സായാഹ്ന വാർത്തകൾ 24-05-2022 ചൊവ്വ◼️കോണ്‍ഗ്രസ് ചിന്തന്‍ ശിബിര തീരുമാനങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയകാര്യ സമിതിക്കു രൂപം നല്‍കി. കോണ്‍ഗ്രസ് പ്രഡിഡന്റ് സോണിയാ ഗാന്ധി അധ്യക്ഷയായ സമിതിയില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന ഖാര്‍ഗെ, ഗുലാം നബി ആസാദ്, അംബികാ സോണി, ദിഗ്വിജയ സിംഗ്, ആനന്ദ് ശര്‍മ, കെ.സി. വേണുഗോപാല്‍, ജിതേന്ദ്ര സിംഗ് എന്നീ എട്ടു പേരുണ്ട്.  ലോക്സഭ തെരഞ്ഞെടുപ്പിലടക്കം ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി ടാസ്‌ക് ഫോഴ്സിനും രൂപം നല്‍കി. പി. ചിദംബരം അധ്യക്ഷനായുള്ള സമിതിയില്‍ മുകുള്‍ വാസ്നിക്, ജയ്റാം രമേശ്, കെ.സി. വേണുഗോപാല്‍, അജയ് മാക്കന്‍, പ്രിയങ്ക ഗാന്ധി, രണ്‍ദീപ് സിംഗ് സുര്‍ജേവാല, സുനില്‍ കാനുഗോളു എന്നിവരാണ് അംഗങ്ങള്‍. ടാസ്‌ക് ഫോഴ്സിലെ ഓരോരുത്തര്‍ക്കും ഓരോ ചുമതല ഉണ്ടാകും. ഇരുസമിതിയിലുമുള്ള ഒരേയൊരാള്‍ കെ.സി. വേണഗോപാലാണ്.

◼️നടിയെ ആക്രമിച്ച കേസ് ഭരണത്തിലെ ഉന്നതബന്ധം ഉപയോഗിച്ച് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതില്‍നിന്ന് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് പിന്‍മാറി. ബഞ്ച് മാറ്റം ആവശ്യപ്പെട്ട് അതിജീവിത അപേക്ഷ നല്‍കിയിരുന്നെങ്കിലും ഹൈക്കോടതി രജിസ്ട്രി തീരുമാനമെടുത്തിരുന്നില്ല. ഇന്ന് ഇതേ ബഞ്ചില്‍ കേസ് ലിസ്റ്റ് ചെയ്തു. നടിയുടെ അഭിഭാഷക വീണ്ടും  ആവശ്യപ്പെട്ടതോടെ പിന്‍മാറുകയാണെന്ന് ജഡ്ജി അറിയിച്ചു.

◼️എല്‍ഡിഎഫ് സര്‍ക്കാരിനെതിരേ അതിജീവിത ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി അക്ഷരാര്‍ത്ഥത്തില്‍ സര്‍ക്കാരിനെ ഞെട്ടിച്ചിരിക്കുകയാണ്. തൃക്കാക്കര തെരഞ്ഞെടുപ്പു നടക്കാന്‍ നാളുകള്‍ മാത്രം ശേഷിച്ചിരിക്കേയാണ് അതിജീവിതയുടെ ഹര്‍ജി. ചലച്ചിത്ര മേളയുടെ ഉദ്ഘാടന വേദിയില്‍ നടിയെ വിളിച്ചുവരുത്തി നേടിയ മികച്ച പ്രതിച്ഛായയിലായിരുന്നു എല്‍ഡിഎഫ് സര്‍ക്കാര്‍. സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കായി പോലീസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളിലൂടെ നടത്തിയ മണ്ടന്‍ പ്രചാരണങ്ങളാണ് സര്‍ക്കാരിനെ വെട്ടിലാക്കിയത്.

◼️വിസ്മയ കേസില്‍ പ്രതി ഭര്‍ത്താവ് കിരണ്‍കുമാറിനു 18 വര്‍ഷം തടവുശിക്ഷ. പന്ത്രണ്ടര ലക്ഷം രൂപ പിഴയും അടയ്ക്കണം. മൂന്നു വകുപ്പുകളിലുള്ള 18 വര്‍ഷത്തെ ശിക്ഷ ഒന്നിച്ച്  പത്തുവര്‍ഷ ജയില്‍വാസമായി അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയില്‍ രണ്ടു ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്കു നല്‍കണം. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് നിലമേല്‍ സ്വദേശിനിയും ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയുമായ വിസ്മയ ആത്മഹത്യ ചെയ്ത കേസിലാണു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണ്‍ കുമാറിനെ ശിക്ഷിച്ചത്. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണു ശിക്ഷ വിധിച്ചത്.

◼️വിസ്മയ കേസില്‍ കുറ്റം നിഷേധിച്ച് പ്രതി കിരണ്‍ കുമാര്‍. തനിക്കു പ്രായം കുറവാണെന്നും ശിക്ഷയില്‍ ഇളവു വേണമെന്നും പ്രതി ആവശ്യപ്പെട്ടു. വിസ്മയ ആത്മഹത്യ ചെയ്തതാണെന്നും താന്‍ നിരപരാധിയാണെന്നും കിരണ്‍ കുമാര്‍ കോടതിയില്‍ പറഞ്ഞു. വിധി പ്രസ്താവിക്കുന്നതിനുമുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് കോടതി ചോദിച്ചപ്പോഴായിരുന്നു കിരണിന്റെ പ്രതികരണം.

◼️വിസ്മയ കേസില്‍ പ്രതിയായ ഭര്‍ത്താവ് കിരണ്‍ കുമാറിന് ലഭിച്ച ശിക്ഷ കുറഞ്ഞുപോയെന്ന് വിസ്മയയുടെ അമ്മ സജിത. ജീവപര്യന്തം ശിക്ഷയാണ് പ്രതീക്ഷിച്ചത്. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും സജിത പ്രതികരിച്ചു. എന്നാല്‍ കിരണ്‍ കുമാറിനു നല്‍കിയ ശിക്ഷയില്‍ തൃപ്തനാണെന്ന് വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായര്‍ പറഞ്ഞു.

◼️വിലക്കയറ്റവും നാണ്യപ്പെരുപ്പവും നിയന്ത്രിക്കാന്‍ കൂടുതല്‍ നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. കൂടുതല്‍ ഉത്പന്നങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം കുറയ്ക്കും. വാണിജ്യ മന്ത്രാലയത്തോട് പ്രധാനമന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

◼️കെഎസ്ആര്‍ടിസിയെ ലാഭത്തിലാക്കാന്‍ ഓരോ യൂണിറ്റിനും ടാര്‍ജറ്റ് നല്‍കി മാനേജുമെന്റ്. പ്രതിമാസ വരുമാനം ശരാശരി 151 കോടി രൂപയില്‍നിന്ന് 240 കോടി രൂപയായി വര്‍ധിപ്പിക്കാനാണു ടാര്‍ജറ്റ് നല്‍കിയത്. നിലവില്‍ പ്രതിദിനം 3800 സര്‍വീസുകളാണുള്ളത്. തിരക്കുകൂടിയ രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസ് സര്‍വീസ് നടത്തണം. സര്‍വീസ് കൂടുന്ന മുറയ്ക്ക് ഓരോ യൂണിറ്റിനും കൂടുതല്‍ ബസുകള്‍ നല്‍കും.

◼️മരടിലെ ഫ്ളാറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ എല്ലാ കക്ഷികളോടും സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഏകാംഗ കമ്മിഷനായി നിയമിതമായ ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷണന്‍. കുറ്റക്കാരെ കണ്ടെത്തുമെന്ന് ജസ്റ്റിസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ പറഞ്ഞു. രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കും. നഷ്ടപരിഹാരം നല്‍കാനുളളതിന്റെ ആദ്യ പടിയായി അനധികൃത നിര്‍മാണത്തിന്റെ ഉത്തരവാദികളെ കണ്ടെത്താന്‍ ഏകാംഗ കമ്മിഷനായി ജസ്റ്റീസ് തോട്ടത്തില്‍ രാധാകൃഷ്ണനെ സുപ്രീം കോടതിയാണ് നിയമിച്ചത്.  

◼️പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ ഫൊറന്‍സിക് തെളിവുകള്‍ ശേഖരിക്കുന്നതായി ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ട് എസ്. ജയദേവ്. മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റി നടന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ കുട്ടിയുടെ ബന്ധുവല്ല. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നുണ്ട്.  

◼️പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കുട്ടി വിളിച്ച വിവാദ മുദ്രാവാക്യം പോപ്പുലര്‍ ഫ്രണ്ടിന്റെ മുദ്രാവാക്യമല്ലെന്ന വിശദീകരണവുമായി സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍. സാമൂഹിക വിപത്ത് ഉണ്ടാക്കുന്നതോ പ്രകോപനപരമായതോ ആയ മുദ്രാവാക്യങ്ങള്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ നിലപാടല്ല. മറ്റാരും ഈ മുദ്രാവാക്യം വിളിച്ചിട്ടില്ല. അദ്ദേഹം പറഞ്ഞു.

◼️പാലക്കാട് അഗളി സ്വദേശി അബ്ജുള്‍ ജലീലിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി യഹിയ അറസ്റ്റില്‍. പെരിന്തല്‍മണ്ണ ആക്കപ്പറമ്പില്‍ ഒളിവിലിരുന്ന വീട്ടില്‍നിന്നാണ് പിടികൂടിയത്. ഒരു കിലോ സ്വര്‍ണമാണ് അബ്ദുള്‍ ജലീലിന്റെ് കൈവശം കൊടുത്തുവിട്ടത്. ഈ സ്വര്‍ണം തിരിച്ചുകിട്ടിയില്ല. വിമാനത്തില്‍ കയറുന്നതിനു മുമ്പേ ജലീല്‍ മറ്റാര്‍ക്കോ കൈമാറിയെന്നാണ് സംശയം.

◼️ഇന്ധനവിലയുടെ എക്സൈസ് ഡ്യൂട്ടി കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ കുറച്ചതോടെ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായി സംസ്ഥാനത്തെ പെട്രോള്‍ പമ്പുടമകള്‍. നികുതി നേരത്തെയടച്ചാണ് പമ്പുടമകള്‍  സ്റ്റോക്കെടുത്തത്. കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് നഷ്ടം നികത്തണമെന്നാണ് പമ്പുടമകളുടെ ആവശ്യം.

◼️ശമ്പളത്തില്‍നിന്ന് പിടിച്ച ഭവന വായ്പ കെഎസ്ആര്‍ടിസി ബാങ്കില്‍ അടക്കാത്തതുമൂലം ബസ് കണ്ടക്ടര്‍ ആലപ്പുഴ കലവൂര്‍ സ്വദേശി രാജീവ് കുമാറിന് ജപ്തി നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളില്‍ വായ്പ മുഴുവന്‍ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്തി ചെയ്യുമെന്നാണ് സഹകരണ ബാങ്കിന്റെ മുന്നറിയിപ്പ്.

◼️ഭക്ഷണം കഴിക്കുന്നതിനിടെ ഇറച്ചിക്കഷ്ണം തൊണ്ടയില്‍ കുടുങ്ങി യുവതി മരിച്ചു. മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എംഎസ്സി സൈക്കോളജി വിദ്യാര്‍ത്ഥിനിയായ ഫാത്തിമ ഹനാന്‍ (22) ആണ് മരിച്ചത്. ചെത്തല്ലൂര്‍ തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ  മകളും ചെമ്മാണിയോട്ട സ്വദേശി ആസിഫിന്റെ ഭാര്യയുമാണ്.

◼️ട്രെയിന്‍ യാത്രയ്ക്കിടെ അഞ്ചംഗ കുടുംബത്തിനു ഭക്ഷ്യവിഷബാധ. മാവേലി എക്സ്പ്രസില്‍ തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയാണ് ഭക്ഷ്യവിഷബാധ.  തിരുവനന്തപുരം സ്വദേശിനി ശ്രീക്കുട്ടി, ദിയ (4), അവന്തിക (9), നിവേദ്യ (9), നിരഞ്ജന (4) എന്നിവരെ തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂകാംബികയില്‍നിന്നും തിരിച്ചു പോകവേ മംഗലാപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് കഴിച്ച ഭക്ഷണമാണു കുഴപ്പമുണ്ടാക്കിയതെന്ന് അവര്‍ പറഞ്ഞു.

◼️മദ്യപിച്ചു സഹോദരനുമായി വഴക്കിട്ട് വൈദ്യുത പോസ്റ്റിലേക്കു വലിഞ്ഞുകയറിയയാള്‍ ഷോക്കേറ്റു മരിച്ചു. തിരുവനന്തപുരം ആര്യനാട് പുനലാല്‍ ചക്കിപ്പാറ കിഴക്കുംകര വീട്ടില്‍ സ്റ്റാന്‍ലി (52) ആണ് മരിച്ചത്.

◼️പാലക്കാട് വാളയാര്‍ ചെക്ക്പോസ്റ്റില്‍ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടെ നിര്‍ത്താതെ മറ്റു വാഹനങ്ങളിലിടിച്ച കാറിലെ ഗുണ്ടാ നേതാവിനെ എക്സൈസുകാര്‍ പിന്തുടര്‍ന്ന് പിടികൂടി.  കാറില്‍ നിന്ന് എക്സൈസ് സംഘം കഞ്ചാവ് കണ്ടെടുത്തു. ഗുണ്ടാപ്പട്ടികയില്‍ ഉള്‍പ്പെട്ട കണ്ടെയ്നര്‍ സാബു, റോജസ് എന്നിവരാണ് പിടിയിലായത്.

◼️കമിതാക്കളുടെ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച രണ്ടു പേരെ അറസ്റ്റു ചെയ്തു. പന്നന്യൂര്‍ സ്വദേശിയായ വിജേഷ്, വടക്കുമ്പാട് മഠത്തും  സ്വദേശി അനീഷ് എന്നിവരെയാണ് പിടികൂടിയത്. തലശ്ശേരി പാര്‍ക്കിലെത്തിയ കമിതാക്കളുടെ രഹസ്യ ദൃശ്യങ്ങളാണ് പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രചരിപ്പിച്ചത്.

◼️മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. സാധാരണ പിണറായി വിജയന്‍ തന്റെ ജന്മദിനം ആഘോഷിക്കാറില്ല. ജന്മ ദിനത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി.

◼️കര്‍ണാടകത്തില്‍ രണ്ടായിരം കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ്. നാലു ഷോപ്പിംഗ് മാളുകളും ഹൈപ്പര്‍മാര്‍ക്കറ്റുകളും ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകളും തുറക്കും. ഇതിനു ലുലു ഗ്രൂപ്പ് കര്‍ണാടക സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചു.

◼️കാഷ്മീര്‍ ഫയല്‍സ് സിനിമയിലൂടെ രാജ്യത്തിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമം നടന്നെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍. അണിയറപ്രവര്‍ത്തകര്‍ക്ക് ബിജെപിയുമായി ബന്ധമുണ്ട്. അയോധ്യ പ്രശ്നത്തിനു പിറകേ, വാരാണസിയില്‍ ജ്ഞാന്‍ വാപി പള്ളിയുടെ പേരില്‍ കലാപമുണ്ടാക്കാനുള്ള ശ്രമാണ്. അവിടെ പള്ളിയും ക്ഷേത്രവും ഉണ്ട്. 400 വര്‍ഷമായി പള്ളി പ്രശ്നമായിരുന്നില്ല. അദ്ദേഹം ചൂണ്ടിക്കാട്ടി.

◼️ഇഖാമ, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 12,458 പ്രവാസികള്‍ സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായി. അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചവരും ഇക്കൂട്ടത്തിലുണ്ട്.

◼️ഐപിഎല്‍ പതിനഞ്ചാം സീസണിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം. ഗുജറാത്ത് ടൈറ്റന്‍സ് ഒന്നാം ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ രണ്ടാമത്തെ ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 480  രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 80 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. 


Post a Comment

Previous Post Next Post