സായാഹ്ന വാർത്തകൾ 28-05-2022 ശനി◼️തിരുവമ്പാടി ചേപ്പിലങ്ങോട് പണ്ട്രണ്ട് വയസുകാരനെ കാട്ടുപന്നി ആക്രമിച്ചു. സനൂപിന്റെ മകന്‍ അദ്നാന്‍ (12) ആണ് പരിക്കേറ്റത്. രാവിലെ ഒമ്പതരയ്ക്കു സൈക്കിളില്‍ പോകവേ കാട്ടുപന്നി ഇടിച്ചുവീഴ്ത്തുകായിരുന്നു. അദ്നാന്റെ ഇരുകാലുകളിലും കാട്ടുപന്നിയുടെ കുത്തേറ്റു. പരിക്കേറ്റ കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയ പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു.

◼️മാനന്തവാടി ചങ്ങാടക്കടവ് പാലത്തിനു സമീപം നിയന്ത്രണം വിട്ട കാറിടിച്ച് രണ്ടു കാല്‍നട യാത്രക്കാരായ ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഉത്തര്‍പ്രദേശ് സ്വദേശി ദുര്‍ഗാപ്രസാദ്, ബംഗാള്‍ സ്വദേശിയായ തുളസിറാം എന്നിവരാണ് മരിച്ചത്. ഇടിയുടെ ആഘാതത്തില്‍ പുഴയിലേക്കു തെറിച്ചുവീണ തുളസിറാമിന്റെ മൃതദേഹം മാനന്തവാടി ഫയര്‍ഫോഴ്സാണ് കണ്ടെത്തിയത്.

◼️തൃക്കാക്കരയില്‍ വോട്ടര്‍ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് കോണ്‍ഗ്രസ്. വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ യുഡിഎഫ് നല്‍കിയ മൂവായിരം വോട്ടര്‍മാരുടെ അപേക്ഷ തള്ളിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ആറായിരം വോട്ടര്‍മാരെ പുതുതായി ചേര്‍ക്കാനുള്ള അപേക്ഷയാണ് യുഡിഎഫ് നല്‍കിയത്. ഇതില്‍നിന്ന് മൂവായിരം വോട്ടര്‍മാരെ ഒഴിവാക്കുകയായിരുന്നെന്ന് സതീശന്‍ ആരോപിച്ചു. ഇതേസമയം, അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ തന്ത്രമാണെന്ന് കോണ്‍ഗ്രസും ബിജെപിയും ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിനു നാളെ വൈകുന്നേരത്തോടെ കൊട്ടിക്കലാശമാകും.  

◼️സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഉച്ചഭാഷിണി ഉപയോഗ നിയന്ത്രണം കര്‍ശനമായി നടപ്പാക്കണമെന്ന് സര്‍ക്കാര്‍. ശബ്ദ മലിനീകരണ നിയന്ത്രണ ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കി.

◼️ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ പത്തു വയസുകാരന്‍ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ അച്ഛന്‍ കസ്റ്റഡിയില്‍. കൊച്ചി പള്ളുരുത്തിയിലെ അസ്‌ക്കര്‍ അലിയെയാണു കസ്റ്റഡിയിലെടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും താന്‍ സ്വയം കേട്ട് പഠിച്ചതാണെന്നുമാണ് പത്തു വയസുകാരന്റെയും പിതാവിന്റേയും പ്രതികരണം.


◼️തൃക്കാക്കരയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിനെതിരെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസില്‍ മൂന്നുപേര്‍കൂടി പിടിയില്‍. കണ്ണൂര്‍ കേളകം സ്വദേശി അബ്ദുറഹ്‌മാന്‍, കളമശ്ശേരി മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ ഷിബു, കോവളം സ്വദേശി സുഭാഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിടിയിലായതെന്ന് പൊലീസ്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

◼️തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോക്ടര്‍ ജോ ജോസഫിനെതിരെ വ്യാജ വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ അറസ്റ്റിലായ രണ്ടുപേര്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാലക്കാട് അറസ്റ്റിലായ ശിവദാസനും കൊല്ലം ശക്തികുളങ്ങരയില്‍ അറസ്റ്റിലായയാളും സിപിഎം പ്രവര്‍ത്തകരാണ്. അപവാദ വീഡിയോ ആരു പ്രചരിപ്പിച്ചാലും തെറ്റാണ്. സതീശന്‍ പറഞ്ഞു.

◼️തൃക്കാക്കരയിലെ അശ്ലീല വീഡിയോ എല്‍ഡിഎഫിന്റെ നാടകമാണെന്ന് നടനും ബിജപി നേതാവുമായ സുരേഷ് ഗോപി. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ സിപിഎം എന്തു പണിയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.  എല്‍ഡിഎഫ് പൈങ്കിളി പ്രചാരണം നിര്‍ത്തി വികസനം സംസാരിക്കണമെന്ന് ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. തൃക്കാക്കരയില്‍ ക്രിസ്ത്യന്‍ വോട്ട് ബിജെപിക്കു ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.


◼️പി.ടി തോമസ് നേടിയിട്ടുള്ളതിനേക്കാള്‍ ഭൂരിപക്ഷം ഉമ തോമസ് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാരിനെതിരായ വികാരം ശക്തമാണ്. വ്യക്തിഹത്യ കോണ്‍ഗ്രസിന്റെ ശൈലി അല്ല, ആരാണ് വീഡിയോ പ്രചരിപ്പിച്ചതെന്നു സര്‍ക്കാര്‍ കണ്ടുപിടിക്കട്ടെ. ചെന്നിത്തല പറഞ്ഞു.

◼️തൃക്കാക്കരയിലെ ഇടതു സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും അറിഞ്ഞുകൊണ്ടെന്ന് മന്ത്രി വി. ശിവന്‍കുട്ടി. വാദി  പ്രതിയാവുമെന്നൊക്കെ പറയുന്നത് മറ്റൊന്നും പറയാനില്ലാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

◼️തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ യുഡിഎഫ് കാലത്ത് പുറത്തിറക്കിയ സാഹിത്യ ചരിത്ര സഞ്ചയത്തിന്റെ പ്രസിദ്ധീകരണം വിജിലന്‍സ് അന്വേഷിക്കുന്നു. ഡോ. എന്‍. സാം എഡിറ്ററായ സാഹിത്യ ചരിത്രം പാകപ്പിഴകളെത്തുടര്‍ന്ന് ആറുവാള്യം പുറത്തിറക്കിയശേഷം നിര്‍ത്തിവച്ചിരുന്നു. പുസ്തക പ്രസിദ്ധീകരണത്തിലെ ക്രമക്കേടാണ് ഇപ്പോള്‍ വിജിലന്‍സ് അന്വേഷിക്കുന്നത്. അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍ പ്രതികരിച്ചു.

◼️ചലച്ചിത്ര അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്നും 'ഹോം സിനിമക്ക് അവാര്‍ഡ് കിട്ടാത്തത് ജൂറി സിനിമ കാണാത്തതുകൊണ്ടാകുമെന്നും നടന്‍ ഇന്ദ്രന്‍സ്. ഹൃദയം സിനിമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമയാണ് ഹോം. ബലാല്‍സംഗ കേസില്‍ പ്രതിയായ വിജയ് ബാബു നിര്‍മിച്ച സിനിമയായതിനാലാകാം സിനിമയെ മാറ്റിനിര്‍ത്തിയത്. വിജയ്ബാബു നിരപരാധിയെന്നു തെളിഞ്ഞാല്‍ ജൂറി തിരുത്തുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.

◼️എല്ലാം ജൂറി അംഗങ്ങളും 'ഹോം' സിനിമ കണ്ടതാണെന്ന് ജൂറി ചെയര്‍മാന്‍ സയ്യിദ് മിശ്ര. അവസാന ഘട്ടത്തിലേക്ക് 'ഹോം' എത്തിയിട്ടില്ല. അവാര്‍ഡുകള്‍ നിര്‍ണയിച്ചതില്‍ ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.

◼️സിനിമാ അവാര്‍ഡു വിവാദം ഏറ്റെടുത്ത് കോണ്‍ഗ്രസ്. അവാര്‍ഡ് നിര്‍ണയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടെന്ന് ഷാഫി പറമ്പില്‍ ആരോപിച്ചു. ഹോം സിനിമയെയും നടന്‍ ഇന്ദ്രന്‍സിനെയും തഴഞ്ഞത് മനപ്പൂര്‍വ്വമാണ്. സര്‍ക്കാരിനെ പുകഴ്ത്തിപ്പാടാത്തവര്‍ക്ക് അവാര്‍ഡു നല്‍കില്ല. ഇടപെട്ടിട്ടില്ലെന്നു പറഞ്ഞ് അഭിനയിക്കുന്ന സര്‍ക്കാരിന് ഓസ്‌കര്‍ അവാര്‍ഡ് നല്‍കണമെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.

◼️സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍നിന്ന് ഹോം സിനിമയെ ഒഴിവാക്കിയിട്ടില്ലെന്നും ജൂറിയോടു വിശദീകരണം ചോദിക്കില്ലെന്നും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. പുരസ്‌കാര നിര്‍ണയത്തിനു ജൂറിക്ക് പരമാധികാരം നല്‍കിയിരുന്നു. എല്ലാ സിനിമകളും കണ്ടെന്നാണ് ജൂറി പറഞ്ഞത്. മന്ത്രി പറഞ്ഞു.

◼️നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. ദക്ഷിണാഫ്രിക്കയില്‍നിന്നു ദുബായ് വഴിയെത്തിയ ടാന്‍സാനിയന്‍ പൗരനില്‍നിന്ന് 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി. മുഹമ്മദ് അലി എന്നയാളാണ് മയക്കുമരുന്നുമായി ഡി.ആര്‍.ഐയുടെ പിടിയിലായത്.

◼️കേരളത്തിന്റെ ഗുജറാത്ത് മോഡല്‍ പഠനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി ജിഗ്നേഷ് മേവാനി എംഎല്‍എ. ഗുജറാത്ത് മോഡല്‍ കോര്‍പറേറ്റ് കൊള്ളയുടെ മാതൃകയാണ്. ബിജെപി മുഖ്യമന്ത്രിമാര്‍ പോലും ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ പോകുന്നില്ല. എന്നാല്‍, കേരളം ഗുജറാത്ത് മോഡല്‍ ആഘോഷമായി പഠിക്കുന്നു. കേരള മുഖ്യമന്ത്രി ഗുജറാത്തിനെ പുകഴ്ത്തുന്നത് ദുരന്തമാണ്. ജിഗ്നേഷ് മേവാനി വിമര്‍ശിച്ചു.

◼️സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. പെരിന്തല്‍മണ്ണ ആനമങ്ങാട് ചെത്തനാംകുറുശി നോട്ടത്ത് ശ്രീരാഗ് (22)ആണ് അറസ്റ്റിലായത്. ആര്‍മിയുടെ സീലും മറ്റു രേഖകളും വ്യാജമായി നിര്‍മിച്ചാണ് തട്ടിപ്പ്. കീഴുപറമ്പ് കുനിയില്‍ കുറുമാടന്‍ ഷഹീന്‍ ഖാനില്‍ നിന്നാണ് തുക തട്ടിയത്. സൈന്യത്തില്‍ ജോലി ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് രേഖകളും  ശ്രീരാഗ് കൈപറ്റിയതായി പൊലീസ് പറഞ്ഞു.

◼️ലുലു ഗ്രൂപ്പു ചെയര്‍മാന്‍ എം.എ. യൂസഫലിയും പത്നിയും സഞ്ചരിക്കവേ കൊച്ചിയില്‍ അപകടത്തില്‍പെട്ട ഹെലികോപ്റ്റര്‍ വില്‍ക്കുന്നു. ഇറ്റാലിയന്‍ കമ്പനി അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ 109 എസ്പി ഹെലികോപ്റ്ററിന് 50  കോടി രൂപ വിലവരും. ഇപ്പോള്‍ പറക്കാവുന്ന സ്ഥിതിയിലല്ല ഹെലികോപ്റ്റര്‍.

◼️ആര്യനാട്  പൊലീസ് സ്റ്റേഷനില്‍ പെട്രോള്‍  ഒഴിച്ച് ആത്മഹത്യശ്രമം നടത്തിയയാള്‍ മരിച്ചു. പാലോട് പച്ച സ്വദേശി ഷൈജുവാണ്(47) മരിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തിയ ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റിരുന്നു. ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി എത്തിയ ഇയാള്‍ സ്റ്റേഷന് പുറത്തുപോയി പെട്രോളൊഴിച്ചു തീ കൊളുത്തുകയായിരുന്നു.


◼️തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം. തിരുവനന്തപുരം ധനുവച്ചപുരത്ത് നിര്‍ത്തിയിട്ടിരുന്ന ആംബുലന്‍സ് അടിച്ച് തകര്‍ത്തു. ധനുവച്ചപുരം സ്വദേശി ശരത്തിന്റെ ആംബുലന്‍സാണ് തകര്‍ത്തത്.

◼️പൂജപ്പുര സെന്‍ട്രല്‍ ജയിലിനു മുന്നില്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബിജെപി പ്രവര്‍ത്തകരായ കൃഷ്ണകുമാര്‍, പ്രണവ് എന്നിവര്‍ക്കെതിരെയാണ്  പൂജപ്പുര പൊലീസ് കേസെടുത്തത്.

◼️നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ റിസര്‍വ് ബാങ്ക് സ്വര്‍ണശേഖരം വര്‍ധിപ്പിക്കുന്നു. സുരക്ഷിത മൂലധനമെന്ന നിലയിലാണ് കൂടുതല്‍ സ്വര്‍ണം വാങ്ങാനുള്ള റിസര്‍വ് ബാങ്കിന്റെ നീക്കം. ഈ സാമ്പത്തിക വര്‍ഷത്തില്‍ സ്വര്‍ണം വാങ്ങുന്നത്  65 ടണ്ണായാണ് ഉയര്‍ത്തുന്നത്. 2020 ജൂണിനും 2021 മാര്‍ച്ചിനും ഇടയിലുള്ള ഒമ്പതു മാസം 33.9 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിയത്. ആര്‍ബിഐയുടെ സ്വര്‍ണ നിക്ഷേപത്തിന്റെ മൂല്യം 30 ശതമാനം ഉയര്‍ന്ന് 3.22 ലക്ഷം കോടി രൂപയായി.

◼️ഗാന്ധിജിയും സര്‍ദാര്‍ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ കെട്ടിപ്പടുക്കാനാണ് എട്ടു വര്‍ഷവും ആത്മാര്‍ത്ഥമായി ശ്രമിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദളിതര്‍, ആദിവാസികള്‍, സ്ത്രീകള്‍ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത്. ബിജെപി ഭരണത്തിലിരുന്ന കഴിഞ്ഞ എട്ടു വര്‍ഷവും അതു സാക്ഷാത്കരിക്കാനാണ് ശ്രമിച്ചതെന്ന് നരേന്ദ്ര മോദി അവകാശപ്പെട്ടു.

◼️ഉത്തര്‍പ്രദേശില്‍ വീണ്ടും ഏറ്റുമുട്ടല്‍ കൊലപാതകം. ഗാസിയാബാദില്‍ രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊന്നു. രാകേഷ്, ബില്ലു എന്നിവരാണ് മരിച്ചത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇരുവരും.

◼️മുംബൈയിലെ പാട്ടീല്‍ ഗാര്‍ഡനില്‍ മൂന്നംഗ കവര്‍ച്ചാ സംഘം മൂന്നു തോക്കുകള്‍ സഹിതം പിടിയില്‍. എല്‍ടി മാര്‍ഗ് പൊലീസാണ് ഡല്‍ഹിക്കാരായ പ്രതികളെ പിടികൂടിയത്. മുംബൈയിലെ സവേരി ബസാര്‍ കൊള്ളയടിക്കാന്‍ പദ്ധതിയിട്ട സംഘമാണിത്.  

◼️പതിനഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച ഒല ടാക്സി ഡ്രൈവര്‍ അറസ്റ്റില്‍. ബിഹാര്‍ സ്വദേശിയായ മുരളി കുമാര്‍ സിംഗ് (29) ആണ് മുംബൈയില്‍ അറസ്റ്റിലായത്.

◼️സൗദി അറേബ്യയിലെ ആശുപത്രിയില്‍ നഴ്സിനെ മര്‍ദിക്കുകയും തറയിലൂടെ വഴിച്ചിഴക്കുകയും ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. അസീര്‍ പ്രവിശ്യയിലുള്ള മജാരിദ ജനറല്‍ ആശുപത്രിയിലായിരുന്നു സംഭവം. അത്യാഹിത വിഭാഗത്തില്‍ ജോലി ചെയ്യുന്ന സ്വദേശി നഴ്സിനെയാണ് യുവാവ് മര്‍ദിച്ചത്.

◼️ഐപിഎല്ലില്‍ ജേതാക്കളെ കാത്തിരിക്കുന്നത് കോടികള്‍. ഐപിഎല്ലില്‍ ചാമ്പ്യന്‍മാരാകുന്ന ടീമിന് സമ്മാനത്തുകയായി 20 കോടി രൂപ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റണ്ണേഴ്‌സ് അപ്പിന് 13 കോടി രൂപയും ലഭിക്കും. രണ്ടാം ക്വാളിഫയറില്‍ പരാജയപ്പെട്ട റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ഏഴ് കോടി രൂപയും എലിമിനേറ്ററില്‍ തോറ്റ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന് 6.5 കോടി രൂപയും ലഭിക്കും.

◼️കിര്‍ലോസ്‌കര്‍ ഇന്‍ഡസ്ട്രീസിന് 2022 മാര്‍ച്ചില്‍ അവസാനിച്ച നാലാംപാദത്തില്‍ 44.20 കോടി രൂപയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ 133.73 കോടി രൂപയായിരുന്നു ലാഭം. 2022 സാമ്പത്തിക വര്‍ഷത്തിലെ നാലാംപാദത്തില്‍ വരുമാനം മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 758.10 കോടി രൂപയില്‍ നിന്നും 39 ശതമാനം ഉയര്‍ന്ന് 1,053.67 കോടി രൂപയായി. 2021-22 വര്‍ഷത്തിലെ നികുതിയ്ക്കുശേഷമുള്ള കണ്‍സോളിഡേറ്റഡ് അറ്റാദായം മുന്‍വര്‍ഷത്തെ 311.5 കോടി രൂപയില്‍ നിന്നും 316.2 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3,820.1 കോടി രൂപയാണ് മൊത്തം വരുമാനം. 2020-21 സാമ്പത്തികവര്‍ഷം ഇത് 2,802 കോടി രൂപയായിരുന്നു.

◼️ഇന്ത്യന്‍ സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളുടെ റീട്ടെയിലര്‍ നൈക ത്രൈമാസ അറ്റാദായത്തില്‍ 49 ശതമാനം ഇടിവ് രേഖപ്പെടുത്തി. വ്യക്തിഗത പരിചരണത്തിനും ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്കുമുള്ള മങ്ങിയ ആവശ്യത്തിനിടയില്‍ ചെലവുകള്‍ കുതിച്ചുയര്‍ന്നതാണ് തിരിച്ചടിയായത്. നൈകയുടെ മാതൃസ്ഥാപനമായ എഫ്എസ്എന്‍ ഇ-കൊമേഴ്സ് വെഞ്ചേഴ്സ് ലിമിറ്റഡ്, കൊറോണയില്‍ നിന്ന് കരകയറുമ്പോള്‍ ബ്രാന്‍ഡിന്റെ വിപണനം ഇരട്ടിയാക്കാന്‍ ഓഹരി വില്‍പ്പനയിലേക്ക് കടന്നിരുന്നു. അതിനുശേഷം മൂന്ന് പാദങ്ങളിലും ലാഭത്തില്‍ കുത്തനെ ഇടിവ് രേഖപ്പെടുത്തി.

◼️വി ഡി സവര്‍ക്കറിന്റെ ജീവിത കഥ സിനിമയാകുകയാണ്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന പേരിലുള്ള ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയാണ് നായകന്‍. മഹേഷ് വി മഞ്ജരേക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'സ്വതന്ത്ര വീര സവര്‍ക്കര്‍' സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലെ വിവിധ ലൊക്കേഷനുകളില്‍ ചിത്രീകരിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ മറ്റൊരു തലത്തില്‍ ഉയര്‍ത്തിക്കാട്ടുന്നതായിരിക്കും 'സ്വതന്ത്ര വീര സവര്‍ക്കര്‍' എന്ന് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍ പറയുന്നു.

◼️ഉടല്‍ എന്ന ചിത്രത്തിന് ശേഷം ഇന്ദ്രന്‍സ് നായകനാകുന്ന വാമനന്റെ ടീസര്‍ പുറത്ത്. കാട് കയറി കിടക്കുന്ന ഒരു പഴയ പള്ളിയിലേക്ക് വരുന്ന ഇന്ദ്രന്‍സിനെയാണ് ടീസറില്‍ കാണുന്നത്. അച്ഛാ എന്ന വിളിയും പിന്നാലെ ചില ഭയപ്പെടുത്തുന്ന വിഷ്വല്‍സും വീഡിയോയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഹൊറര്‍ സൈക്കോ ത്രില്ലര്‍ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എ.ബി. ബിനിലാണ്. മൂവി ഗാങ്ങ് എന്ന യൂട്യൂബ് ചാനലിലാണ് 45 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ വന്നിരിക്കുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ബിനില്‍ തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഒരു മലയോര ഗ്രാമത്തില്‍ ഹോം സ്റ്റേ മാനേജരായി ജോലിചെയ്യുന്ന ഒരാളുടെയും കുടുംബത്തിന്റെയും അതിജീവനത്തിന്റെ കഥയാണ് വാമനന്‍ പറയുന്നത്.

◼️ടൊയോട്ട അതിന്റെ വലിയ യൂട്ടിലിറ്റി വാഹനങ്ങള്‍ക്ക് വേണ്ടി ഒരു പുതിയ ഡീസല്‍ ഹൈബ്രിഡ് പവര്‍ട്രെയിനിന്റെ പണിപ്പുരയിലാണ്. പുതിയ പവര്‍ട്രെയിന്‍ മൈല്‍ഡ് ഹൈബ്രിഡ് ടര്‍ബോ ഡീസല്‍ യൂണിറ്റായിരിക്കും. പുതിയ മൈല്‍ഡ് ഹൈബ്രിഡ് ഡീസല്‍ എഞ്ചിന്‍ അവതരിപ്പിക്കുന്ന ആദ്യ മോഡലായിരിക്കും പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍.  ഡീസല്‍ ഹൈബ്രിഡ് എഞ്ചിനോടുകൂടിയ പുതിയ ടൊയോട്ട ഫോര്‍ച്യൂണര്‍ 2023-ല്‍ പുറത്തിറക്കുമെന്നാണ് സൂചന. ഇത് ആദ്യം തായ്‌ലന്‍ഡിലും പിന്നീട് മറ്റ് വിപണികളിലും വില്‍പ്പനയ്‌ക്കെത്തും. മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റം ഉപയോഗിച്ച്, പുതിയ ഫോര്‍ച്യൂണറിന് ബ്രേക്കിംഗ് സമയത്തോ വേഗത കുറയ്ക്കുമ്പോഴോ ഊര്‍ജ്ജം ശേഖരിക്കാന്‍ കഴിയും. അത് ആക്സിലറേഷനില്‍ അധിക ടോര്‍ക്ക് നല്‍കും.

◼️ജിപ്സിപെണ്ണും ഡോക്ടറും തമ്മില്‍ ആറു മാസക്കാലം കൈമാറിയ വെര്‍ച്വല്‍ സൗഹൃദം പിന്നീട് പ്രണയമാകുന്നു. അലറിവിളിക്കുന്ന ദുരന്തത്തിന്റെ കൊടുങ്കാറ്റ് ജീവിതത്തിലുടനീളം പരന്നു വീശുമ്പോഴും രക്തത്തിലൂടെ പ്രണയത്തിന്റെ നീര്‍ച്ചാലുകളൊഴുക്കി പ്രണയം കൊണ്ട് വാചാലരാവുകയാണ് ആദിലും യൊഹാനും. മരണവും ഹിംസയും ഭയവും ക്രോധവുമൊക്കെ നേരിടുമ്പോഴും അവയ്ക്കെല്ലാം മീതേ ഊറി വരുന്ന ആത്മാര്‍ത്ഥപ്രണയത്തിന്റെ തേന്‍തുള്ളി മധുരം. 'ലേഡി ലാവന്‍ഡര്‍'. സബീന എം സാലി. ഗ്രീന്‍ ബുക്സ്. വില 180 രൂപ.

◼️പതിവായി ചായ കഴിക്കുന്നതല്ല, ആരോഗ്യത്തിന് ദോഷമാകുന്നത്. അമിതമായി ചായ കഴിക്കുന്നതാണ് തിരിച്ചടിയുണ്ടാക്കുക. അതോടൊപ്പം തന്നെ പാല്‍, പഞ്ചസാര, ശര്‍ക്കര എന്നിങ്ങനെയുള്ള ചേരുവകളും ആരോഗ്യത്തിന് വെല്ലുവിളിയാണ്. ഇവയെല്ലാം മാറ്റിനിര്‍ത്തിയാല്‍ ചായ യഥാര്‍ത്ഥത്തില്‍ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ബ്ലാക്ക് ടീ, ഗ്രീന്‍ ടീ എന്നിവയാണ് ഇക്കാര്യത്തില്‍ മുമ്പില്‍. തലച്ചോറിന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും, ചിന്താശക്തിയും ഓര്‍മ്മശക്തിയും കൂട്ടുന്നതിനും, വയറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും, വിവിധ അണുബാധകളെ വരുതിയിലാക്കുന്നതിനുമെല്ലാം ചായ സഹായകമാണ്. ഇതിനെല്ലാം പുറമെ ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, മറവിരോഗങ്ങളായ അല്‍ഷിമേഴ്സ്- ഡിമെന്‍ഷ്യ പോലുള്ള ആരോഗ്യാവസ്ഥകളെയും അസുഖങ്ങളെയും അകറ്റിനിര്‍ത്തുന്നതിനും ചായ സഹായകമാണെന്നാണ് വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഇക്കൂട്ടത്തില്‍ ചായ കൊണ്ട് നേട്ടമുണ്ടാകുന്ന മറ്റൊരു ഭാഗമാണ് നമ്മുടെ എല്ലുകള്‍. കാത്സ്യം, വൈറ്റമിന്‍ ഡി3, വൈറ്റമിന്‍ കെ2, മഗ്നീഷ്യം, സെലീനിയം, കോപ്പര്‍, ബോറോണ്‍, സള്‍ഫര്‍ എന്നിങ്ങനെ പല ഘടകങ്ങളും എല്ലിന്റെ ബലത്തിനും ആരോഗ്യത്തിനും ആവശ്യമാണ്.  ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാന്‍ ബ്ലാക്ക് ടീ സഹായകമാണ്. ബ്ലാക്ക് ടീയില്‍ അടങ്ങിയിരിക്കുന്ന പോളിഫിനോള്‍സ്, ഫ്ളേവനോയിഡുകള്‍ എന്നിവയാണ് പ്രധാനമായും ഇതിന് സഹായിക്കുന്നത്. ഇതില്‍ പോളിഫിനോള്‍സ് എല്ലുകളിലെ ധാതുക്കള്‍ നശിക്കാതിരിക്കുന്നതിന് കാരണമാകുന്നു. എക്കാലത്തേക്കും നശിക്കാതിരിക്കാനല്ല, മറിച്ച്, നശീകരണം നടക്കുന്നത് പരമാവധി വൈകിക്കുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 77.69, പൗണ്ട് - 98.12, യൂറോ - 83.38, സ്വിസ് ഫ്രാങ്ക് - 81.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 55.67, ബഹറിന്‍ ദിനാര്‍ - 206.21, കുവൈത്ത് ദിനാര്‍ -254.30, ഒമാനി റിയാല്‍ - 201.92, സൗദി റിയാല്‍ - 20.71, യു.എ.ഇ ദിര്‍ഹം - 21.15, ഖത്തര്‍ റിയാല്‍ - 21.34, കനേഡിയന്‍ ഡോളര്‍ - 61.05 


Post a Comment

Previous Post Next Post