◼️പെട്രോള്‍, ഡീസല്‍ വില കേന്ദ്രസര്‍ക്കാര്‍ കുറച്ചു. എക്സൈസ് തീരുവ കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.40 രൂപയും ഡീസലിന് 7.37 രൂപയും കുറയും. പാചക വാതക സിലിണ്ടറിന് 200 രൂപ നിരക്കില്‍ വര്‍ഷം പരമാവധി 12 സിലിണ്ടറുകള്‍ക്കു സബ്സിഡിയും പ്രഖ്യാപിച്ചു. വിലക്കയറ്റം രൂക്ഷമായിരിക്കേ ധനമന്ത്രി നിര്‍മല സീതാരാമനാണ് ഈ പ്രഖ്യാപനം നടത്തിയത്. കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് തീരുവ കുറച്ചത്. കേന്ദ്രം കുറച്ച നികുതിക്ക് ആനുപാതികമായി സംസ്ഥാന സര്‍ക്കാര്‍ പെട്രോളിന് 2.41 രൂപയും ഡീസലിന് 1.36 രൂപയും കുറച്ചതിനാലാണ് ഇത്രയും തുക കുറഞ്ഞത്.
◼️വിലക്കയറ്റം നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ വളം സബ്സിഡി ഇരട്ടിയാക്കി. വളം സബ്സിഡിക്കു നീക്കിവച്ചിരുന്ന 1.05 ലക്ഷം കോടി രൂപയ്ക്കു പുറമേ, ഒരു ലക്ഷം കോടി രൂപ കൂടി അനുവദിച്ചു. പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ അസംസ്കൃത വസ്തുക്കള്‍, ഇരുമ്പ്, ഉരുക്ക്, അനുബന്ധ ഘടകങ്ങള്‍ എന്നിവയുടെ ഇറക്കുമതിക്കുള്ള കസ്റ്റംസ് തീരുവ കുറച്ചു. നിര്‍മ്മാണ മേഖലയില്‍ ചെലവു ചുരുക്കാന്‍ സിമന്റ് വില കുറയ്ക്കുമെന്നും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് പ്രഖ്യാപിച്ചു.
◼️വധശിക്ഷ വിധിക്കുന്നതിനു കോടതികള്‍ക്കു സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദ്ദേശം. വിചാരണ കോടതിതലം മുതല്‍ തന്നെ പ്രതി മാനസാന്തരപ്പെടാനുള്ള സാധ്യതയുണ്ടോയെന്നു പരിശോധിക്കണമെന്നാണു സുപ്രിം കോടതിയുടെ മുഖ്യമായ നിര്‍ദേശം. പകവീട്ടല്പോലെ വധശിക്ഷ വിധിക്കരുത്, പ്രതിയെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അറിഞ്ഞിരിക്കണം, പ്രതിയുടെ മനോനിലയെക്കുറിച്ച് സര്‍ക്കാരിന്റെയും ജയില്‍ അധികൃതരുടെയും റിപ്പോര്‍ട്ട് തേടണം, പശ്ചാത്തപിക്കാന്‍ സാധ്യതയുണ്ടോയെന്ന് മനസിലാക്കണം, കുടുംബ പശ്ചാത്തലം അടക്കമുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ കോടതിക്കു നല്‍കണം, ഇവയെല്ലാം പരിശോധിച്ചു മാത്രമേ വധശിക്ഷ വിധിക്കാവൂവെന്നു ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
◼️മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതിനു പിറകേ, പി.സി ജോര്‍ജ്ജിനെ അറസ്റ്റു ചെയ്യാന്‍ കൊച്ചി പോലീസ് ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തി പരിശോധന നടത്തി. ബന്ധുക്കളുടെ വീട്ടിലും പരിശോധന നടത്തി. ജോര്‍ജിന്റെ ഫോണ്‍ സ്വിച്ചോഫാണ്. പെട്ടെന്ന് അറസ്റ്റ് ഉണ്ടാകില്ലെന്ന് നേരത്തെ പ്രചരിപ്പിച്ചാണ് പോലീസ് ജോർജിനെ അറസ്റ്റു ചെയ്യാന്‍ ശ്രമിച്ചത്. ഏതാനും ദിവസമായി ജോര്‍ജ് ഒളിവിലാണെന്നാണു റിപ്പോര്‍ട്ട്. മുന്‍കൂര്‍ ജാമ്യത്തിനായി ജോര്‍ജ് തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കും.
◼️അഗളി സ്വദേശിയായ പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുകൊന്ന കേസില്‍ 5 പേരെ അറസ്റ്റു ചെയ്തു. മൂന്നുപേര്‍ കുറ്റകൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണ്. അലിമോന്, അല്‍ത്താഫ്, റഫീഖ് എന്നിവരും, ഇവരെ സഹായിച്ച അനസ് ബാബു, മണികണ്ഠന് എന്നിവരുമാണ് അറസ്റ്റിലായത്. മരിച്ച അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ച് മുങ്ങിയ യഹിയ ഒളിവിലാണ്. വിദേശത്തുനിന്ന് സ്വര്‍ണം കടത്തുന്ന കാരിയറായിരുന്നു കൊല്ലപ്പെട്ട അബ്ജുള്‍ ജലീലെന്ന് പൊലീസ് പറഞ്ഞു. കൊണ്ടുവന്ന സ്വര്‍ണം ലഭിക്കാത്തതിനാലാണു ജലീലിനെ ഇവർ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചത്.
◼️കെഎസ്ആര്‍ടിസി സ്വിഫ്റ്റിന് 700 സിഎന്‍ജി ബസുകള്‍ വാങ്ങാന്‍ മന്ത്രിസഭയുടെ അനുമതി. കിഫ്ബി-യില്നിന്ന് നാലു ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കിയാണ് പുതിയ ബസുകള്‍ വാങ്ങുകയെന്നു ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആര്‍ടിസിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാനാണ് ഈ പദ്ധതി.
◼️തിരുവനന്തപുരത്ത് കാട്ടുപന്നിയെ കുടുക്കാന്‍ വച്ച വൈദ്യുതകമ്പി വേലിയില്‍നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ശെല്വരാജന് (51) ആണു മരിച്ചത്. വിതുര മേമല ലക്ഷ്മി എസ്റ്റേറ്റിന് സമീപം നസീര്‍ മുഹമ്മദിന്റെ പുരയിടത്തിലാണ് സംഭവം. മരക്കുറ്റിയില്‍ ഘടിപ്പിച്ചിരുന്ന കമ്പിവേലി മരിച്ചയാളുടെ ശരീരത്തില്‍ ചുറ്റിക്കിടന്ന നിലയിലായിരുന്നു.
◼️കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് പോളിംഗ് ദിവസം പുലര്‍ച്ചെ കുണ്ടറയില്‍ നടന്ന പെട്രോള്‍ ബോംബ് സ്ഫോടനം ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ ജെ മേഴ്സിക്കുട്ടിയമ്മയെ കള്ളക്കേസില്‍ കുടുക്കാനായിരുന്നെന്ന് കുറ്റപത്രം. ഇഎംസിസി ഉടമ ഷിജു എം വര്‍ഗീസ് ഉള്‍പ്പെടെ 4 പേരാണു പ്രതികള്‍. സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ സഹായിയായിരുന്ന വിനു കുമാറും ഈ കേസിലെ പ്രതിയാണ്.
◼️സംസ്ഥാനത്ത് ഇന്നുകൂടി വ്യാപക മഴയ്ക്കു സാധ്യത. ആലപ്പുഴ മുതല്‍ തൃശൂര്‍ വരെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്. ആന്ധ്രയിലെ റായല്സീമയ്ക്കു മുകളിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനംമൂലമാണ് കേരളത്തിലും മഴ തുടരുന്നത്.
◼️ലക്ഷദ്വീപിലെ അഗത്തിക്കടുത്ത് പുറങ്കടലില്‍നിന്ന് പിടിച്ച 1500 കോടി രൂപയുടെ ഹെറോയിന്‍ കളളക്കടത്തിനു പിന്നില്‍ ഇറാന് ബന്ധമുളള രാജ്യാന്തര മയക്കുമരുന്ന് സംഘം. ഇറാനിയന്‍ ബോട്ടിലാണ് അഗത്തിയുടെ പുറങ്കടലില്‍ ഹെറോയിന്‍ എത്തിച്ചത്. ഇവിടെ നങ്കൂരമിട്ട രണ്ടു മത്സ്യബന്ധന ബോട്ടുകളിലേക്കു ലഹരി മരുന്ന് കൈമാറുകയായിരുന്നു. ഹെറോയിന്‍ നിറച്ച ചാക്കില്‍ പാകിസ്ഥാന് ബന്ധം സൂചിപ്പിക്കുന്ന എഴുത്തുകളുണ്ട്. തമിഴ്നാട്ടിലെ ബോട്ടുടമകളെയും ഡിആര്‍ഐ പിടികൂടിയിട്ടുണ്ട്.
◼️പട്രോളിംഗ് നടത്തുകയായിരുന്ന എക്സൈസ് സ്ക്വാഡിനെ അപായപ്പെടുത്താന്‍ ശ്രമിച്ച കാറില്‍നിന്ന് 103 ലിറ്റര്‍ മദ്യവുമായി രണ്ടു പേരെ അറസ്റ്റു ചെയ്തു. മഞ്ചേശ്വരത്തെ സോങ്കാറിലാണു സംഭവം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസര്‍ ദിവാകരന് എന്‍.വി, എക്സൈസ് ഡ്രൈവര്‍ ദിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റു.
◼️വില്ലേജ് ഓഫീസിന്റെ താഴുപൊളിച്ചു മോഷണം നടത്തിയ വിരുതനെ മണിക്കൂറുകള്‍ക്കകം പോലീസ് പിടികൂടി. ബേപ്പൂരിലെ വില്ലേജ് ഓഫീസില്‍നിന്ന് 5000 രൂപ കവര്‍ന്ന തിരുവനന്തപുരം പൊഴിയൂര്‍ സ്വദേശി പല്ലൂര് അഖിന് എന്ന 23കാരനാണ് പിടിയിലായത്.
◼️ട്രാന്‍സ്ഫോമറില്‍നിന്ന് വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി ജീവനക്കാരന് മരിച്ചു. ഇടുക്കി മൂലമറ്റം സ്വദേശി പുത്തന്‍പുരയ്ക്കല്‍ മനുതങ്കപ്പന്‍ (40) ആണ് മരിച്ചത്. ഇലപ്പള്ളി ഭാഗത്ത് അറ്റകുറ്റപ്പണിക്കിടെ വൈകുന്നേരം ആറോടെയായിരുന്നു അപകടം.
◼️യുഎഇ-യില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോട് അച്ചാംതുരുത്തി സ്വദേശിയായ പടിഞ്ഞാറെമാടില്‍ എ കെ രാജുവിന്റെയും ടി വി പ്രിയയുടെയും മകന് അനന്തുരാജ് (ഉണ്ണി-24) ആണ് മരിച്ചത്.
◼️തളിപ്പറമ്പ് മാന്ധംകുണ്ടില്‍ സി.പി.എം - സി.പി.ഐ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. സിപിഐ മണ്ഡലം കമ്മിറ്റി അംഗം സി ലക്ഷ്മണനാണ് പരിക്കേറ്റത്.
◼️തിരുവനന്തപുരം രാജീവ് ഗാന്ധി ഏവിയേഷന്‍ അക്കാദമിയിലെ പരിശീലകനെതിരേ പീഡന പരാതി നല്കി നാടുവിട്ട വിദ്യാര്‍ത്ഥിനിയെ കന്യാകുമാരിയില്‍ നിന്ന് കണ്ടെത്തി. കഴിഞ്ഞ ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. മാര്‍ച്ചില്‍ പരാതി നല്കി. പൊലീസ് കേസെടുത്തെങ്കിലും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്കിയതിനാല് അറസ്റ്റുണ്ടായില്ല. ഇതിനിടയിലാണ് പെണ്‍കുട്ടി നാടുവിട്ടത്.
◼️അടുത്തവര്‍ഷത്തെ ഹജ്ജിന് സൗദിയിലേക്കു കാല്‍നടയായി പോകുമെന്ന് മലപ്പുറം ആതവനക്കാട്ടെ മുപ്പതുകാരനായ ശിഹാബുദ്ദീന്. അടുത്തമാസം ആദ്യവാരത്തില്‍ യാത്ര ആരംഭിക്കും. 8,600 കിലോമീറ്റര്‍ ദൂരമാണു കാല്‍നടയായി സഞ്ചരിക്കുക. ദിവസവും ശരാശരി 25 കിലോമീറ്റര്‍ നടക്കും. പാക്കിസ്ഥാന്, ഇറാന്, ഇറാഖ്, കുവൈറ്റ് വഴിയാണ് സൗദിയിലെത്തുക. യാത്രയ്ക്കുള്ള രേഖകളെല്ലാം ശരിയായി. സൗദിയില്‍ ജോലി ചെയ്തിരുന്ന ശിഹാബുദ്ദീന് നിരവധിതവണ മക്കയില്‍ പോയിട്ടുണ്ട്. ചോറ്റൂര്‍ ചേലമ്പാടന്‍ സൈതലവി - സൈനബ ദമ്പതികളുടെ മകനാണ് ശിഹാബുദ്ദീന്.
◼️ഹൈദരാബാദ് വ്യാജ ഏറ്റുമുട്ടല്‍ കേസിലെ അന്വേഷണ സമിതി ശുപാര്‍ശയ്ക്കെതിരെ തെലങ്കാന സര്‍ക്കാര്‍ നിയമനടപടിക്ക്. സര്‍ക്കാര്‍ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ സംഭവിച്ച വെടിവയ്പ് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് സൈബരാബാദ് പൊലീസ്. അന്വേഷണ ചുമതലയുണ്ടായിരുന്ന പൊലീസ് കമ്മീഷണര്‍ സജ്ജനാറിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഇല്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയന്നു.
◼️കര്‍ണാടകയിലെ ധാര്‍വാഡില്‍ ക്രൂയിസര്‍ കാര്‍ മരത്തിലിടിച്ച് 9 യാത്രക്കാര്‍ മരിച്ചു. വിവാഹനിശ്ചയചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്. 11 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. വാഹനത്തില്‍ ഇരുപതോളം യാത്രക്കാര്‍ ഉണ്ടായിരുന്നു.
◼️പാകിസ്ഥാന് സൈനിക വിവരങ്ങള്‍ ചോര്ത്തിനൽകിയതിനു സൈനികന് അറസ്റ്റില്‍. ഇന്ത്യന്‍ കരസേനാംഗമായ പ്രദീപ് കുമാറിനെയാണ് രാജസ്ഥാന് പൊലീസ് അറസ്റ്റു ചെയ്തത്. ഹണിട്രാപ്പിലൂടെയാണ് പാകിസ്ഥാന് ഐഎസ്ഐ ഏജന്റായ യുവതിക്ക് 24കാരനായ സൈനികന് വിവരങ്ങള്‍ കൈമാറിയത്. ജോധ്പൂരില്‍ താമസിക്കുന്ന സൈനികന് ഫേസ്ബുക്ക് വഴിയാണ് യുവതിയുമായി പരിചയപ്പെട്ടത്.
◼️പ്രണയിച്ചു വിവാഹം ചെയ്ത സഹോദരിയെ വീട്ടിലേക്കു ക്ഷണിച്ചുവരുത്തി ചുറ്റികകൊണ്ട് തലക്കടിച്ചും കൊടാലികൊണ്ട് വെട്ടിയും കൊലപ്പെടുപ്പെടുത്തിയ ഒരു കുടുംബത്തിലെ 3 പേര്‍ക്കു വധശിക്ഷ. ഹരിദ്വാറിലെ പ്രീതി സിങ് എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സഹോദരങ്ങളായ കുല്‍ദീപ് സിംഗ്, അരുണ്‍ സിംഗ്, മാതൃസഹോദരന്‍ സന്തര്പാല് എന്നിവര്‍ക്കാണു വധശിക്ഷ. 2018 മെയ് 18ന് മാതൃസഹോദരന്‍ സന്തര്‍പാലിന്റെ വീട്ടിലെത്തിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്.
◼️സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കരാര്‍ അടിസ്ഥാനത്തില്‍ ചാനല്‍ മാനേജര്‍ തസ്തികയിലേക്ക് വിരമിച്ച അറുനൂറിലേറെ പേരെ നിയമിക്കുന്നു. അപേക്ഷിക്കാനുള്ള അവസാന തീയതി - ജൂണ്‍ 7. എസ്ബിഐ-യുടെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം.
◼️ജ്ഞാന്‍വാപി മസ്ജിദ് വിഷയത്തില്‍ ട്വിറ്ററില്‍ പോസ്റ്റു ചെയ്ത അഭിപ്രായം മതവിദ്വേഷമാണെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റുചെയ്ത സര്‍വ്വകലാശാല അധ്യാപകന് രത്തന്‍ ലാലിനെ കോടതി ജാമ്യത്തില്‍ വിട്ടു. 130 കോടി ജനങ്ങള്‍ക്ക് 130 കോടി നീരീക്ഷണങ്ങള്‍ ഉണ്ടാകുമെന്ന നീരീക്ഷണത്തോടെയാണ് കോടതി ജാമ്യം നല്‍കിയത്.
◼️ജമ്മുകശ്മീരിലെ റംബാനില്‍ നിര്‍മാണത്തിലിരുന്ന തുരങ്കം തകര്‍ന്ന് 7 പേര് മരിച്ചു. ഇനിയും തൊഴിലാളികള്‍ തുരങ്കത്തിനകത്ത് കുടുങ്ങികിടക്കുന്നതായി സംശയമുണ്ട്. ഇവര്‍ക്കായി രാത്രിയിലും തെരച്ചില്‍ തുടര്‍ന്നു.
◼️ഓസ്ട്രേലിയയില്‍ ഭരണമാറ്റം. പ്രധാനമന്ത്രിയും ലിബറല്‍ പാര്‍ട്ടി നേതാവുമായ സ്കോട്ട് മോറിസണ്‍ പരാജയം സമ്മതിച്ചു. ലേബര്‍ പാര്‍ട്ടി നേതാവ് ആന്തണി അല്‍ബനീസിന്റെ നേതൃത്വത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേല്‍ക്കും.
◼️ബ്രസീലില്‍ നടന്ന ഡെഫ്ലിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച കായികതാരങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. 65 താരങ്ങളാണ് ഡെഫ്ലിംപിക്സില്‍ പങ്കെടുത്തത്. ഗെയിംസില്‍ 8 സ്വര്‍ണവും 1 വെള്ളിയും 8 വെങ്കലവും ഉള്‍പ്പടെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
◼️ഐപിഎല്ലിലെ നിര്‍ണായകമായ മത്സരത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 5 വിക്കറ്റിന് തകര്‍ത്ത മുംബൈ, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് പ്ലേ ഓഫിലേക്ക് വഴിയൊരുക്കി. ജയം അനിവാര്യമായ മത്സരത്തില്‍ തോറ്റതോടെ ഡല്‍ഹി പ്ലേ ഓഫ് കാണാതെ പുറത്തായി. ഡല്‍ഹി ഉയര്‍ത്തിയ 160 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടക്കുകയായിരുന്നു. ഇതോടെ മേയ് 25ന് നടക്കുന്ന ആദ്യ എലിമിനേറ്ററില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍, ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നേരിടും.
◼️പുതിയ പേയ്മെന്റ് പ്ലാറ്റ്ഫോം അവതരിപ്പിക്കാന്‍ ഒരുങ്ങി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനം ‘മെറ്റ'. ക്രിപ്റ്റോ കൈമാറ്റം ഉള്‍പ്പടെ പിന്തുണയ്ക്കുന്ന ഈ പ്ലാറ്റ്ഫോം ഡിജിറ്റല്‍, ബ്ലോക്ക്ചെയിന്‍ ആസ്തികള്‍ കൈമാറാനുള്ള സൗകര്യവുമൊരുക്കുമെന്നാണ് സൂചന. ‘മെറ്റ പേ' എന്ന പേരിനായി യു.എസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ കമ്പനി അപേക്ഷ നല്കി. മെറ്റാവേഴ്സ് അധിഷ്ടിതമായി പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം, ഇ-കൊമേഴ്സ് സേവനം ഉള്‍പ്പടെയുള്ളവ കമ്പനി അവതരിപ്പിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘സക്ക്സ് ബക്ക്സ്' എന്ന പേരില്‍ ഒരു ഡിജിറ്റല്‍ കറന്‍സിയും മെറ്റ വികസിപ്പിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ എന്‍എഫ്ടി-യുമായി ബന്ധപ്പെട്ട സേവനങ്ങള്‍ കൊണ്ടുവരുമെന്ന് ഈ മാസം ആദ്യം മെറ്റ അറിയിച്ചിരുന്നു.
◼️മെയ് 13ന് അവസാനിച്ച ആഴ്ചയില്‍ രാജ്യത്തിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 2.676 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 593.279 ബില്യണ്‍ ഡോളറിലെത്തി. കഴിഞ്ഞ ആഴ്ചയില്‍ കരുതല്‍ ധനം 1.774 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 595.954 ബില്യണ്‍ ഡോളറായി. മെയ് മാസത്തെ ആര്‍ബിഐ ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ച ‘സ്റ്റേറ്റ് ഓഫ് ദി ഇക്കണോമി' എന്ന ലേഖനം അനുസരിച്ച്, മെയ് 6ലെ കണക്കനുസരിച്ച് 596 ബില്യണ്‍ ഡോളറിന്റെ വിദേശനാണ്യ കരുതല്‍ ശേഖരം 2022-23ല്‍ പ്രതീക്ഷിക്കുന്ന ഏകദേശം 10 മാസത്തെ ഇറക്കുമതിക്ക് തുല്യമാണ്. എഫ്സിഎ-കള്‍ ആഴ്ചയില്‍ 1.302 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 529.554 ബില്യണ്‍ ഡോളറിലെത്തി. സ്വര്‍ണശേഖരം 1.169 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 40.57 ബില്യണ്‍ ഡോളറായി.
◼️മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ 'ഒടിയന്' അടുത്തിടെ ഹിന്ദിയില്‍ മൊഴിമാറ്റി പുറത്തിറക്കിയിരുന്നു. യുട്യൂബിലൂടെ പെന്‍ മൂവീസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് പുറത്തുവിട്ടത്. മികച്ച സ്വീകാര്യതയാണ് ഹിന്ദി പതിപ്പിന് ലഭിക്കുന്നത്. ഏപ്രില്‍ 23ന് റിലീസ് ചെയ്ത ഹിന്ദി പതിപ്പ് ഒരു കോടിയലധികം പേര് കണ്ടതിന്റെ സന്തോഷം പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന് വി എ ശ്രീകുമാര്‍ മേനോന്. ‘ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകള്‍ക്കുള്ളില്‍ ചിത്രം എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു' എന്നാണ് ശ്രീകുമാര്‍ മേനോന് പറഞ്ഞത്. 100 കോടി ക്ലബിലെത്തിയ ചിത്രമാണ് വി എ ശ്രീകുമാര്‍ മേനോന്റെ ഒടിയന്. കേരളത്തില്‍ റിലീസ് ദിവസം ഏറ്റവും കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രവുമാണിത്. 'കെജിഎഫ് രണ്ട്' എത്തും വരെ ഒടിയന് തന്നെയായിരുന്നു മുന്നില്‍. മോഹന്‍ലാല്‍ നായകനായ ഈ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായികയായി എത്തിയത്.
◼️വിക്രത്തെ നായകനാക്കി ആര് അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ‘കോബ്ര'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 11ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. ഒരു വീഡിയോയ്ക്കൊപ്പമാണ് നിര്‍മ്മാതാക്കള്‍ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ ഗണത്തിൽപെടുന്ന ചിത്രമാണ് കോബ്ര. വിക്രം 7 വ്യത്യസ്ത ഗെറ്റപ്പുകളില്‍ പ്രത്യക്ഷപ്പെടുന്ന ചിത്രം ചിത്രീകരണസമയത്തേ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ക്രിക്കറ്റ് താരം ഇര്ഫാന് പത്താന്റെ സിനിമാ അരങ്ങേറ്റമായ ചിത്രത്തില്‍ മലയാളത്തില്‍ നിന്ന് റോഷന് മാത്യുവും മിയ ജോര്‍ജും സര്‍ജാനോ ഖാലിദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
⭕⭕⭕⭕⭕⭕
*കോഴിക്കോട് ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
*https://chat.whatsapp.com/IWJqFEKHTQVDlR79CI0pCy*
➖➖➖➖➖➖➖➖➖➖
*250 ഗ്രൂപ്പുകളിലൂടെ 55,000 ൽ പരം ആളുകളുടെ വാട്ട്സാപ്പിലേക്ക് നിങ്ങളുടെ പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ താഴെ കാണുന്ന നമ്പറുകളിലേക്ക് ബന്ധപ്പെടുക*
*https://wa.me/918921856299?text=Hi,Admin*
Post a Comment