ശമ്പള പ്രതിസന്ധിയില്‍ വലയുന്നതിനിടെ കെഎസ്ആര്‍ടിസിയില്‍ വരുമാനം വര്‍ധിപ്പിക്കാന്‍ നടപടികള്‍. പ്രതിദിന വരുമാനം എട്ട് കോടിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ച് വരുമാനം കൂട്ടാനുള്ള നീക്കത്തിലാണ് കെഎസ്ആര്‍ടിസി. അതത് യൂണിറ്റുകളില്‍ വേണ്ട ബസുകളുടെ എണ്ണം ആവശ്യാനുസരണം അറിയിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
രാവിലെ 6 മുതല്‍ പത്ത് വരേയും വൈകിട്ട് 3 മുതല്‍ 7 വരേയും സര്‍വ്വീസുകള്‍ ക്രമീകരിക്കാനാണ് നിര്‍ദേശം. ആനുപാതികമായി നിലവിലെ എട്ട് മണിക്കൂറില്‍ നിന്നും ജോലി സമയവും ഉയര്‍ത്തേണ്ടിവരും. അധിക ജോലി സമയത്തിന് ഒരു മണിക്കൂറിന് 75 രൂപ അലവന്‍സ് നല്‍കുമെന്നാണ് കെഎസ്ആര്‍ടിസി അറിയിച്ചിട്ടുള്ളത്
എന്നാല്‍ അനാവശ്യമായ ഡ്യൂട്ടി പരിഷ്കാരങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് സിഐടിയു അറിയിച്ചിട്ടുണ്ട്. സിംഗിള്‍ ഡ്യൂട്ടി പരിഷ്കാരം ഏകപക്ഷീയമാണെന്നും യൂണിയനുകള്‍ ആരോപിച്ചു. നിയമാനുസൃത വേതനമായ 150 രൂപ നല്‍കണമെന്നാണ് യൂണിയന്റെ നിര്‍ദേശം.
മെയ് മാസത്തെ ശമ്പള വിതരണത്തിനായി മാനേജ്മെന്റ് ഇതിനകം 65 കോടി ആവശ്യപെട്ട് സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാരില്‍ നിന്ന് ആദ്യ ഘട്ടത്തില്‍ 30 കോടിയും പിന്നീട് അധിക ധന സഹായമായി 20 കോടിയും ലഭിച്ചിരുന്നു. ഇതോടെയാണ് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാന്‍ സാധിച്ചത്. പിന്നാലെയാണ് മെയ് മാസത്തെ ശമ്പള വിതരണത്തിന് പണം ആവശ്യപ്പെട്ടത്
അതേസമയം എല്ലാ കാലവും ശമ്പളത്തിന് സര്‍ക്കാര്‍ സഹായം നല്കാന് സാധിക്കില്ലെന്ന ആന്റണി രാജുവിന്റെ നിലപാടിനെ മുഖ്യമന്ത്രിയും പിന്തുണച്ചിരുന്നു. കോര്‍പ്പോറേഷനിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹരമാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.. ഇതിനായി സുശീല്‍ ഖന്ന റിപ്പോര്‍ട്ട് പൂര്‍ണമായും നടപ്പാകുക്കാന് സര്‍ക്കാര്‍ മാനേജ്മെന്റിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കെഎസ്ആര്‍ടിസി നടത്തിപ്പ് പ്രൊഫഷണല്‍ മികവുള്ളവരെ ഏല്‍പ്പിക്കണമെന്നായിരുന്നു റിപ്പോര്‍ട്ടിലെ നിര്‍ദേശം.
Post a Comment