സായാഹ്ന വാർത്തകൾ 27-05-2022 വെള്ളി
◼️നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്നാരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ബുധനാഴ്ചത്തേക്കു മാറ്റി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ കഴിഞ്ഞ ദിവസം സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു. തൃക്കാക്കരയിലെ വോട്ടെടുപ്പു കഴിഞ്ഞേ ഹര്‍ജി പരിഗണിക്കൂ.

◼️നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസംകൂടി സമയം നീട്ടി ചോദിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്. തെളിവുകള്‍ ശേഖരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും.

◼️വിദേശത്ത് ഒളിവിലുള്ള വിജയ് ബാബുവിന് പണത്തിനായി ക്രഡിറ്റ് കാര്‍ഡ് എത്തിച്ചുകൊടുത്ത യുവനടിയെ പൊലീസ് ചോദ്യം ചെയ്യും. ദുബായില്‍ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാര്‍ഡ് കൈമാറിയത്. വിജയ് ബാബുവിന്റെ സിനിമ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസില്‍ പ്രവര്‍ത്തിക്കുന്ന നടിയാണ് കാര്‍ഡുകള്‍ കൈമാറിയത്.

◼️വ്യാജ വീഡിയോ നിര്‍മിച്ച് തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെ  അപമാനിച്ചെന്ന പരാതിയില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പട്ടാമ്പി സ്വദേശി ഷുക്കൂറാണ് അറസ്റ്റിലായത്. ഇയാള്‍ കോണ്‍ഗ്രസ് മണ്ഡലം മുന്‍ ഭാരവാഹിയാണ്. പാലക്കാട് സ്വദേശി ശിവദാസന്‍ എന്നയാളെ ഇന്നലെ അറസ്റ്റു ചെയ്തിരുന്നു.

◼️എസ്എന്‍ഡിപി യോഗം ബൈലോ പരിഷ്‌ക്കരണം ഹൈക്കോടതി അനുവദിച്ചു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയിലേക്ക് അധികാരം കേന്ദ്രീകരിക്കുന്നതിനെതിരേ എറണാകുളം ജില്ലാ കോടതിയുടെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ജില്ലാ കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ നടപടി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.

◼️തകര്‍ന്നുവീണ കൂളിമാട് പാലത്തിന്റെ നിര്‍മാണം പുനരാരംഭിക്കാനുള്ള ഊരാളുങ്കല്‍ സൊസൈറ്റിയുടെ നിര്‍ദ്ദേശം പൊതുമരാമത്ത്-ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് തള്ളി. അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ചശേഷം നിര്‍മാണം തുടങ്ങിയാല്‍ മതിയെന്നാണു മന്ത്രിയുടെ നിര്‍ദ്ദേശം. പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് വിഭാഗമാണ് അപകടം സംബന്ധിച്ച് അന്വേഷണം നടത്തുന്നത്.

◼️ജയിലിലായ ജനപക്ഷം നേതാവ് പിസി ജോര്‍ജ്ജിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ആശുപത്രി ബ്ലോക്കില്‍ പ്രവേശിപ്പിച്ചു. ആരോഗ്യപ്രശ്നങ്ങള്‍മൂലമാണ് ആശുപത്രി ബ്ലോക്കിലേക്കു മാറ്റിയത്. രാത്രി തടവുപുള്ളികള്‍ക്കു നല്‍കുന്ന ചപ്പാത്തിയും കറിയുമാണ് ജോര്‍ജ് കഴിച്ചത്.

◼️തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ഥിക്കു ഷിഗല്ല രോഗ ബാധ സ്ഥിരീകരിച്ചു. ഹോസ്റ്റലുകളിലും സമീപത്തെ ഹോട്ടലുകളിലും ആരോഗ്യ വകുപ്പു പരിശോധന നടത്തി. പഴകിയ ഭക്ഷണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരു ബേക്കറി പൂട്ടിച്ചു.

◼️താമരശ്ശേരി ചുങ്കത്ത് യുവാവ് അപകടത്തില്‍ മരിച്ചതിനു പിറകില്‍ ക്വട്ടേഷന്‍ സംഘം. ബന്ധുക്കളുടെ ആരോപണം ശരിവച്ചുകൊണ്ട് ശബ്ദസന്ദേശം പുറത്ത്. മരിച്ച ഫൈറൂസിന്റെ സുഹൃത്തിന് ഇന്‍സ്റ്റഗ്രാം വഴിയാണ് ശബ്ദ സന്ദേശം ലഭിച്ചത്. ഫൈറൂസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ''ഫൈറൂസിന് അടികിട്ടി. അവന്‍ ചെയ്ത പണി ആര്‍ക്കും മനസിലാകില്ലെന്ന് കരുതിയോ? ഇനി അടുത്തത് ആഷിക് ' എന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്. ആരാണ് സന്ദേശമയച്ചതെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

◼️കോഴിക്കോട് - കൊയിലാണ്ടി ദേശീയ പാതയില്‍ പൊയില്‍ക്കാവില്‍ കാറും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍ ചക്കരക്കല്ല് എച്ചൂര്‍ സ്വദേശി ശശി യുടെ മകന്‍ ശരത്ത് (32), തലമുണ്ട വലിയ വളപ്പില്‍ രാജന്റെ മകന്‍ നിജീഷ് (36) എന്നിവരാണ് മരിച്ചത്.

◼️ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിവാദ മുദ്രാവാക്യങ്ങള്‍ വിളിച്ചതില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. റാലി നടത്തിയ സംഘാടകര്‍ക്കെതിരെ നടപടി വേണം. റാലിക്കെതിരെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഈ പരാമര്‍ശം.

◼️എയ്ഡഡ് സ്‌കൂള്‍ നിയമനങ്ങള്‍ പിഎസി സിക്കു വിടാന്‍ തീരുമാനിച്ചിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വശങ്ങളും പരിശോധിച്ചുമാത്രമേ തീരുമാനമെടുക്കൂ. അദ്ദേഹം പറഞ്ഞു.

◼️നവീകരിച്ച മധുര -തേനി റയില്‍ പാതയില്‍ ട്രെയിന്‍ ഓടിത്തുടങ്ങി. മധുരയില്‍നിന്നും രാവിലെ 8.30 ന് തിരിച്ച ട്രെയിന്‍ 9.35 ന് തേനിയിലെത്തി. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിന്‍ സര്‍വീസ് ഉദ്ഘാടനം ചെയ്തത്. തേനിയില്‍ ട്രെയിന്‍ എത്തിയതോടെ ഇടുക്കി ഹൈറേഞ്ചിലെ പീരുമേട്, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ജനങ്ങള്‍ക്ക് പ്രയോജനമാകും. തേനിയില്‍നിന്ന് ബോഡിനായ്ക്കന്നൂരിലേക്കുള്ള 17 കിലോമീറ്റര്‍ പാതകൂടി പൂര്‍ത്തീകരിച്ചാല്‍ മൂന്നാറിലേക്കുള്ള യാത്ര എളുപ്പമാകും.

◼️സൈക്കിള്‍ ആരോ മോഷ്ടിച്ചെന്നു പരാതി നല്‍കിയ ഒമ്പതാം ക്ലാസുകാരന് പുതിയ സൈക്കിള്‍ വാങ്ങി നല്‍കി തൃശൂര്‍ മണ്ണുത്തി പൊലീസ്. മണ്ണുത്തിയിലെ അര്‍ഷദിനാണ് പൊലീസുകാര്‍ പിരിവിട്ട് സൈക്കിള്‍ വാങ്ങിക്കൊടുത്തത്. സൈക്കിള്‍ മോഷ്ടാവിനെ കണ്ടെത്താനുള്ള ശ്രമം തുടരുമെന്നും പൊലീസ് പറഞ്ഞു.

◼️പുതിയ ബൈക്ക് വാങ്ങി സുഹൃത്തുക്കളെ കാണിച്ച് തിരിച്ചുവരുന്നതിനിടെ അപകടത്തില്‍പ്പെട്ട് യുവാവ് മരിച്ചു. പാലപ്പുറം കരിക്കലകത്ത് ഷൗക്കത്തലിയുടെയും ഫസീലയുടെയും മകനായ ഷാജഹാന്‍ (19) ആണു മരിച്ചത്. ഒറ്റപ്പാലം പത്തൊമ്പതാം മൈലില്‍ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

◼️വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാലു വയസുകാരന്‍ മരിച്ചു. കരിമണ്ണൂര്‍ മുളപ്പുറം ഇന്തുങ്കല്‍ പരേതനായ ജെയിസന്റെ മകന്‍ റയാന്‍ ജോര്‍ജാണ് മരിച്ചത്. പഴയ വീടിന്റെ മേല്‍ക്കൂര പൊളിച്ചുമാറ്റിയതിനെ തുടര്‍ന്ന്  മഴയില്‍ കുതിര്‍ന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് വീഴുകയായിരുന്നു.

◼️പാലക്കാട് ലോഡ്ജില്‍ മദ്യപിക്കുന്നതിനിടെ സിനിമാ പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത്. കുത്തേറ്റ വടകര സ്വദേശി ഷിജാബിനെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സഹപ്രവര്‍ത്തകനായ ഉത്തമനെ പാലക്കാട് സൗത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.

◼️പൊള്ളലേറ്റ നിലയില്‍ റോഡരികില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു. കാസര്‍കോട് നീലേശ്വരം സ്വദേശി എം ജെ ജോസഫാണ് (78) മരിച്ചത്. കണ്ണൂര്‍ ചക്കരക്കല്‍ മതുക്കോത്ത് റോഡരികില്‍ ദേഹമാസകലം പൊള്ളലേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.

◼️ഹിന്ദി എഴുത്തുകാരി ഗീതാജ്ഞലി ശ്രീയ്ക്ക് ബുക്കര്‍ പുരസ്‌കാരം. ഗീതാജ്ഞലിയുടെ റേത് സമാധിയുടെ പരിഭാഷയായ ടൂം ഓഫ് സാന്‍ഡിനാണ് പുരസ്‌കാരം. ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമാകുന്നത്. ഡെയ്സി റോക് വെലാണ് പുസ്തകത്തിന്റെ പരിഭാഷ നിര്‍വ്വഹിച്ചത്. 52 ലക്ഷം രൂപയുടെ സമ്മാനത്തുക ഗീതാജ്ഞലി ശ്രീയും ഡെയ്സി റോക് വെലും പങ്കിടും.

◼️കര്‍ണാടകയിലെ കല്‍ബുര്‍ഗിയില്‍ മുസ്ലിം യുവതിയെ പ്രണയിച്ച ദളിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ കുത്തികൊന്നു. പെണ്‍കുട്ടിയുടെ സഹോദരനടക്കം രണ്ടു പേരെ  അറസ്റ്റുചെയ്തു. കൊലപാതകത്തിനു പിറകേ ഇരുവിഭാഗങ്ങള്‍ തമ്മില്‍ കൈയ്യേറ്റവും സംഘര്‍ഷവുമുണ്ടായി. കല്‍ബുര്‍ഗിയില്‍ പോലീസ് ക്യാമ്പ് ചെയ്യുകയാണ്. വിജയ് കാംബ്ലെ എന്ന 25 കാരനാണ് കൊല്ലപ്പെട്ടത്. ഷാഹുദ്ദീന്‍, നവാസ് എന്നിവരാണ് അറസ്റ്റിലായത്.

◼️രാജസ്ഥാനിലെ കോണ്‍ഗ്രസ് മന്ത്രിസഭയില്‍ രാജി ഭീഷണി. അശോക് ഗലോട്ടിന്റെ വിശ്വസ്തന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കുല്‍ദീപ് റങ്കയുടെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് കായിക മന്ത്രി അശോക് ചാന്ദ്ന രാജി സന്നദ്ധത അറിയിച്ചു.

◼️ആഡംബര കപ്പലിലെ ലഹരി മരുന്നു കേസില്‍  ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി കുറ്റപത്രം. 14 പ്രതികളുള്ള കേസില്‍ ആറു പേരെ തെളിവുകളുടെ അഭാവത്തില്‍ കേസില്‍നിന്ന് ഒഴിവാക്കി. ആര്യന്‍ ഖാനെതിരെ തെളിവില്ലെന്ന് എന്‍സിബി കുറ്റപത്രത്തില്‍ പറയുന്നു.

◼️ജ്ഞാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്നത്  അഭ്യൂഹം മാത്രമാണെന്ന് വാരാണസി ജില്ലാ കോടതിയില്‍ മസ്ജിദ് കമ്മിറ്റി. ഹിന്ദുസ്ത്രീകളുടെ അപേക്ഷ കേള്‍ക്കാന്‍ 1991 ലെ ആരാധനാലയ സംരക്ഷണ നിയമമനുസരിച്ച് സിവില്‍ കോടതിക്ക് അധികാരമില്ല. പരാതിക്കാരുടെ കൈയില്‍ തെളിവില്ല. തെളിവില്ലാത്ത ഹര്‍ജി തുടക്കത്തിലേ തള്ളേണ്ടതായിരുന്നു. മസ്ജിദ് കമ്മിറ്റി വാദിച്ചു.

◼️കോണ്‍ഗ്രസ് എംപി കാര്‍ത്തി ചിദംബരത്തിന്റെ വസതിയില്‍ റെയ്ഡ് നടത്തിയ സിബിഐക്കെതിരേ അവകാശ ലംഘനത്തിന് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി. റെയ്ഡ് നടത്തിയ സിബിഐ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റ് ഐടി സമിതിയുമായി ബന്ധപ്പെട്ട രേഖകള്‍ കൊണ്ടുപോയെന്നാണ് കാര്‍ത്തി ചിദംബരത്തിന്റെ പരാതി.

◼️ബിജെപിക്കെതിരേ ഫെഡറല്‍ സഖ്യ രൂപീകരണ ചര്‍ച്ചകളുമായി കെ ചന്ദ്രശേഖര്‍ റാവു ഇന്ന് അണ്ണാഹസാരെയുമായി കൂടിക്കാഴ്ച നടത്തും. അഹമ്മദ്‌നഗറിലെ ഹസാരെയുടെ ജന്മഗ്രാമമായ റാലിഗാന്‍ സിദ്ദിയിലാണ് കൂടിക്കാഴ്ച.

◼️ജമ്മു കാഷ്മീരില്‍ രണ്ടിടങ്ങളിലായി നടന്ന ഏറ്റുമുട്ടലില്‍ നാലു ഭീകരരെ സൈന്യം വധിച്ചു. ശ്രീനഗറിലും അവന്തിപ്പോരയിലുമാണ് സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. മൂന്ന് ദിവസത്തിനിടെ 10 ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്.

◼️കിഴക്കന്‍ തിമോര്‍ തീരത്ത് ഇന്നു രാവിലെ എട്ടോടെ ഉണ്ടായ ഭൂചലനംമൂലം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സുനാമി ഭീഷണി.  6.1 തീവ്രതയുള്ള ഭൂചലനമായിരുന്നു.

◼️ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ എതിരാളികളെ ഇന്നറിയാം. രണ്ടാം ക്വാളിഫയറില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സും ഫാഫ് ഡുപ്ലസിയുടെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും. വൈകീട്ട് ഏഴരയ്ക്ക് അഹമ്മദാബാദിലാണ് മത്സരം. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി നായകന്റെ ടീം ഐപിഎല്‍ ഫൈനലിലേക്ക് പ്രവേശിക്കുമോ എന്ന ആകാംക്ഷയിലാണ് കേരളത്തിലെ ക്രിക്കറ്റ് ആരാധകര്‍.

◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ ഒരാഴ്ചത്തെ വില വര്‍ധനയ്ക്ക് ശേഷം ഇന്നലെ കുറഞ്ഞ സ്വര്‍ണവിലയാണ് ഇന്ന് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 70 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38200 രൂപയാണ്. ഇന്നലെ 200 രൂപയുടെ  ഇടിവ് സംഭവിച്ചിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4775  രൂപയാണ്. 10 രൂപയുടെ വര്‍ധനവാണ് 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഉണ്ടായത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3945 രൂപയാണ്. 5 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.

◼️ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്റെ ഓഹരികള്‍ ബിഎസ്ഇയില്‍ ഇന്ന് 10.40 ശതമാനം ഉയര്‍ന്നു.  നാലാം പാദത്തില്‍ എയര്‍ലൈനിന്റെ നഷ്ടം 1,681 കോടി രൂപയായി ഉയര്‍ന്നു. മുന്‍വര്‍ഷം ഇതേ പാദത്തില്‍ കമ്പനി 1,147 കോടി രൂപ അറ്റ നഷ്ടം നേരിട്ടിരുന്നു. ഒമിക്രോണ്‍ വ്യാപനം മൂലം ഡിമാന്‍ഡ് കുറഞ്ഞതാണ് കമ്പനിയ്ക്ക് തിരിച്ചടിയായത്. 8,207.5 കോടി രൂപയാണ് മാര്‍ച്ച് പാദത്തിലെ ആകെ വരുമാനം. മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 29 ശതമാനം വര്‍ധനയാണ് വരുമാനത്തിലുണ്ടായിരിക്കുന്നത്. നാലാം പാദത്തില്‍ പാസഞ്ചര്‍ ടിക്കറ്റ് വരുമാന ഇനത്തില്‍ 6,884.7 കോടി രൂപയാണ് ലഭിച്ചത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച്  38.4 ശതമാനം വര്‍ധന.

◼️ഭാവന നായികയാകുന്ന ഹ്രസ്വ ചിത്രം ഒരുങ്ങുന്നു. മാധ്യമപ്രവര്‍ത്തകനായ എസ് എന്‍ രജീഷാണ് സംവിധായകന്‍. എസ് എന്‍ രജീഷ് തന്നെയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്'ദ സര്‍വൈവല്‍' എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസറാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ഒരു സ്ത്രീപക്ഷ പ്രമേയവുമായിട്ടാണ് ചിത്രം എത്തുന്നത്. പഞ്ചിംഗ് പാഡില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്ന ഭാവനയുടെ ദൃശ്യമാണ് ടീസറിലുള്ളത്. പോരാട്ടത്തിന്റെ പാതയില്‍ കൈകോര്‍ക്കണം എന്ന ആഹ്വാനമാണ് ചിത്രം നല്‍കുന്നത്. കൊച്ചിയാണ് ലൊക്കേഷന്‍.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 77.65, പൗണ്ട് - 98.05, യൂറോ - 83.47, സ്വിസ് ഫ്രാങ്ക് - 80.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.37, ബഹറിന്‍ ദിനാര്‍ - 206.01, കുവൈത്ത് ദിനാര്‍ -254.03, ഒമാനി റിയാല്‍ - 201.69, സൗദി റിയാല്‍ - 20.70, യു.എ.ഇ ദിര്‍ഹം - 21.14, ഖത്തര്‍ റിയാല്‍ - 21.32, കനേഡിയന്‍ ഡോളര്‍ - 60.86 


Post a Comment

Previous Post Next Post