സായാഹ്ന വാർത്തകൾ 25-05-2022 ബുധൻ
◼️അമേരിക്കയിലെ ടെക്സസില്‍ സ്‌കൂളില്‍ വെടിവയ്പ്. 18 കുട്ടികള്‍ അടക്കം 23 പേര്‍ കൊല്ലപ്പെട്ടു. സ്‌കൂള്‍ വിദ്യാര്‍ത്ഥി കൂടിയായ 18 കാരനായ അക്രമിയെ വെടിവച്ചുകൊന്നു. മുത്തശ്ശിയെ കൊന്ന ശേഷമാണ് പ്രതി സ്‌കൂളിലെത്തിയത്. 18 വിദ്യാര്‍ത്ഥികള്‍ക്കു പുറമേ, മൂന്ന് സ്‌കൂള്‍ ജീവനക്കാരും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു. വെടിയുതിര്‍ത്ത വിദ്യാര്‍ഥിയായ സാല്‍വദോര്‍ ഡാമോസിനെ വെടിവച്ചു കൊന്നതോടെ മരണം 23 ആയി. നാളെ  വേനലവധി തുടങ്ങാനിരിക്കേ ആയിരുന്നു ആക്രമണം. വെടിവെപ്പില്‍ പരിക്കേറ്റ് ആശുപത്രികളിലുള്ള കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന.

◼️ജനവാസമേഖലകളില്‍ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക്. വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാന്‍ തദ്ദേശ സ്ഥാപന അധ്യക്ഷന് അധികാരം നല്‍കി. തദ്ദേശ സ്ഥാപന അധ്യക്ഷന്മാര്‍ക്ക് ഓണററി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പദവി നല്‍കും. മന്ത്രിസഭായോഗമാണു തീരുമാനമെടുത്തത്. പഞ്ചായത്ത് പ്രസിഡന്റ്, നഗരസഭാ ചെയര്‍മാന്‍ തുടങ്ങിയവര്‍ക്ക് അതാതു പ്രദേശങ്ങളിലെ സാഹചര്യമനുസരിച്ച് പന്നിയെ വെടിവച്ചിടാന്‍ ഉത്തരവിടാം.

◼️നടിയെ ആക്രമിച്ച കേസിന്റെ പുനരന്വേഷണത്തിനുള്ള സമയപരിധി നീട്ടില്ലെന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സിയാദ് റഹ്‌മാന്‍. നേരത്തെ നീട്ടിനല്‍കിയ സമയപരിധി ഈ മാസം മുപ്പതിന് അവസാനിക്കും. അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്നു കോടതിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അങ്ങനെ ആവശ്യപ്പെടാനാവില്ലെന്നു കോടതി. അതിജീവിതയ്ക്കു നീതി ഉറപ്പാക്കാന്‍ അവര്‍ ആവശ്യപ്പെട്ട പ്രോസിക്യൂട്ടറെയാണ് നിയോഗിക്കുന്നത്. അതിജീവിതയുടെ ഭീതി അനാവശ്യമാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സ് അറിയിച്ചു.

◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ഉടന്‍ അവസാനിപ്പിക്കേണ്ടെന്നു സംസ്ഥാന സര്‍ക്കാര്‍. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കി നടി ഹര്‍ജി സമര്‍പ്പിച്ചിരിക്കേയാണ് തീരുമാനം. അന്വേഷണം ഈ മാസം 30 നകം അവസാനിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചതായിരുന്നു. സമ്മര്‍ദത്തിലായതോടെ കുറ്റപത്രം നല്‍കാന്‍ സാവകാശം തേടും. കേസില്‍ ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമെന്നെല്ലാം പറഞ്ഞിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.  

◼️കാര്‍ഷികാവശ്യങ്ങള്‍ക്ക് പട്ടയം നല്‍കിയ ഭൂമിയില്‍ നിര്‍മാണങ്ങള്‍ തടഞ്ഞ് ഹൈക്കോടതി. ഈ ഭൂമിയില്‍ ക്വാറികള്‍ പാടില്ല, റിസോര്‍ട്ടടക്കമുള്ള മറ്റ് നിര്‍മാണങ്ങളും ഹൈക്കോടതി തടഞ്ഞു.

◼️അരി, പച്ചക്കറി വിലക്കയറ്റം നേരിടാന്‍ സര്‍ക്കാര്‍. ജയ അരി റേഷന്‍ കടകളിലൂടെ നല്‍കും. അരിയും പച്ചക്കറിയും എത്തിക്കുന്ന അയല്‍ സംസ്ഥാനങ്ങളിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ ആന്ധ്രപ്രദേശ് സന്ദര്‍ശിക്കും. മഴ, വൈദ്യുതി പ്രതിസന്ധി, പ്രോസസിംഗ് ചാര്‍ജിലും ഗതാഗതച്ചെലവിലുമുള്ള വര്‍ധന എന്നിവയാണ് വിലക്കയറ്റത്തിനു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.


◼️ബെന്നിച്ചന്‍ തോമസിനെ വനം വകുപ്പ് മേധാവിയായി നിയമിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. നിലവിലെ വനം വകുപ്പ് മേധാവി ഈ മാസം വിരമിക്കുകയാണ്. മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ വിവാദ മരംമുറി കേസില്‍ ബെന്നിച്ചന്‍ തോമസ് ആരോപണ വിധേയനായിരുന്നു. അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റമുക്തനാക്കിയാണ് നിയമന ശുപാര്‍ശ നല്‍കിയത്.

◼️വടക്കാഞ്ചേരി ലൈഫ് മിഷന്‍ കേസില്‍ അന്വേഷണം തുടരാന്‍ സിബിഐ. കേസില്‍ ഉള്‍പ്പെട്ടവരെ ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സരിത്തിന് നോട്ടീസ് അയച്ചു. പ്രതിയായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ നേരത്തെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നിര്‍മ്മാണ കരാര്‍ നേടാന്‍ കോഴ കൊടുത്തെന്ന് സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. എം ശിവശങ്കര്‍, സ്വപ്ന സുരേഷ് എന്നിവരെയും ചോദ്യം ചെയ്യും.

◼️ബലാത്സംഗ പരാതിയില്‍, നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും പ്രതി വിജയ് ബാബു ഹൈക്കോടതിക്കു കൈമാറി. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നു സ്ഥാപിക്കാനാണു ഇവ കോടതിക്കു കൈമാറിയത്. മാര്‍ച്ച് 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റിലും മാര്‍ച്ച് 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലിലും പീഡിപ്പിച്ചെന്നാണ് പരാതി. തന്റെ ബ്യൂട്ടി ക്ളിനിക്കില്‍ നടി ഏപ്രില്‍ 12 ന് എത്തി ഭാര്യയുമായി സംസാരിച്ചതിന്റെ സി.സി. ടി.വി ദ്യശ്യങ്ങളുണ്ടെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

◼️വെള്ളിയാഴ്ചയോടെ കാലവര്‍ഷം തുടങ്ങും. ഇന്നു പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കാലവര്‍ഷത്തിന് മുന്നോടിയായി പടിഞ്ഞാറന്‍ കാറ്റ് അനുകൂലമാകുന്നതാണ് മഴയ്ക്കു കാരണം. തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

◼️വിദ്വേഷ പ്രസംഗ കേസില്‍ പി.സി ജോര്‍ജ് ഇന്നു വൈകുന്നേരം പാലാരിവട്ടം പൊലീസില്‍ ഹാജരായി ജാമ്യമെടുക്കും. ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരുന്നു. അതേസമയം മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജിന്റെ ജാമ്യം റദ്ദാക്കണമെന്ന പൊലീസിന്റെ അപേക്ഷയില്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.

◼️നടി ആക്രമിക്കപ്പെട്ട കേസ് സര്‍ക്കാര്‍ തന്നെ അട്ടിമറിക്കുകയാണെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ രാഷ്ട്രീയ പോര്.  തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഈ വിഷയം ചര്‍ച്ചയാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. എന്നാല്‍ കേസ് രാഷ്ട്രീയമായി ഉപയോഗിച്ചിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. പല കാര്യങ്ങളില്‍നിന്നും പ്രോസിക്യൂഷന്‍ പിന്‍വാങ്ങിയിരിക്കേ സംശയം സ്വാഭാവികമാണെന്നും സതീശന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരില്‍നിന്നു നീതി കിട്ടില്ലെന്ന് ഉറപ്പായതുകൊണ്ടാണ് നടി ഹൈക്കോടതിയെ സമീപിച്ചതെന്നു രമേശ് ചെന്നിത്തയും പ്രതികരിച്ചു.

◼️നടിയെ ആക്രമിച്ച കേസില്‍ മുന്‍ മന്ത്രി എം.എം മണിയുടെ പ്രതികരണത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. 'വണ്‍, ടു, ത്രീ.. ചത്തവന്റെ വീട്ടില്‍ കൊന്നവന്റെ പാട്ട്' എന്ന തലക്കെട്ടോടെ ഫേസ് ബുക്ക് കുറിപ്പിലാണ് തിരുവഞ്ചൂരിന്റെ വിമര്‍ശനം. മലയാളികളുടെ മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തെ നിസാരവത്കരിച്ച് പറയാനുള്ള മനസിനെ സമ്മതിക്കണമെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

◼️നടിയെ പീഡിപ്പിച്ചെന്ന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സാഹിത്യകാരി സാറാ ജോസഫ്. അതിജീവിതയ്ക്കൊപ്പംതന്നെ, അഞ്ചു വര്‍ഷമായിട്ടും നീതി കിട്ടിയില്ല. നീതിയുടെ ഭാഗമായിട്ടാകും അന്വേഷണം അവസാനിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ കുറിച്ചു.

◼️യുഡിഎഫ് കാലത്ത് പാലത്തില്‍ വിള്ളലുണ്ടായാല്‍ പ്രതി പൊതുമരാമത്ത് മന്ത്രി; എല്‍ഡിഎഫ് ഭരണകാലത്തു പാലം തകര്‍ന്നാല്‍ മന്ത്രിയായ മരുമകന്‍ പ്രതിയല്ല. പ്രതി ഹൈഡ്രോളിക് ജാക്കിയാണെന്നു കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. മലപ്പുറം- കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലം തകര്‍ന്നതിനെ പരാമര്‍ശിച്ചാണ് വിമര്‍ശനം. 28 വാഹനങ്ങളും ആംബുലന്‍സുമായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

◼️കരിപ്പൂരില്‍ ഒന്നരക്കോടി രൂപ വില വരുന്ന രണ്ടേ മുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം പൊലീസ് പിടികൂടി. ബഹ്റിനില്‍നിന്നു എയര്‍ ഇന്ത്യാ എക്സ്പ്രസില്‍ എത്തിയ  ബാലുശ്ശേരി സ്വദേശി അബ്ദുസലാമില്‍നിന്നാണ് സ്വര്‍ണം പിടിച്ചത്. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയശേഷമാണ് പൊലീസ് സ്വര്‍ണം പിടികൂടിയത്.

◼️കോഴിക്കോട് എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയില്‍. മെഡിക്കല്‍ കോളജ് സ്വദേശി തയ്യില്‍ വീട്ടില്‍ ഫാസില്‍ (27) ചെലവൂര്‍ സ്വദേശി പൂവത്തൊടികയില്‍ ആദര്‍ശ് സജീവന്‍ (23) എന്നിവരാണ് പിടിയിലായത്. 36 ഗ്രാം എംഡിഎംഎയും അളന്ന് വില്‍പന നടത്തുന്നതിനായി ഉപയോഗിക്കുന്ന പോക്കറ്റ് ത്രാസും പായ്ക്ക് ചെയ്യുന്ന ചെറിയ കവറുകളും കാറും പിടിച്ചെടുത്തു.

◼️യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തച്ചിങ്ങനാടം അരീച്ചോല പൂവത്തി വീട്ടില്‍ ഇര്‍ഷാദിന്റെ ഭാര്യ നുസ്‌റത്ത് (22) ആണ് മരിച്ചത്. നാലു വര്‍ഷം മുമ്പായിരുന്നു വിവാഹം. മൂന്നു വയസുള്ള മകളുണ്ട്. ഇര്‍ഷാദ് രണ്ടു മാസം മുമ്പാണ് ജോലി തേടി ഒമാനിലേക്കു പോയത്. പൂന്താനം പടിഞ്ഞാറെതില്‍ ഹംസ-ലൈല ദമ്പതികളുടെ മകളാണ് മരിച്ച നുസ്‌റത്ത്.

◼️ഇടുക്കിയിലെ കൂട്ടാറില്‍ വെല്‍ഡിംഗ് ജോലിക്കിടെ മകന്‍ മരിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അമ്മ ശോഭന പരാതി നല്‍കി. ഏപ്രില്‍ പത്താം തിയതി  അയല്‍വാസിയുടെ വീട്ടില്‍ വെല്‍ഡിംഗ് ചെയ്യുന്നതിനിടെയാണ് കൂട്ടാര്‍ സ്വദേശി അനൂപിന് ഷോക്കേറ്റത്. അയല്‍വാസിയായ ഗോപി എന്നയാളുടെ വീട്ടിലെ പട്ടിക്കൂട് നിര്‍മ്മിക്കുന്നതിനിടെയായിരുന്നു അപകടം.
ആറുമാസം മുമ്പാണ് ഭര്‍ത്താവ് മരിച്ചത്. ഓഗസ്റ്റില്‍ വിദേശത്തു ജോലിക്കു പോകാനിരിക്കെയാണ് അപകടമുണ്ടായത്.

◼️മലപ്പുറം കരുളായി വനത്തില്‍നിന്ന് കാട്ടുപോത്തിനെ വേട്ടയാടി മാംസം കടത്തിയ കേസില്‍ മൂന്നു പേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. മൂത്തേടം ഉച്ചക്കുളം കോളനിയിലെ വിജയന്‍ (45), തീക്കടി കോളനിയിലെ വിനോദ് (36), കാരപ്പുറം വെള്ളുവമ്പാലി മുഹമ്മദാലി (35) എന്നിവരെയാണ് പിടികൂടിയത്.

◼️ലോകാരോഗ്യ സംഘടനയുടെ പുരസ്‌കാരം കിട്ടിയെങ്കിലും ആശാ വര്‍ക്കര്‍മാര്‍ക്കു ഓണറേറിയം നല്‍കാതെ സര്‍ക്കാര്‍. ആറായിരം രൂപയാണ് ഓണറേറിയം. രണ്ടു മാസത്തെ കുടിശികയുണ്ടെന്നാണ് ആശാ വര്‍ക്കര്‍മാര്‍ പറയുന്നത്.  

◼️കേരളത്തില്‍ എന്‍സിപിക്ക് ഒരു ലോക്സഭാ സീറ്റോ രാജ്യസഭാ സീറ്റോ വേണമെന്ന് ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാര്‍. കെ.വി. തോമസിനെ എന്‍സിപിയിലേക്ക് ശരദ് പവാര്‍ സ്വാഗതം ചെയ്തു. കെവി തോമസുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു പവാര്‍.

◼️ഐപിഎല്ലില്‍ വാതുവയ്പു നടത്തി നിക്ഷേപകരുടെ ഒരു കോടി രൂപ തുലച്ച മധ്യപ്രദേശിലെ പോസ്റ്റ്മാസ്റ്റര്‍ അറസ്റ്റിലായി. 12 കുടുംബങ്ങള്‍ സബ് പോസ്റ്റ് ഓഫീസില്‍ സ്ഥിരനിക്ഷേപം നടത്താന്‍ നല്‍കിയ പണമാണ് ഇയാള്‍ വാതുവെപ്പിനായി  ദുരുപയോഗിച്ചത്. സാഗര്‍ ജില്ലയിലെ ബിന സബ് പോസ്റ്റ് ഓഫീസ് പോസ്റ്റ്മാസ്റ്റര്‍ വിശാല്‍ അഹിര്‍വാറിനെയാണ് അറസ്റ്റു ചെയ്തത്.

◼️മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ രാജിവച്ച് സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. സമാജ് വാദി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യുപിയില്‍ നിന്നാണ് മത്സരിക്കുക. സമാജ് വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി കപില്‍ സിബല്‍ കൂടിക്കാഴ്ച നടത്തി.

◼️ഒഡിഷയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് ആറു മരണം. 45 പേര്‍ക്ക് പരിക്ക്. 15 പേരുടെ നില ഗുരുതരമാണ്. ഫുല്‍ബാനിയില്‍ നിന്ന് മടങ്ങുകയായിരുന്ന ബസ് കലിംഗ ഗഡിന് സമീപമാണ് അപകടത്തില്‍പെട്ടത്.  

◼️മതവിദ്വേഷത്തിന്റെ പേരില്‍ കൈ വെട്ടിമാറ്റി, ലൈംഗികക്കുറ്റം ചുമത്തുകയും ചെയ്ത മുസ്ലീം യുവാവ് കുറ്റക്കാരനല്ലെന്ന് കോടതി. ഒരു സംഘം ആളുകള്‍ 29 കാരന്‍ ഇഖ്ലാഖ് സല്‍മാന്റെ കൈ വെട്ടിമാറ്റിയതില്‍ ഇയാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. പ്രതികാരമായാണ് ഇയാള്‍ക്കെതിരെ ആണ്‍കുട്ടിയെക്കൊണ്ട് ലൈംഗികാരോപണ പരാതി നല്‍കിച്ചത്. ഉത്തര്‍പ്രദേശിലെ പാനിപ്പറ്റിലാണു സംഭവം. കള്ളക്കേസാണെന്നു കണ്ടെത്തി ഇഖ്ലഖ് സല്‍മാനെ കോടതി വെറുതെ വിട്ടു.

◼️ജമ്മു കശ്മീര്‍ ബാരാമുള്ളയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. മൂന്നു പാകിസ്ഥാന്‍ ഭീകരരെ സുരക്ഷാ സേന വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങളും വെടിയുണ്ടകളും പിടിച്ചെടുത്തു.

◼️സുഹൃത്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തിയതിന്റെ പേരില്‍ ഭാര്യ സുഹൃത്തുക്കളുമായി ചേര്‍ന്ന് ഭര്‍ത്താവിന്റെ തലയറുത്തു. പശ്ചിമബംഗാളിലെ ഹൂഗ്ലിയിലാണ് സംഭവം. മരിച്ചയാളുടെ ഭാര്യയെയും സുഹൃത്തിനെയും സുഹൃത്തിന്റെ ഭര്‍ത്താവിനെയും അറസ്റ്റ് ചെയ്തു. ശുഭജ്യോതി ബസു എന്ന 25 കാരനാണു കൊല്ലപ്പെട്ടത്. ഭാര്യ പൂജ, സുഹൃത്ത് ശര്‍മ്മിഷ്ഠ, ഭാസ്‌കര്‍ അധികാരി, സുഹൃത്തിന്റെ ഭര്‍ത്താവ് സുവീര്‍ അധികാരി എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

◼️സ്‌കൂളില്‍ 23 പേര്‍ കൊല്ലപ്പെട്ട വെടിവയ്പില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. അക്രമങ്ങളില്‍ മനംമടുത്തെന്നും ഇത്ര വലിയ കൂട്ടക്കുരുതി നടന്നിരിക്കേ, തോക്കു മാഫിയക്കെതിരേ നടപടി എടുക്കുമെന്നും ജോ ബൈഡന്‍ രാജ്യത്തോടു അഭിസംബോധന ചെയ്യവേ പറഞ്ഞു.

◼️ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രജ്ഞാനന്ദ ചെസ്സബിള്‍ മാസ്റ്റേഴ്‌സ് ഓണ്‍ലൈന്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമി ഫൈനലില്‍ നെതര്‍ലന്‍ഡ്‌സിന്റെ അനിഷ് ഗിരിയെ പരാജയപ്പെടുത്തിയാണ് പ്രജ്ഞാനന്ദ ഫൈനലിലെത്തിയത്. ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ഡിങ് ലിറെനാണ് പ്രജ്ഞാനന്ദയുടെ എതിരാളി. സെമിയില്‍ മാഗ്നസ് കാള്‍സണെ അട്ടിമറിച്ചാണ് ഡിങ് ലിറെന്‍ ഫൈനലിലെത്തിയത്.

◼️ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് 7.30 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇന്നത്തെ മത്സരത്തില്‍ തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം വെള്ളിയാഴ്ചത്തെ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സുമായി ഏറ്റുമുട്ടും.

◼️സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 120  രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38320 രൂപയാണ്. ഇന്നലെ 480 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. മെയ് ആദ്യവാരത്തില്‍ ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില മെയ് പകുതിയായപ്പോള്‍ ഉയര്‍ന്ന് തുടങ്ങിയിരുന്നു. ഒരാഴ്ചയ്ക്കിടയില്‍ 1320 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് നിലവില്‍ സ്വര്‍ണ വ്യാപാരം നടക്കുന്നത്.

◼️സേവിംഗ്‌സ് അക്കൗണ്ട് പലിശ നിരക്കുകളില്‍ മാറ്റം വരുത്തി യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ. ജൂണ്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഇതുപ്രകാരം 50 ലക്ഷം രൂപ വരെയുള്ള സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളുടെ നിരക്ക് പുതുക്കി 2.75 ശതമാനമാക്കി. നിലവില്‍ നല്‍കിയിരുന്നത് 2.90 ശതമാനമായിരുന്നു. ബാങ്ക് നിക്ഷേപ പലിശ നിരക്കും ഉയര്‍ത്തിയിട്ടുണ്ട്. 100 കോടി രൂപ മുതല്‍ 500 കോടി രൂപ വരെയുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്ക് 2.90 ശതമാനത്തില്‍ നിന്നും 3.10 ശതമാനമായാണ് ഉയര്‍ത്തിയത്. അഞ്ഞൂറു കോടി രൂപ മുതല്‍ 1000 കോടി രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 3.40 ശതമാനം പലിശ ലഭിക്കും. ആയിരം കോടിക്ക് മുകളിലാണ് നിക്ഷേപമെങ്കില്‍ പലിശ നിരക്ക് 3.55 ശതമാനമാണ്. ഈ നിക്ഷേപങ്ങളുടെ നിലവിലെ പലിശ നിരക്ക് 2.90 ശതമാനമായിരുന്നു.

◼️നെറ്റ്ഫ്ലിക്സിന്റെ  ഇതുവരെയുള്ള ഫിലിം പ്രൊഡക്ഷനുകളില്‍ ഏറ്റവും പണച്ചെലവുള്ള ഒന്നാണ് ഗ്രേ മാന്‍. 'അവഞ്ചേഴ്സ്: എന്‍ഡ്ഗെയിം' അടക്കം ഹോളിവുഡിലെ പണംവാരിപ്പടങ്ങളുടെ സംവിധായകരായ റൂസോ ബ്രദേഴ്സ് അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി ധനുഷ് ഉണ്ടെന്ന വിവരം ഇന്ത്യന്‍ സിനിമാ പ്രേമികള്‍ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചിരുന്നത്. ഇപ്പോഴിതാ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ലിക്സ്. ഒരു നിമിഷം പോലും കണ്ണെടുക്കാന്‍ തോന്നിപ്പിക്കാത്ത ചടുലതയിലാണ് ട്രെയ്ലര്‍ പാക്ക് ചെയ്യപ്പെട്ടിരിക്കുന്നത്. മാര്‍ക് ഗ്രിയാനെയുടെ 2009ല്‍ പുറത്തിറങ്ങിയ നോവലിനെ അധികരിച്ചുള്ളതാണ് സിനിമ.

◼️ആമിര്‍ ഖാന്‍ നായകനായെത്തുന്ന 'ലാല്‍ സിംഗ് ഛദ്ദ'യുടെ ട്രെയ്ലര്‍ ഐപിഎല്‍ ഇടവേളയില്‍ റിലീസ് ചെയ്യും. മേയ് 29ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്ന ഐപിഎല്‍ ഫൈനല്‍ വേദിയില്‍ അവസാനപോരാട്ടത്തിലാണ് ട്രെയ്‌ലര്‍ റിലീസ് ചെയ്യുക. ഫൈനല്‍ മത്സരത്തിലെ ഒന്നാം ഇന്നിംഗ്‌സിലെ രണ്ടാമത്തെ സ്ട്രാറ്റജിക്ക് ടൈം ഔട്ടില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിലൂടെയും ട്രെയ്ലര്‍ എത്തും. ഇതിനൊപ്പം തന്നെ 'ക്രിക്കറ്റ് ലൈവ്' അവതാരകനായും ആമിര്‍ഖാനുണ്ടാകും. നവാഗതനായ അദ്വൈത് ചന്ദാണ് ചിത്രത്തിന്റെ സംവിധാനം. കരീന കപൂറാണ് നായിക. തുല്‍ കുല്‍ക്കര്‍ണിയാണ് തിരക്കഥ. ഇന്ത്യയില്‍ ദില്ലി, രാജസ്ഥാന്‍, ചണ്ഡിഗഡ്, അമൃത്സര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

◼️ഐക്കണിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് 2022 ട്രയംഫ് ടൈഗര്‍ 1200 ഇന്ത്യയില്‍ അവതരിപ്പിച്ചു. പ്രോ വേരിയന്റുകളും (ജിടി പ്രോയും റാലി പ്രോയും) അതുപോലെ ലോംഗ്-റേഞ്ച് (30ലിറ്റര്‍ ടാങ്ക്) വേരിയന്റുകളും (ജിടി എക്സ്പ്ലോറര്‍, റാലി എക്സ്പ്ലോറര്‍) എന്നിങ്ങനെയാണ് വാഹനം ഇന്ത്യയില്‍ എത്തുന്നത്. ശ്രേണിയുടെ വില 19.19 ലക്ഷം രൂപ മുതലാണ് (എക്സ്-ഷോറൂം) ആരംഭിക്കുന്നത്. ട്രയംഫ് ടൈഗര്‍ ശ്രേണിയില്‍ ടൈഗര്‍ സ്‌പോര്‍ട്ട് 660, ടൈഗര്‍ 850 സ്‌പോര്‍ട്ട് , ടൈഗര്‍ 900 ജിടി , ടൈഗര്‍ 900 റാലി, ടൈഗര്‍ 900 റാലി പ്രോ, ടൈഗര്‍ 1200 ജിടി പ്രോ, ടൈഗര്‍ 1200 റാലി പ്രോ, ടൈഗര്‍ 1200 റാലി പ്രോ, ടൈഗര്‍ 120 എന്നിങ്ങനെ 9 മോഡലുകള്‍ ഉള്‍പ്പെടുന്നു. ഒപ്പം ടൈഗര്‍ 1200 റാലി എക്സ്പ്ലോററും.

◼️മലയാളകവിതയിലെ നിത്യപൗര്‍ണ്ണമിയായ എസ് രമേശന്‍ നായരുടെ കവിതളിലൂടെയുള്ള ഒരു തീര്‍ത്ഥയാത്ര. കവിയോടൊപ്പം കൈ പിടിച്ചു നടത്തുന്ന ആഖ്യാനം. അനുപമമായ ഭാഷ. 'കവിപൗര്‍ണ്ണമി'. കാവാലം ശശികുമാര്‍. വേദ ബുക്സ്. വില 190 രൂപ.

◼️വ്യായാമമില്ലായ്മ അടക്കം കായികമായ അധ്വാനങ്ങള്‍ കുറയുന്നതും ഇരുന്നുള്ള ജോലിയും ദീര്‍ഘനേരം ഗാഡ്ഗെറ്റുകളിലോ മറ്റ് ഉപകരണങ്ങളിലോ സമയം ചെലവിടുന്നതുമെല്ലാം ആരോഗ്യത്തിന് വലിയ വെല്ലുവിളിയാകുന്നു. ദീര്‍ഘനേരം, അതായത് മണിക്കൂറുകളോളം ടിവി കാണുന്നതോ ലാപ്ടോപ്/ സ്‌ക്രീന്‍ നോക്കിയിരിക്കുന്നതോ കൊറോണറി ഹാര്‍ട്ട് രോഗത്തിലേക്ക് നയിക്കാന്‍ സാധ്യതയുണ്ടെന്ന് പഠനം. ഹോങ്കോങിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരാണ് പഠനത്തിന് പിന്നില്‍. ഏതാണ്ട് അഞ്ച് ലക്ഷത്തിലധികം പേരെ അവരുടെ ജനിതക ഘടകങ്ങള്‍ അവരെ നയിക്കുന്ന രോഗങ്ങളും അതല്ലാതെ പിടിപെടാന്‍ സാധ്യതയുള്ള രോഗങ്ങളുമാണ് ഇവര്‍ പരിശോധിച്ചത്. ദീര്‍ഘനേരം ടിവി/കംപ്യൂട്ടര്‍/സ്‌ക്രീന്‍ ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ് അത്രയും നേരം ശാരീരികമായി ഒന്നും ചെയ്യാതെ ഇരിക്കുന്നു എന്നതാണ് ഇതിലെ അപകടം. ദിവസത്തില്‍ നാല് മണിക്കൂറിന് മുകളില്‍ ടിവി/കംപ്യൂട്ടര്‍/സ്‌ക്രീന്‍ ഉപയോഗം നടത്തുന്നവരില്‍ ആണ് ഹൃദ്രോഗസാധ്യത കൂടുതലുള്ളതായി പഠനം ചൂണ്ടിക്കാട്ടുന്നത്. രണ്ട് മുതല്‍ മൂന്ന് മണിക്കൂര്‍ വരെ ഉപയോഗിക്കുന്നവരാണെങ്കില്‍ ഇതില്‍ നിന്ന് ആറ് ശതമാനത്തോളം സാധ്യത കുറയുമത്രേ. ഒരു മണിക്കൂറില്‍ താഴെ മാത്രം ഉപയോഗമുള്ളവര്‍ക്കാണെങ്കില്‍ ഇത്തരത്തില്‍ ഹൃദ്രോഗം പിടിപെടാനുള്ള സാധ്യതയെ 11 ശതമാനമെങ്കിലും കുറയ്ക്കാനാകുമെന്നും പഠനം പറയുന്നു. 'ബിഎംസി മെഡിസിന്‍' എന്ന പ്രമുഖ ആരോഗ്യപ്രസിദ്ധീകരണത്തിലാണ് പഠനത്തിന്റെ വിശദാംശങ്ങള്‍ വന്നിട്ടുള്ളത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 77.51, പൗണ്ട് - 97.18, യൂറോ - 82.82, സ്വിസ് ഫ്രാങ്ക് - 80.61, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 54.99, ബഹറിന്‍ ദിനാര്‍ - 205.65, കുവൈത്ത് ദിനാര്‍ -253.46, ഒമാനി റിയാല്‍ - 201.34, സൗദി റിയാല്‍ - 20.67, യു.എ.ഇ ദിര്‍ഹം - 21.10, ഖത്തര്‍ റിയാല്‍ - 21.29, കനേഡിയന്‍ ഡോളര്‍ - 60.40. 

 

Post a Comment

Previous Post Next Post