സായാഹ്ന വാർത്തകൾ 23-05-2022 തിങ്കൾ◼️കേരളത്തെ കണ്ണീരണിയിച്ച വിസ്മയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാര്‍ കുറ്റക്കാരനെന്നു കോടതി. ശിക്ഷ നാളെ വിധിക്കും. സ്തീധനപീഡനംമൂലം നിലമേല്‍ സ്വദേശിനി വിസ്മയ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയ കേസിലാണ് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി വിധി പ്രസ്താവിച്ചത്. കിരണിന്റെ ജാമ്യം കോടതി റദ്ദാക്കി. സ്ത്രീധനപീഡനം, ആത്മഹത്യാപ്രേരണ, ഗാര്‍ഹിക പീഡനം  എന്നീ കുറ്റങ്ങള്‍ തെളിഞ്ഞു. 2020 മേയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ഥിയായിരുന്ന വിസ്മയയെ അസിസ്റ്റന്റ് മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന കിരണ്‍കുമാര്‍ വിവാഹം ചെയ്തത്. കൊല്ലം പോരുവഴിയിലെ ഭര്‍തൃവീട്ടില്‍ 2021 കഴിഞ്ഞ ജൂണ്‍ 21 നാണു വിസ്മയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

◼️മനസാക്ഷിയെ ഞെട്ടിച്ച പീഡന മരണക്കേസിലെ വിധി കേള്‍ക്കാന്‍ വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും ബന്ധുക്കളും കോടതിയില്‍ എത്തിയിരുന്നു. അമ്മ വീട്ടിലിരുന്നാണ് വിധി കേട്ടത്. പ്രതീക്ഷിച്ച വിധിയെന്ന് അച്ഛന്‍ പറഞ്ഞു. വിസ്മയ മരിച്ച് 11 മാസം കഴിഞ്ഞപ്പോഴേക്കും വിധി പ്രസ്താവിച്ചു. 507 പേജുള്ള കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് 41 സാക്ഷികളെ വിസ്തരിച്ചു. പ്രതിയുടെ പിതാവ് സദാശിവന്‍പിള്ള, പ്രതിയുടെ സഹോദരി കീര്‍ത്തി, ഭര്‍ത്താവ് മുകേഷ് എം.നായര്‍, പ്രതിയുടെ പിതാവിന്റെ സഹോദര പുത്രന്‍ അനില്‍കുമാര്‍, ഭാര്യ ബിന്ദു കുമാരി എന്നീ അഞ്ചു സാക്ഷികള്‍ കൂറുമാറി.

◼️എക്‌സൈസ് സിവില്‍ ഓഫീസറായി 100 ആദിവാസി യുവതീ യുവാക്കളെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദന്‍. കേരളത്തിലേക്ക് ലഹരിവസ്തുക്കളുടെ ഒഴുക്ക് വര്‍ദ്ധിക്കുകയാണെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ എക്സൈസ് ഉദ്യോഗസ്ഥരുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

◼️എറണാകുളം കലൂര്‍ സ്റ്റേഡിയത്തിനു സമീപം ലഹരി സംഘങ്ങളുടെ വെടിവയ്പിനിടെ അഭിഭാഷകനു വെടിയേറ്റു. ശനിയാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. സമീപത്തെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുകയായിരുന്ന പറവൂര്‍ സ്വദേശിയായ അഭിഭാഷകന്‍ അജ്മലിന്റെ ചെന്നിക്കു സമീപമാണു വെടിയേറ്റതത്. ഇതോടെ സമീപത്തുണ്ടായിരുന്ന അഞ്ചംഗ സംഘം  ബൈക്കില്‍ രക്ഷപെട്ടു. പാലാരിവട്ടം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

◼️വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ് ഹൈക്കോടതിയില്‍. വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്ന് പി.സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. ജോര്‍ജിന്റെ പ്രസംഗം ഇന്നു കോടതി പരിശോധിക്കുന്നുണ്ട്.

◼️പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനും പാചകവാതകത്തിനും വളത്തിനും സബ്സിഡി നല്‍കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത് അനിയന്ത്രിതമായ വിലക്കയറ്റവും നാണ്യപ്പെരുപ്പ നിരക്കും നിയന്ത്രിക്കാന്‍. നാണ്യപ്പെരുപ്പം 15.38 ശതമാനമായി രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്ന നിലയിലേക്കു കുതിച്ചിരിക്കേയാണു നടപടി. 17 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അയല്‍ രാജ്യങ്ങളെല്ലാം സാമ്പത്തികത്തകര്‍ച്ച നേരിട്ടുകൊണ്ടിരിക്കേയാണ് സാമ്പത്തിക തിരുത്തല്‍ നടപടി.

◼️മഴയ്ക്കു തത്കാലം ശമനം. വെള്ളിയാഴ്ചവരെ മഴയില്ല. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ശ്രീലങ്കയില്‍നിന്നും തെക്ക് കിഴക്കന്‍ അറബികടലില്‍ പ്രവേശിച്ചു തുടങ്ങി. ഇനി അറബികടലില്‍ വ്യാപിക്കണം. ഈയാഴ്ച അവസാനത്തോടെ കാലവര്‍ഷം കേരളത്തില്‍ എത്തും.

◼️തമിഴ്നാട്ടിലെ മധുര ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം പൈപ്പിലൂടെ എത്തിക്കാനുള്ള പദ്ധതിയുടെ നിര്‍മാണ പ്രവൃത്തി ആരംഭിച്ചു. 1296 കോടി രൂപ മുടക്കിയാണ് തമിഴ്നാട് സര്‍ക്കാര്‍ വമ്പന്‍ പദ്ധതി നടപ്പാക്കുന്നത്. മുല്ലപ്പെരിയാര്‍ വെള്ളം ലോവര്‍ ക്യാമ്പില്‍ നിന്നു പൈപ്പുവഴി മധുരയിലെത്തിക്കാനുള്ള പദ്ധതി 2018 ലാണ് പ്രഖ്യാപിച്ചത്.

◼️കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ എസ് കുമാര്‍ ജ്വല്ലറി ഉടമ ശ്രീകുമാര്‍ പിള്ളയെ കണ്ടെത്താനായില്ലെന്നു പൊലീസ്. സ്ഥിരം നിക്ഷേപങ്ങള്‍ക്ക് 16 ശതമാനത്തിലധികം പലിശ വാഗ്ദാനം ചെയ്താണ് തട്ടിപ്പു നടത്തിയത്. 500 രൂപ മുതലുള്ള മാസ ചിട്ടി അടക്കം മൂന്ന് നിക്ഷേപ പദ്ധതികളാണ് എസ് കുമാറിന് ഉണ്ടായിരുന്നതെന്നു പോലീസ് പറയന്നു.

◼️കായംകുളം കാക്കനാട് വീടിനു മുന്നിലിരുന്ന മദ്യപിക്കുന്നതു ചോദ്യം ചെയ്തയാളെ മദ്യപസംഘം മര്‍ദിച്ചു കൊന്നു. വൃഷ്ണത്തിലേറ്റ ചവിട്ടാണ് കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിന്റൈ മരണത്തിനു കാരണം. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു.

◼️ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധിപേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തു മുങ്ങിയ ട്രാവല്‍സ് ഉടമ പിടിയില്‍. കല്‍പകഞ്ചേരി കടുങ്ങാത്തുകുണ്ട് അറഫ ട്രാവല്‍സ് ഉടമ ഒഴൂര്‍ ഓമച്ചപ്പുഴ കാമ്പത്ത് നിസാറി(34) നെയാണ്  അറസ്റ്റു ചെയ്തത്.

◼️സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിക്കണം. സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച് വ്യാജമല്ലെന്ന് ഉറപ്പാക്കണം. ജീവനക്കാരെന്ന വ്യാജേന അക്രമികളും മോഷ്ടാക്കളും ആശുപത്രിയിലേക്ക് അതിക്രമിച്ചു കയറുന്നതു തടയാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.

◼️സെന്‍ട്രല്‍ ജയിലില്‍നിന്നു കാസര്‍കോട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയ റിമാന്‍ഡ് പ്രതി പൊലീസിനെ കബളിപ്പിച്ച് ഓടി രക്ഷപ്പെട്ടു. ആലമ്പാടി സ്വദേശി അമീര്‍ അലി (23) ആണ് രക്ഷപ്പെട്ടത്. മെയ് 12 ന് ബദിയടുക്കയില്‍  നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത കാറില്‍ എട്ടു ഗ്രാം എംഡിഎംഎയുമായാണ് അമീര്‍ അലി പിടിയിലായത്. വാഹനത്തില്‍ നിന്ന് രണ്ട് കൈത്തോക്കുകളും കണ്ടെടുത്തിരുന്നു.

◼️നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടന്‍ വിജയ് ബാബു നാളെ ഹാജരായില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു. വിജയ് ബാബു ഒളിവില്‍ കഴിയുന്ന ജോര്‍ജിയയിലെ എംബസിയുമായി പൊലീസ് ബന്ധപ്പെട്ടു കഴിഞ്ഞെന്നും നാഗരാജു അറിയിച്ചു.

◼️ആലപ്പുഴയില്‍  പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവം പോലീസ് അന്വേഷിക്കുന്നു. കൊലവിളി മുദ്രാവാക്യത്തിനെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രമുഖരടക്കമുള്ള നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

◼️വനത്തില്‍ കാണാതായ വനം വകുപ്പ് വാച്ചര്‍ക്കായി പ്രത്യേക തെരച്ചില്‍. പൊലിസിന്റെ രണ്ടു സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. അഗളി എസ്ഐ യുടെ നേതൃത്വത്തില്‍ സൈരന്ധ്രി വനത്തിലും തണ്ടര്‍ബോള്‍ട്ട് സംഘം കെ.പി.എ സ്റ്റേറ്റ് വഴി മണ്ണാര്‍ക്കാട് തത്തേങ്ങലത്തുമാണ് തിരച്ചില്‍ നടത്തുന്നത്.

◼️കൊല്ലം പുയപ്പള്ളിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. മരുതമണ്‍പള്ളി സ്വദേശി തിലകന്‍ (44) അണ് മരിച്ചത് അയല്‍വാസിയായ സേതുരാജ് ഒളിവില്‍. മരുതമണ്‍പള്ളി ജംഗ്ഷനിലാണ്  കൊലപാതകം നടന്നത്.

◼️കോഴിക്കോട് ചേവരമ്പലത്ത് ടൂറിസ്റ്റ് ബസ്സുകള്‍ കൂട്ടിയിടിച്ച് 30 പേര്‍ക്കു പരിക്ക്.  കൊച്ചിയില്‍  സോളിഡാരിറ്റി  സമ്മേളനം കഴിഞ്ഞു മടങ്ങിയവരുടെ ബസും തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്.

◼️കേരളത്തിലെ ദുരന്ത നിവാരണ സംവിധാനത്തെപറ്റി പഠിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിന്റെ പ്രതിനിധി സംഘം കേരളത്തിലെത്തി. ഉത്തരാഖണ്ഡ് ദുരന്ത നിവാരണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ഡോ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തില്‍ എത്തിയത്.

◼️കൊലക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക മാറ്റി. ജയില്‍ ഭക്ഷണം കഴിക്കാതെ ആരോഗ്യം മോശമായതിനെത്തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 34 വര്‍ഷം മുന്‍പ് റോഡിലുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചെന്ന കേസില്‍ ഒരു വര്‍ഷത്തെ തടവിനാണു സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്.

◼️രാജീവ് വധക്കേസിലെ പ്രതി പേരറിവാളനെ ജയില്‍ മോചിതനാക്കിയതിനെതിരെ തമിഴ്നാട് മുന്‍ എഡിഎസ്പി അനസൂയ ഏണസ്റ്റ്. ശ്രീപെരുമ്പത്തൂരില്‍ രാജീവ് ഗാന്ധിയുടെ സുരക്ഷാ ഡ്യൂട്ടി സംഘത്തിലുണ്ടായിരുന്ന അനസൂയക്ക് ബോംബ് സ്ഫോടനത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. പേരറിവാളന്‍ തീവ്രവാദിയാണെന്നും അയാളെ വിട്ടയച്ചത് തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും അനസൂയ പറഞ്ഞു.

◼️ഉത്തര്‍പ്രദേശില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ഈദ് ദിനത്തില്‍ റോഡുകളില്‍ നമസ്‌കരിക്കുന്നത്  അവസാനിപ്പിച്ചെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.  ഉത്തര്‍പ്രദേശില്‍ രാമനവമി ദിനത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍  ഉണ്ടായിട്ടില്ലെന്നും ക്രമസമാധാന നില മികച്ചതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

◼️കോവിഡിന് ശേഷം ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരന്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട്. 2022ലെ വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തില്‍ ഓക്സ്ഫാം ഇന്റര്‍നാഷണലാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. മാത്രമല്ല, ഈ വര്‍ഷം ഓരോ 33 മണിക്കൂറിലും ദശലക്ഷക്കണക്കിന് ആളുകള്‍ കടുത്ത ദാരിദ്ര്യത്തിലേക്ക് വീഴാനുള്ള സാധ്യതയുമുണ്ടെന്നും ഓക്സ്ഫാം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഭക്ഷ്യമേഖലയില്‍ 62 പുതിയ ശതകോടീശ്വരന്മാരുണ്ട്. കൊവിഡ്-19-ന്റെ ആദ്യ 24 മാസങ്ങളില്‍ ശതകോടീശ്വരന്മാരുടെ സമ്പത്ത് 23 വര്‍ഷത്തേക്കാള്‍ ഉയര്‍ന്നു. ലോകത്തിലെ ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് ഇപ്പോള്‍ ആഗോള മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) 13.9 ശതമാനത്തിന് തുല്യമാണ്. ഇത് 2000 ലെ 4.4 ശതമാനത്തില്‍ നിന്ന് മൂന്നിരട്ടി വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

◼️സലില്‍ പരേഖിനെ ഇന്‍ഫോസിസിന്റെ സിഇഒ, മാനേജിംഗ് ഡയറക്ടര്‍ സ്ഥാനങ്ങളിലേക്ക് വീണ്ടും നിയമിച്ചു. അഞ്ച് വര്‍ഷത്തേക്കാണ് നിയമനമെന്നും ഡയറക്ടര്‍ ബോര്‍ഡ് ഇതിന് അംഗീകാരം നല്‍കിയെന്നും ഇന്‍ഫോസിസ് അറിയിച്ചു. ജൂലൈ ഒന്നുമുതലാണ് അദ്ദേഹം നിയമിതനാകുക. കമ്പനിയുടെ വിപുലമായ ഓഹരി ഉടമ പദ്ധതി-2019 പ്രകാരം സ്ഥാപനത്തിലെ മുതിര്‍ന്ന എക്‌സിക്യൂടീവുകള്‍ക്ക് ഓഹരികള്‍ അനുവദിക്കുന്നതിനും അംഗീകാരം നല്‍കിയിട്ടുണ്ട്. സലില്‍ പരേഖ് 2018 ജനുവരി മുതല്‍ ഇന്‍ഫോസിസിന്റെ സിഇഒയും എംഡിയുമാണ്. ഐടി സേവന വ്യവസായത്തില്‍ 30 വര്‍ഷത്തിലേറെ അനുഭവസമ്പത്തുമുണ്ട്.

◼️ജോജു ജോര്‍ജ് നായകനായി എത്തിയ മലയാള ചിത്രം 'ജോസഫ്' തെലുങ്ക് റീമേക്കിന് പ്രദര്‍ശന വിലക്കേര്‍പ്പെടുത്തി കോടതി. ഇനിയൊരുത്തരവ് ഉണ്ടാവുന്നതുവരെ ചിത്രം പ്രദര്‍ശിപ്പിക്കരുതെന്നാണ് ഹൈദരാബാദ് കോടതി അറിയിച്ചിരിക്കുന്നതെന്ന് നടന്‍ രാജശേഖര്‍ പറഞ്ഞു.  ഏതാനാും ദിവസങ്ങള്‍ക്ക് മുമ്പാണ് 'ശേഖര്‍' എന്ന് പേര് നല്‍കിയ ചിത്രം തിയറ്ററുകളില്‍ റിലീസ് ആയത്. മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരവെയാണ് ഇപ്പോള്‍ കോടതി ഉത്തരവ് വന്നിരിക്കുന്നത്. എല്ലാ പ്രദര്‍ശനങ്ങളും നിര്‍ത്തിയതിന് പിന്നാലെയാണ് ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ് രാജശേഖര്‍ രംഗത്തെത്തിയത്. മലയാളത്തില്‍ പ്രേക്ഷക നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയ ചിത്രമാണ് ജോസഫ്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് ജോജുവിന്റെ കഥാപാത്രം.

◼️സിജു വില്‍സണ്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയതാണ് 'വരയന്‍'. ജിജോ ജോസഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പല കാരണങ്ങളാല്‍ നീണ്ടുപോയ ചിത്രം റിലീസ് ചെയ്തപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ 'വരയന്‍' എന്ന ചിത്രത്തിന്റെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. 'നാട് എന്റെ നാട്' എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. കെ എസ് ഹരിശങ്കര്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് ചിത്രത്തിന്റെ ഗാനരംഗം. വൈദികനായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ സിജു വില്‍സണ്‍ അവതരിപ്പിക്കുന്നത്. പ്രേമചന്ദ്രന്‍ എ ജിയാണ്  ചിത്രം നിര്‍മിക്കുന്നത്.
 


Post a Comment

Previous Post Next Post