തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ സാധ്യത; പരിശോധന തുടരുന്നു* _''സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി കടകളില്‍ കേടുവന്ന കോഴിയിറച്ചി കണ്ടെത്തി.'ഷവര്‍മ കഴിച്ച മൂന്ന് കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷ ബാധയേറ്റ് സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ഷവര്‍മ നിരോധനം ആലോചനയിലുണ്ടെന്ന് ആരോഗ്യമന്ത്രി എം.എ സുബ്രഹ്മണ്യം. സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ നിരവധി കടകളില്‍ കേടുവന്ന കോഴിയിറച്ചി കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടിയാണ് തമിഴ്‌നാട്ടില്‍ ഷവര്‍മക്ക് നിരോധനമേര്‍പ്പെടുത്തുന്ന കാര്യം ആലോചിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

''അയല്‍സംസ്ഥാനമായ കേരളത്തില്‍ ഷവര്‍മ കഴിച്ച് ഒരു വിദ്യാര്‍ഥിനി മരിച്ചു. പാശ്ചാത്യരാജ്യങ്ങളിലെ ഭക്ഷണമാണ് ഷവര്‍മ. അവിടത്തെ കാലാവസ്ഥയുടെ പ്രത്യേകത കാരണം ഇറച്ചിക്ക് കേടുവരാറില്ല. എന്നാല്‍ നമ്മുടെ രാജ്യത്ത് കൂടുതല്‍ സമയം ഇവ കേടുകൂടാതെ സൂക്ഷിക്കാനാവില്ല. തദ്ദേശീയമായ ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും നല്ലത്.''-മന്ത്രി പറഞ്ഞു.

''യുവാക്കളാണ് ഷവര്‍മ കൂടുതലായും കഴിക്കുന്നത്. അടുത്ത കാലത്തെ കണക്കെടുത്ത് നോക്കിയാല്‍ നിരവധി ഷവര്‍മ വില്‍പന കേന്ദ്രങ്ങളാണ് തമിഴ്‌നാട്ടില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.'' ഇവയില്‍ പലതും വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രി സുബ്രഹ്മണ്യം സേലത്ത് ഒരു പരിപാടിയില്‍ സംസാരിച്ച് കൊണ്ട് പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആയിരത്തിലധികം ഷവര്‍മ കടകളില്‍ റെയ്ഡ് നടത്തുകയും കുറ്റക്കാര്‍ക്കെതിരെ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

കഴിഞ്ഞദിവസമാണ് തഞ്ചാവൂരിലെ ഒരത്തുനാട് സര്‍ക്കാര്‍ വെറ്റിനറി കോളേജിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റത്. പ്രവീണ്‍(22), പുതികോട്ട സ്വദേശി പരമേശ്വരന്‍(21), ധര്‍മപുരി സ്വദേശി മണികണ്ഠന്‍(21) എന്നീ വിദ്യാര്‍ഥികള്‍ക്ക് ഒരത്തുനാടുളള റെസ്റ്റോറന്റില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത്. ഹോസ്റ്റലില്‍ തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായതോടെ കോളേജ് അധികൃതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കാസര്‍ഗോഡ് ചെറുവത്തൂരില്‍ നിന്നും ശേഖരിച്ച ഷവര്‍മ സാമ്പിളിന്റെ ഭക്ഷ്യ സുരക്ഷാ പരിശോധനാ ഫലം ഇന്നലെ പുറത്ത് വന്നിരുന്നു. വിദ്യാര്‍ഥിനിക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതിയുള്ള സ്ഥാപനത്തില്‍ നിന്നും ശേഖരിച്ച ചിക്കന്‍ ഷവര്‍മയുടേയും പെപ്പര്‍ പൗഡറിന്റേയും പരിശോധനാഫലമാണ് പുറത്ത് വന്നത്. ചിക്കന്‍ ഷവര്‍മയില്‍ രോഗകാരികളായ സാല്‍മൊണല്ലയുടേയും ഷിഗല്ലയുടേയും സാന്നിധ്യവും പെപ്പര്‍ പൗഡറില്‍ സാല്‍മൊണല്ലയുടെ സാന്നിധ്യവും കണ്ടെത്തിയെന്ന് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ പറഞ്ഞിരുന്നു.

🔸 

Post a Comment

Previous Post Next Post