര്‍ക്കൊപ്പം നടത്തിയ ബോട്ടുയാത്രക്കിടെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥന്‍ കായലില്‍ മുങ്ങി മരിച്ചു. പന്തളം കടയ്ക്കാട് കാക്കകുഴിയില്‍ അബ്ദുള്‍ മനാഫ് (42) ആണ് മരിച്ചത്. ഹൗസ്ബോട്ടിനു മുന്നില്‍നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ കൈവരിയില്‍നിന്ന് വെള്ളത്തിലേക്കു വീഴുകയായിരുന്നു.

◼️ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് തൃശൂര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. കെ.കെ രാമചന്ദ്രന്‍ എംഎല്‍എ അധ്യക്ഷനാകും. തൃശൂര്‍ ജില്ലയിലെ ഒമ്പത് കുടുംബാരോഗ്യ ഉപകേന്ദ്രങ്ങളുടെ ഓണ്‍ലൈന്‍ ഉദ്ഘാടനവും മന്ത്രി നിര്‍വഹിക്കും.

◼️കൊല്ലം വെളിയം ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ആറാം വാര്‍ഡിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◼️തൃക്കാക്കര മണ്ഡലത്തിലെ അത്താണിയില്‍ സിപിഎം പ്രവര്‍ത്തകയുടെ വീട് കത്തിച്ചു. ആശവര്‍ക്കര്‍ കൂടിയായ മഞ്ജുവിന്റെ വീടാണ് ബന്ധു കത്തിച്ചത്. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു. കൂട്ടിലുണ്ടായിരുന്ന ആറു മുയലുകളും പൊള്ളലേറ്റ് ചത്തു. രാഷ്ട്രീയ വിരോധമല്ല, കുടുംബ വഴക്കാണു കാരണമെന്ന് വീട്ടുടമയായ മഞ്ജു പറഞ്ഞു.

◼️രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെങ്കില്‍ കമല്‍നാഥിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ നീക്കം. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്. അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ താല്‍പര്യമില്ലെന്ന് സോണിയ ഗാന്ധിയും പലതവണ പറഞ്ഞിരുന്നു. ഈ മാസം 13 മുതല്‍ 15 വരെ രാജസ്ഥാനിലെ ഉദയ്പൂരില്‍ നടക്കുന്ന ചിന്തന്‍ ശിബിരത്തോടെ ഇക്കാര്യങ്ങളില്‍ ധാരണയുണ്ടാകും. ചര്‍ച്ചയ്ക്കുള്ള വിഷയങ്ങള്‍ ആറു സമിതികള്‍ ചര്‍ച്ച ചെയ്ത് റിപ്പോര്‍ട്ടുകളാക്കിയിട്ടുണ്ട്. നാനൂറു പ്രതിനിധികളാണു ചിന്തന്‍ ശിബിരത്തില്‍ പങ്കെടുക്കുക.

◼️കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഖത്തറിലെത്തി. മന്ത്രിയെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തലും ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നുള്ള  ഉന്നത സംഘവും ചേര്‍ന്ന് സ്വീകരിച്ചു.

◼️ജമ്മു കാഷ്മീരീലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒമ്പത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.

◼️താജ്മഹലില്‍ പൂട്ടിയിട്ടിരിക്കുന്ന 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയന്ന് അറിയാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധന നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.

◼️ചെന്നൈയില്‍ ദമ്പതികളെ തലയ്ക്കടിച്ചു കൊന്ന് കോടികളുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച പ്രതികള്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂര്‍ ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരെ കൊന്ന് എട്ടു കിലോഗ്രാം സ്വര്‍ണവും അന്‍പത് കിലോഗ്രാം വെള്ളിയുമാണ് കവര്‍ന്നത്. ഇവരുടെ ഡ്രൈവര്‍ മദന്‍ ലാല്‍ കിഷന്‍, ഇയാളുടെ സുഹൃത്ത് ഡാര്‍ജിലിങ് സ്വദേശി രവിറായ് എന്നിവരാണു പിടിയിലായത്. ഓഡിറ്ററും സോഫ്‌റ്റ്വെയര്‍ സ്ഥാപന ഉടമയുമാണ് കൊല്ലപ്പെട്ട ശ്രീകാന്ത്. കൊലപ്പെടുത്തിയശേഷം ഫാംഹൗസില്‍ മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയിരുന്നു.

◼️നൈജീരിയന്‍ സ്വദേശിയെ കൊലപ്പെടുത്തിയ ആറു നൈജീരിയന്‍ പൗരന്‍മാരെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഹട്ടിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. ഷില്ലോങ് വഴി ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അവര്‍ പിടിയിലായത്.

◼️ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോയുടെ കീഴില്‍ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഇത്രയും തുക.

◼️കുവൈറ്റില്‍ തിരക്കേറിയ തെരുവിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റില്‍. നഗ്‌നനടത്തത്തിന്റെ വീഡിയോ  സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

◼️ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 91 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി. 49 പന്തില്‍ നിന്ന് 87 റണ്‍സെടുത്ത ഡെവോണ്‍ കോണ്‍വെയുടെ ഇന്നിംഗ്‌സാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ തുണയായത്. ഈ ജയത്തോടെ 11 കളികളില്‍ നിന്ന് എട്ട് പോയന്റുമായി ചെന്നൈ എട്ടാം സ്ഥാനത്തെത്തി. 11 കളികളില്‍ നിന്ന് 10 പോയന്റുള്ള ഡല്‍ഹി അഞ്ചാം സ്ഥാനത്താണ്.

◼️ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മികച്ച ബാറ്റിങ് പുറത്തെടുത്ത റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.2 ഓവറില്‍ എല്ലാവരും പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ വാനിന്ദു ഹസരങ്കയാണ് ഹൈദരാബാദിനെ തകര്‍ത്തത്. ഫാഫ് ഡു പ്ലെസിസ് പുറത്താവാതെ നേടിയ 70 റണ്‍സാണ് റോയല്‍ ചലഞ്ചേഴ്സിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഈ ജയത്തോടെ 12 കളികളില്‍ നിന്ന് 14 പോയന്റുമായി ആര്‍സിബി നാലാം സ്ഥാനത്ത് തുടരുന്നു. 11 കളികളില്‍ നിന്ന് 10 പോയന്റ് മാത്രമുള്ള ഹൈദരാബാദ് ആറാം സ്ഥാനത്താണ്.

◼️വമ്പന്‍ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കിരീടപ്പോരാട്ടത്തില്‍ മുന്‍തൂക്കം നേടി മാഞ്ചെസ്റ്റര്‍ സിറ്റി. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെ തോല്‍പിച്ചു. കിരീടപ്പോരാട്ടത്തില്‍ വെല്ലുവിളിയുയര്‍ത്തിയിരുന്ന ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയതാണ് സിറ്റിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കിയത്. ശനിയാഴ്ച നടന്ന മത്സരത്തില്‍ ടോട്ടനമാണ് ലിവര്‍പൂളിനെ സമനിലയില്‍ തളച്ചത്.

◼️ചൈനയിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതും കയറ്റുമതി വിതരണരംഗത്തെ കാലതാമസവും ഇലക്ട്രോണിക്സ് വിപണിക്ക് തിരിച്ചടിയാകുന്നു. ഉപഭോക്തൃ വസ്തുക്കളുടെ വില ഉടന്‍ 5-7 ശതമാനം വരെ വര്‍ധിപ്പിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഉപഭോക്തൃ ഇലക്ട്രോണിക്സ് നിര്‍മാതാക്കള്‍ പറഞ്ഞു. ചൈനയിലെ കൊവിഡ് വ്യാപനം കാരണം ലോകമെമ്പാടുമുള്ള ഇലക്ട്രോണിക്സ് വ്യവസായം അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമം നേരിടുന്നുണ്ട്. കൊവിഡ് പാന്‍ഡെമിക് കാരണം ഇലക്ട്രോണിക്സ് മേഖല ഇതിനകം തന്നെ ഓരോ പാദത്തിലും 2-3 ശതമാനം വില വര്‍ധിപ്പിക്കുന്നുണ്ട്.

◼️2022 മാര്‍ച്ച് പാദത്തില്‍ സ്വകാര്യ മേഖലയിലെ പ്രമുഖ വായ്പാദാതാവായ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 13.2 ശതമാനം വര്‍ധിച്ച് 540.54 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ ബാങ്ക് 478 കോടി രൂപ അറ്റാദായം നേടിയിരുന്നു. 2021-22 ജനുവരി-മാര്‍ച്ച് പാദത്തിലെ മൊത്തം വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിലെ 3,843.87 കോടി രൂപയില്‍ നിന്ന് 3,948.24 കോടി രൂപയായി ഉയര്‍ന്നു. മൊത്തം വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 15,716.61 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 15,749.85 കോടി രൂപയായി ഉയര്‍ന്നു.

◼️ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചട്ടമ്പിയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി. അഭിലാഷ് എസ് കുമാറിന്റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. ശ്രീനാഥ് ഭാസിക്കൊപ്പം ചെമ്പന്‍ വിനോദ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ അംഗീകാരം ലഭിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമായ ഡോണ്‍ പാലത്തറയുടേതാണ് ചിത്രത്തിന്റെ കഥ.  സാധാരണ രീതിയില്‍ നിന്നും മാറി, നേരിട്ട് പോസ്റ്റര്‍ കാണിക്കാതെ കോടമഞ്ഞും, ഉള്‍ക്കാടും, പാറക്കെട്ടുകളും നിറഞ്ഞ ഒരു പ്രദേശത്തെ ഡ്രോണ്‍ ഷോട്ടില്‍ ചിത്രീകരിച്ച വീഡിയയോയുടെ അവസാനമാണ് പാറപ്പുറത്ത് പതിച്ചിരിക്കുന്ന പോസ്റ്റര്‍ കാണിക്കുന്നത്.

◼️സൗബിന്‍ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി സിദ്ധാര്‍ഥ് ഭരതന്‍ ഒരുക്കുന്ന 'ജിന്നിന്റെ' ട്രെയിലര്‍ എത്തി. ഏറെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറില്‍ സൗബിന്റെ പ്രകടനം തന്നെയാണ് പ്രധാന ആകര്‍ഷണം. ശാന്തി ബാലചന്ദ്രന്‍ നായികയായി എത്തുന്നു. ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, സാബുമോന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സംഗീതം പ്രശാന്ത് പിള്ള. 'കലി' എന്ന ചിത്രത്തിനു ശേഷം രാജേഷ് ഗോപിനാഥന്‍ തിരക്കഥ എഴുതുന്ന സിനിമയാണ് 'ജിന്ന്'.

◼️ഹീറോ മോട്ടോകോര്‍പ്പ് അതിന്റെ ജനപ്രിയ എക്സ്പള്‍സ് 200 4വി അഡ്വഞ്ചര്‍ മോട്ടോര്‍സൈക്കിള്‍ ഒരു പുതിയ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടെ പരിഷ്‌കരിച്ചതായി റിപ്പോര്‍ട്ട്. ടര്‍ക്കിഷ് വിപണിയില്‍ പ്രത്യേകമായി കമ്പനി ഈ അപ്‌ഡേറ്റ് ചേര്‍ത്തിട്ടുണ്ട്. ഡിആര്‍എല്ലിന്റെ പരിഷ്‌കരിച്ച ഡിസൈന്‍ ഉണ്ടായിരുന്നിട്ടും, മോട്ടോര്‍സൈക്കിള്‍ എല്‍ഇഡി ലൈറ്റിംഗ് നിലനിര്‍ത്തിയിട്ടുണ്ട്. ഏറ്റവും പുതിയ മോഡല്‍ അപ്‌ഡേറ്റ് കമ്പനിയുടെ ടര്‍ക്കിഷ് ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ പങ്കിട്ടു. ഇന്ത്യന്‍-സ്പെക്ക് മോഡലിന് ഇപ്പോഴും അപ്‌ഡേറ്റ് ഇല്ലെങ്കിലും, ഭാവിയില്‍ എപ്പോഴെങ്കിലും ഇത് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കാം.

◼️അനുരൂപിന്റെ ഈ സമാഹാരത്തില്‍ കഥയും കവിതയുമുണ്ട്. എങ്ങനെ വായിച്ചാലും ഈ സൃഷ്ടികളിലൊക്കെ പല തട്ടിലുള്ള ജീവിതാനുഭവങ്ങളുടെ അര്‍മാദിക്കലുണ്ട്. അതാണല്ലോ ഏറ്റവും പ്രധാനം. കുട്ടിബീഡിയിലെ പുകവലിക്കാരിയും രുചിയിലെ ജോസഫ് പണ്ടാരിയും പൊറാട്ടിലെ കൃഷ്ണേട്ടനും വളിവിട്ട ജീവിതത്തിലെ മനോഹരനും ആപ്പിലെ ജിന്‍സണുമൊക്കെ ഇന്നത്തെ കാലത്ത് ജീവിക്കുന്ന അസാധാരണ ജീവിതങ്ങളാണ്. 'വിശുദ്ധ തുണ്ടുകഥകള്‍'. ആര്‍ ജെ അനുരൂപ്. ഗ്രീന്‍ ബുക്സ്. വില 147 രൂപ.

◼️കൊളസ്ട്രോള്‍ പേടിച്ച് കുറേക്കാലമായി ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിച്ച് നിര്‍ത്തിയ മുട്ടയെ വീണ്ടും തിരികെ എത്തിക്കാന്‍ ആവശ്യപ്പെടുന്നത് ഇറ്റലിയിലെ ഹ്യുമാനിറ്റാസ് റിസര്‍ച്ച് ഹോസ്പിറ്റലിലെ ഗവേഷകരാണ്. മുട്ടയുടെ പല തരത്തിലുള്ള ഗുണങ്ങള്‍ കൊളസ്ട്രോള്‍ പോലുള്ള ആശങ്കകളെ കവച്ച് വയ്ക്കുന്നതാണ്. മുട്ടയുടെ മഞ്ഞയില്‍ ചീത്ത കൊളസ്ട്രോള്‍ എന്നറിയപ്പെടുന്ന എല്‍ഡിഎല്‍ ഉണ്ടെങ്കിലും അത് ചെറിയ ശതമാനമാണെന്നും വെള്ളയില്‍ ചീത്ത കൊളസ്ട്രോളോ കൊഴുപ്പോ ഒന്നുമില്ലെന്നും വിദഗ്ധര്‍ പറയുന്നു. 100 ഗ്രാം മുട്ടയില്‍ അഞ്ച് ഗ്രാം കൊഴുപ്പ് മാത്രമേ അടങ്ങിയിട്ടുള്ളൂ. അതില്‍ തന്നെ 1.5 ഗ്രാം മാത്രമാണ് സാച്ചുറേറ്റഡ് കൊഴുപ്പ്. മാത്രമല്ല പ്രോട്ടീന്റെ സമ്പന്ന  സ്രോതസ്സ് കൂടിയാണ് മുട്ട. ഒരു മുട്ടയില്‍ ആറ് ഗ്രാം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. കാല്‍സ്യം വലിച്ചെടുക്കുന്നതിന് അത്യാവശ്യമായ വൈറ്റമിന്‍ ഡിയും മുട്ടയില്‍ നിറയെ ഉണ്ട്. ആഴ്ചയില്‍ മൂന്നോ നാലോ മുട്ട കഴിക്കുന്നത് കൊളസ്ട്രോളിനെ പ്രതികൂലമായി ബാധിക്കില്ലെന്നും ഹ്യുമാനിറ്റാസ് നടത്തിയ അവലോകനത്തില്‍ കണ്ടെത്തി. ഉയര്‍ന്ന കൊളസ്ട്രോളും പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക്  ഇത് ആഴ്ചയില്‍ ഒന്നോ രണ്ടോ ആയി കുറയ്ക്കാം. മൂന്ന് മിനിറ്റ് തിളപ്പിച്ച സോഫ്ട് ബോയില്‍ഡ് മുട്ടയാണ് എട്ട് മിനിറ്റ് തിളപ്പിച്ച ഹാര്‍ഡ് ബോയില്‍ഡ് മുട്ടയേക്കാള്‍ നല്ലതെന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*
*കവിത കണ്ണന്‍*
വളരെയധികം വിശന്നുവലഞ്ഞാണ് ആ പശു നടന്നിരുന്നത്. ദിവസങ്ങളായി ആഹാരം കഴിച്ചിട്ട്.   അപ്പോഴാണ് കൊയ്ത്തുകഴിഞ്ഞ ഒരു പാടത്ത് രണ്ടിടങ്ങളിലായി വൈക്കോല്‍ കൂട്ടിയിട്ടിരിക്കുന്നത് കണ്ടത്.  പശുവിന് വളരെയധികം സന്തോഷമായി.  ആദ്യം ഏത് കഴിക്കുമെന്ന കാര്യത്തിലായി പിന്നെ സംശയം.  രണ്ടു സ്ഥലങ്ങളിലും മാറി മാറി നടന്ന് അതിന്റെ മണവും സൗന്ദര്യവും ആസ്വദിച്ചു.  അപ്പോഴാണ് ഒരുപറ്റം ആളുകള്‍ വന്ന് ആ വൈക്കോല്‍ മുഴുവനും എടുത്തുകൊണ്ടുപോയത്.  ഒരു തീരുമാനമില്ലായ്മയില്‍ തകര്‍ന്നടിഞ്ഞതാണ് താളം തെറ്റിയ പല ജീവിതങ്ങളും.  തെരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ന്യൂനത തെറ്റ് തിരഞ്ഞെടുത്തു എന്നതല്ല, എന്ത് തിരഞ്ഞെടുക്കും എന്നറിയാതെ നില്‍ക്കുന്നതാണ്. തെറ്റാണെങ്കില്‍ അത് തിരുത്താന്‍ നമുക്ക് സാധിക്കും.  പക്ഷേ, ഒന്നും തിരഞ്ഞെടുക്കാന്‍ അറിയില്ലെങ്കില്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുകയേ മാര്‍ഗ്ഗമുള്ളൂ.  സ്വന്തം തീരുമാനങ്ങളില്ലാത്തവര്‍ക്ക് മറ്റുള്ളവരുടെ തീരുമാനങ്ങളിലൂടെ സഞ്ചരിക്കേണ്ടിവരും. സ്വന്തമായി തീരുമാനങ്ങളുള്ളവരുടെ ജീവിത്തിലേക്ക് ആരും കൈകടത്തില്ല. അവര്‍ക്ക് ഉള്‍ബോധത്തിനനുസരിച്ച് പ്രവര്‍ത്തിക്കാനറിയാം. സ്വന്തംകാര്യത്തില്‍ തീര്‍പ്പില്ലാത്തത് അവനവന്റെ നൈപുണ്യത്തിനേയും ബുദ്ധിയേയും അവഹേളിക്കലാണ്.  ഒരു തീരുമാനം മാറ്റിവെച്ച് മാറ്റിവെച്ച് നല്ലസമയം പ്രതീക്ഷിച്ചുകൊണ്ടിരുന്നാല്‍, അതങ്ങനെ കാത്തിരുന്നു തുരുമ്പിക്കുകയേ ഉള്ളൂ.  വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും സ്വയം തീരുമാനമെടുക്കാന്‍ നമുക്ക് ശീലിക്കാം.  - ശുഭദിനം.
➖➖➖➖➖➖➖➖

Post a Comment

Previous Post Next Post