◼️തൃക്കാക്കര ഉപ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ ജോ ജോസഫും യുഡിഫ് സ്ഥാനാര്‍ത്ഥി ഉമ തോമസും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഉമ തോമസ് അലംകൃതമായ സൈക്കിള്‍റിക്ഷയിലാണ് പത്രിക നല്കാന് എത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന് നാളെ പത്രിക നല്‍കും.
◼️രൂപയ്ക്ക് തകര്‍ച്ച. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം കൂപ്പുകുത്തിയത്. അമേരിക്കന്‍ ഡോളറിനെതിരെ 77.40 എന്ന നിലയിലാണ് രൂപ. ഈ വര്‍ഷം മാര്‍ച്ചില്‍ രേഖപ്പെടുത്തിയ 76.98 എന്ന റെക്കോര്‍ഡിനെയാണ് ഇന്നു മറികടന്നത്. ഒറ്റ ദിവസം കൊണ്ട് 0.3 ശതമാനത്തിന്റെ ഇടിവാണ് മൂല്യത്തിലുണ്ടായത്.
◼️നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യ മാധവന്റെ മൊഴിയെടുക്കുന്നു. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് സംംഘം കാവ്യാ മാാധവന്റെ മൊഴിയെടുക്കുന്നത്. എസ്പി മോഹനചന്ദ്രനും ഡിവൈഎസ്പി ബൈജു പൗലോസും സംഘത്തില്‍ ഉണ്ട്. കാവ്യക്കു നേരത്തേ നോട്ടീസ് നല്കിയ ശേഷമാണ് മൊഴിയെടുക്കാനെത്തിയത്.
◼️മൂന്ന് വര്‍ഷത്തിനിടെ പൊതു വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയത് 10.34 ലക്ഷം വിദ്യാര്ഥികളാണെന്നു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ജൂണ്‍ ഒന്നിന് സ്കൂള്‍ തുറക്കുന്നതിനു മുമ്പേ യൂണിഫോം ലഭ്യമാക്കും. 120 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. 47 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ എത്തിക്കാനുള്ള നടപടികളും പൂര്‍ത്തിയായെന്ന് മന്ത്രി പറഞ്ഞു.
◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി, ആംആദ്മി പാര്‍ട്ടികള്‍ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാത്തത് അനുകൂലമാകുമെന്ന പ്രതീക്ഷയില്‍ എല്‍ഡിഎഫും യുഡിഎഫും. അവരുടെ വോട്ട് തങ്ങള്‍ക്കു കിട്ടുമെന്ന് ഇരു മുന്നണിയിലേയും സ്ഥാനാര്‍ത്ഥികളും നേതാക്കളും അവകാശപ്പെട്ടു.
◼️തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസിനെതിരെ ഫേസ്ബുക്കിലൂടെ ആക്ഷേപം ഉന്നയിച്ച സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥനെതിരേ നടപടി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്. സെക്രട്ടേറിയറ്റിലെ പ്ലാനിംഗ് ആന്റ് എക്ണോമിക് അഫയേഴ്സില് ഡെപ്യൂട്ടി സെക്രട്ടറിയുടെ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെതിരെ അധിക്ഷേപ കുറിപ്പ് പോസ്റ്റു ചെയ്തത്.
◼️തൃക്കാക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന് നാമനിര്‍ദ്ദേശപത്രികക്കൊപ്പം കെട്ടിവയ്ക്കാനുള്ള പണം നല്‍കിയത് രാജ്യത്തെ ഏറ്റവും പ്രമുഖ ഹൃദയാരോഗ്യ വിദഗ്ധനായ പത്മശ്രീ ഡോ. ജോസ് ചാക്കോ പെരിയപ്പുറം. കൊച്ചി ലിസി ആശുപത്രിയില്‍ ജോ ജോസഫ് ജോലി ചെയ്യുന്ന ഹൃദയ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിഭാഗത്തിന്റെ തലവനാണ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം.
https://chat.whatsapp.com/IBgHuSgWJTP3Pwvs1e4ZnQ
◼️കൊച്ചി മെട്രോയ്ക്കുണ്ടായിരുന്ന സുരക്ഷ പൊലീസ് പിന്‍വലിച്ചു. 80 പൊലീസുകാരെയാണ് തിരികെ വിളിച്ചത്. നാലു വര്‍ഷമായി സുരക്ഷ നല്‍കിയതിന് 35 കോടി രൂപയാണ് കുടിശിക. ലാഭത്തിലാകുമ്പോള്‍ പണം നല്‍കാമെന്നാണ് മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്നാഥ് ബെഹ്റ പറയുന്നത്. ബെഹ്റ പൊലീസ് മേധാവിയായിരുന്നപ്പോഴാണ് പണം വാങ്ങി സുരക്ഷ നല്കാന് മെട്രോയുമായി കരാറുണ്ടാക്കിയത്.
◼️കെഎസ്ആര്‍ടിസി-യില്‍ നാളെ ശമ്പളം വിതരണം ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പ് പാലിക്കുമെന്ന പ്രതീക്ഷയോടെ തൊഴിലാളികള്‍. സര്‍ക്കാര്‍ കൊടുത്ത 30 കോടി രൂപ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടില്‍ എത്തി. എന്നാല്‍ 52 കോടി രൂപ കൂടി ലഭിച്ചാലേ ശമ്പളം നല്‍കാനാകൂ. ഇത്രയും തുക കെടിഡിഎഫ്സിയില്‍നിന്നും എസ്ബിഐയില്‍നിന്നും വായ്പയെടുക്കാനാണ് ശ്രമം.
◼️ശമ്പളം കൊടുക്കാന്‍ പണമില്ലാതെ ക്ളേശിക്കുന്ന കെഎസ്ആര്‍ടിസിയില്‍ ഒന്നേകാല്‍ കോടി രൂപ മുടക്കി ബസ് കഴുകാനുള്ള യന്ത്രം വാങ്ങുന്നതു വിവാദമായി. ശമ്പളത്തിനോ നിത്യ ചെലവുകള്‍ക്കോ മാറ്റിവച്ച തുകയില്‍നിന്നുള്ള പണമല്ലെന്നാണ് മാനേജുമെന്റിന്റെ വിശദീകരണം.
◼️കെഎസ്ആര്‍ടിസി വര്‍ക്ക്ഷോപ്പുകളുടെ എണ്ണം അഞ്ചിലൊന്നായി ചരുക്കും. സംസ്ഥാനത്ത് ആകെ 100 വര്‍ക്ക്ഷോപ്പുകളാണ് കെഎസ്ആര്‍ടിസിക്കുള്ളത്. ഇത് 22 എണ്ണമാക്കാനാണ് തീരുമാനം. ഇതിനായി തെരഞ്ഞെടുക്കുന്ന വര്‍ക്ക്ഷോപ്പുകളെ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ആധുനിക തൊഴിലിടങ്ങളാക്കി മാറ്റും.
◼️മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി അണക്കെട്ട് പരിശോധിച്ചു. സുപ്രീംകോടതി നിര്‍ദേശപ്രകാരം രണ്ട് സാങ്കേതിക വിദഗ്ധരെ കൂടി ഉള്‍പ്പെടുത്തിയ ശേഷമുള്ള സമിതിയുടെ ആദ്യത്തെ പരിശോധനയാണിത്. നേരത്തെ ഉണ്ടായിരുന്ന മൂന്നംഗ സമിതിയിലേക്ക് രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള ഓരോ സാങ്കേതിക വിദഗ്ധരെയാണ് ഉള്‍പ്പെടുത്തിയത്. ഇറിഗേഷന്‍ ആന്റ് അഡ്മിനിസ്ട്രേഷന് ചീഫ് എഞ്ചിനീയര്‍ അലക്സ് വര്‍ഗീസാണ് കേരളത്തിന്റെ പ്രതിനിധി.
◼️ചേര്‍ത്തല മായിത്തറയില്‍ ദമ്പതികളെ ഷോക്കേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. മായിത്തറ ഭാഗ്യസദനത്തില്‍ ഹരിദാസ് (65), ഭാര്യ ശ്യാമള (60) എന്നിവരാണ് വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ ഷോക്കേറ്റു മരിച്ചത്. ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്‍പ്പിച്ചതാണെന്നാണ് സംശയം.
◼️വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ സ്വദേശി അബൂബക്കര്‍ സിദ്ദിഖിന്റെ ഭാര്യ നിതാ ഷെറിനാണ് കൊല്ലപ്പെട്ടത്. നിതയുടെ പനമരത്തെ ബന്ധുവീട്ടിലാണ് കൊലപാതകം നടന്നത്. ഭര്‍ത്താവ് സിദ്ദിഖിനെ കസ്റ്റഡിയിലെടുത്തു. ഇവര്‍ക്കു രണ്ടു വയസുള്ള മകനുണ്ട്.
◼️ഗാനമേളക്കിടെ ഗായകന് വേദിയില്‍ കുഴഞ്ഞുവീണു മരിച്ചു. എസ് ജാനകിയുടേതുള്‍പ്പെടെ സ്ത്രീശബ്ദം അനുകരിച്ച് ശ്രദ്ധേയനായ ഗായകന് കൊല്ലം ശരത്ത് എന്ന എ.ആര്. ശരത്ചന്ദ്രന് നായര്‍ (52) ആണ് മരിച്ചത്. കോട്ടയത്ത് അടുത്തബന്ധുവിന്റെ വിവാഹച്ചടങ്ങിലെ ഗാനമേളയില്‍ പാടിക്കൊണ്ടിരിക്കുമ്പോഴാണ് കുഴഞ്ഞുവീണത്.
◼️ത്യക്കാക്കര നഗരസഭാ ചെയര്‍ പേഴ്സന്‍ അജിത തങ്കപ്പന്റെ മകന് ജിതേഷ് തങ്കപ്പന് (28) നിര്യാതനായി. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്നു. സ്വകാര്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ സൂപ്പര്‍ വൈസര്‍ ആയിരുന്നു.
◼️കോണ്‍ഗ്രസ് നേതാവ് കെവി തോമസിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫ. വ്യാമോഹവും അവസരവാദിത്വ നിലപാടുമാണ് കെ.വി തോമസിനെന്നും വന്ന വഴി തോമസ് മറന്നുപോകരുതെന്നും ടി.എച്ച് മുസ്തഫ ഓര്‍മ്മിപ്പിച്ചു.
◼️വീടുവിറ്റ് കടബാധ്യത വീട്ടാന്‍ സമ്മാനക്കൂപ്പണുമായിറങ്ങിയ തിരുവനന്തപുരം വട്ടിയൂര്‍ക്കാവിലെ ദമ്പതികള്‍ക്കെതിരേ ലോട്ടറി വകുപ്പിന്റെ നിയമനടപടി. കൂപ്പണ്‍ വില്‍പ്പന നിയമ വിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി ആരംഭിച്ചത്. ഇതോടെ അയോജ് - അന്ന ദമ്പതികള്‍ കൂപ്പണ്‍ വില്പന നിര്‍ത്തിവച്ചു. കൂപ്പണ്‍ ഉപയോഗിച്ചുള്ള നറുക്കെടുപ്പ് ഒക്ടോബര്‍ 17 നു നടത്താനായിരുന്നു പരിപാടി. 45 ലക്ഷം രൂപയ്ക്കു വാങ്ങിയ വീടാണിത്. 70 ലക്ഷം രൂപ കിട്ടിയാല്‍ 35 ലക്ഷം രൂപയുടെ ബാധ്യത തീര്‍ത്ത് 18 ലക്ഷം രൂപ സമ്മാന നികുതി അടച്ച് ശേഷിക്കുന്ന തുകകൊണ്ട് സ്വസ്ഥമായി ജീവിക്കാനാണ് അവരുടെ പരിപാടി. 8089748577 എന്ന മൊബൈല്‍ നമ്പറില്‍ വിളിച്ചാല്‍ കൂപ്പണ്‍ തരുമെന്നും ഇവര്‍ പ്രഖ്യാപിച്ചിരുന്നു.
◼️തിരുവനന്തപുരം തിരുവല്ലത്ത് വീട്ടുവളപ്പില്‍ സ്ത്രീയുടെ മൃതദേഹം കത്തികരിഞ്ഞ നിലയില്‍. പാലപ്പൂര് സ്വദേശി നിര്‍മ്മലയാണ് മരിച്ചത്. 57 വയസ്സായിരുന്നു. മൂന്നു മക്കളുടെ അമ്മയായ നിര്‍മ്മല രണ്ടാമത്തെ മകനൊപ്പമാണ് താമസിക്കുന്നത്.
◼️സൈലന്റ് വാലിയില്‍ കാണാതായ വനം വകുപ്പ് വാച്ചര്‍ രാജന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി. രാജനെ കണ്ടെത്താന്‍ ആറാം ദിവസവും തെരച്ചില്‍ തുടരുന്നു.
◼️ചെന്നൈ മൈലാപ്പൂരില്‍ ശ്രീകാന്ത്, അനുരാധ ദമ്പതികളെ തലക്കടിച്ചു കൊന്ന് ആയിരം പവന് സ്വര്‍ണം കവര്‍ന്ന ഡ്രൈവര്‍ മദന്‍ലാല്‍ കിഷന് 11 വര്‍ഷമായി ദമ്പതികളുടെ ജോലിക്കാരനാണെന്നു പോലീസ്. അമേരിക്കയിലെ മകള്ക്കരികില്നിന്ന് എത്തിയ ദിവസമാണ് ദമ്പതികളെ ഡ്രൈവര്‍ കൊലപ്പെടുത്തി സ്വര്‍ണം അപഹരിച്ചത്. മാതാപിതാക്കളുടെ ഫോണുകള്‍ സ്വിച്ച് ഓഫായതിനെത്തുടര്‍ന്ന് മകള്‍ ബന്ധുവിനെ വിവരമറിയിച്ചു. അവര്‍ പൊലീസിനെ കൂട്ടി എത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്.
◼️പ്രശസ്ത എഴുത്തുകാരനും സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായ നിലോത്പല്‍ മൃണാലിനെതിരെ ബലാത്സംഗ പരാതി. വിവാഹ വാഗ്ദാനം നല്കി പത്തു വര്‍ഷത്തോളം പീഡിപ്പിച്ചെന്നാണു ഉത്തര്‍പ്രദേശ് സ്വദേശിയായ 32 കാരിയുടെ പരാതി. ഡല്‍ഹി തിമര്പൂര് പൊലീസ് കേസെടുത്തു.
◼️സുപ്രീംകോടതിയില്‍ പുതിയ രണ്ടു ജഡ്ജിമാര്‍ ചുമതലയേറ്റു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയും ജസ്റ്റിസ് ജെ ബി പര്‍ഡിവാലയും ആണ് സുപ്രീംകോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ സുപ്രീംകോടതി ജഡ്ജിമാരുടെ ഒഴിവുകളെല്ലാം നികത്തപ്പെട്ടു. സുപ്രീംകോടതിയില്‍ ആകെ 34 ജഡ്ജിമാരാണുള്ളത്.
◼️പഞ്ചാബിലെ ഇന്ത്യ- പാക്കിസ്ഥാന് അതിര്‍ത്തിയില്‍ ലഹരിക്കടത്തിന് ഉപയോഗിച്ച ഡ്രോണ്‍ വെടിവച്ചിട്ട് ബിഎസ്എഫ്. 10 കിലോഗ്രാം ഹെറോയിനും വഹിച്ചാണ് ഡ്രോണ്‍ അതിര്‍ത്തിയിലെത്തിയത്.
◼️ഇലക്ട്രിക് സ്കൂട്ടര്‍ തീപിടുത്തത്തിനു പ്രധാന കാരണം മോശമായ ബാറ്ററി സെല്ലുകളും മൊഡ്യൂളുകളും ആണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘം. ഇലക്ട്രിക് സ്കൂട്ടറുകള് തീപിടിച്ച് നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് അന്വേഷണം ഏര്‍പ്പെടുത്തിയത്.
◼️അടുത്ത വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പത്മ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദ്ദേശങ്ങള്‍ ഓണ്‍ലൈനായി സ്വീകരിച്ചു തുടങ്ങി. അവസാന തീയതി 2022 സെപ്റ്റംബര്‍ 15 ആണ്.
◼️അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ അനുയായികളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡുമായി എന്‍ഐഎ. ഛോട്ടാ ഷക്കീലിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തു. മുംബൈയിലെ 20 ഇടങ്ങളില്‍ അതിരാവിലെ തുടങ്ങിയ റെയ്ഡ് ഇപ്പോഴും തുടരുകയാണ്. ബാന്ദ്രാ, ഗൊരേഗാവ്, നാഗ്പാട, ബോറിവലി എന്നിവിടങ്ങളിലെല്ലാം പരിശോധനകള്‍ നടക്കുന്നു.
◼️ജഹാംഗിര്പുരിക്കു പിറകേ, ഷഹീന്‍ബാഗിലും കെട്ടിടങ്ങള്‍ പൊളിക്കലുമായി ഡല്‍ഹി കോര്പ്പറേഷന്. പൗരത്വ നിയമത്തിനെതിരായ സമരത്തിന്റെ കേന്ദ്രമായിരുന്നു ഷഹീന്‍ബാഗ്. കനത്ത പോലീസ് സന്നാഹവുമായി ബുള്‍ഡോസറുകള്‍ എത്തിയെങ്കിലും പ്രദേശവാസികളും ആംആദ്മി, കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഉപരോധിച്ചതോടെ നടപടികളെല്ലാം തടസപ്പെട്ടു.
◼️വാടകഗര്‍ഭധാരണത്തിലൂടെ പിറന്ന കുഞ്ഞിന്റെ ഫോട്ടോ ആദ്യമായി പങ്കുവച്ച് നടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവും ഗായകനുമായ നിക്ക് ജൊനാസും. ഇന്‍സ്റ്റഗ്രാമില്‍ പ്രിയങ്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്. നൂറിലധികം ദിവസത്തെ ഐസിയു വാസത്തിനു ശേഷം ഞങ്ങളുടെ കുഞ്ഞുമായി വീട്ടിലെത്തിയെന്നാണ് കുറിപ്പ്.
◼️സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. രണ്ട് ദിവസമായി ചാഞ്ചാടുന്ന സ്വര്‍ണവില ഇന്നലെ മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 80 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി വില 38,000 രൂപയായി. കഴിഞ്ഞ ദിവസം ഒരു പവന് സ്വര്‍ണത്തിന് 240 രൂപ കുറയുകയും തൊട്ടടുത്ത ദിവസം 240 രൂപ വര്‍ധിക്കുകയും ചെയ്തിരുന്നു. ദീര്‍ഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4750 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ ഇന്നലെ 10 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3925 രൂപയായി.
◼️റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ റിപ്പോ നിരക്ക് പ്രഖ്യാപിച്ചതിന് പിന്നാലെ വായ്പ പലിശ നിരക്ക് 0.04 ശതമാനം വര്‍ധിപ്പിച്ച് പഞ്ചാബ് നാഷണല്‍ ബാങ്ക്. പുതുക്കിയ നിരക്ക് ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. അടിസ്ഥാന വായ്പാ നിരക്കില്‍ 30 ബേസിസ് പോയിന്റ് വര്‍ധനയാണ് എച്ച്ഡിഎഫ്സി ലിമിറ്റഡ് വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ വായ്പക്കാരെ ഈ നീക്കം ബാധിക്കും. അപ്രതീക്ഷിത റിപ്പോ നിരക്ക് വര്‍ധനയെത്തുടര്‍ന്ന് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെ നിരവധി വായ്പാ ദാതാക്കള്‍ പലിശ നിരക്ക് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ പിഎന്‍ബിയും എച്ച്ഡിഎഫ്സി ലിമിറ്റഡും നിരക്ക് വര്‍ധന പ്രഖ്യാപിച്ചത്. എച്ച്ഡിഎഫ്സി അതിന്റെ അഡ്ജസ്റ്റബിള് റേറ്റ് ഹോം ലോണുകള്‍ ബെഞ്ച്മാര്‍ക്ക് ചെയ്തിരിക്കുന്ന ഭവന വായ്പകളുടെ റീട്ടെയില്‍ പ്രൈം ലെന്‍ഡിംഗ് നിരക്ക് 30 ബേസിസ് പോയിന്റുകള്‍ വര്‍ധിപ്പിച്ചു.
◼️മോഹന്‍ലാല്‍ നായകനാകുന്ന പുതിയ ചിത്രമാണ് ജീത്തു ജോസഫിന്റെ സംവിധാനത്തിലുള്ള 'ട്വല്‍ത്ത് മാന്‍'. കെ ആര് കൃഷ്ണകുമാറിന്റെ തിരക്കഥയിലാണ് 'ട്വല്‍ത്ത് മാന്‍' എത്തുക. ഒരു ത്രില്ലര്‍ ചിത്രം തന്നെയാകും ട്വല്‍ത്ത് മാനും.'ട്വല്‍ത്ത് മാന്‍' എന്ന ചിത്രത്തിന്റെ ഒരു ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. രാഹുല്‍ മാധവിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ്പു റത്തുവിട്ടിരിക്കുന്നത്. 'സാം' എന്ന ഒരു കഥാപാത്രമായിട്ടാണ് രാഹുല്‍ മാധവ് 'ട്വല്‍ത്ത് മാനി'ല്‍ അഭിനയിക്കുക. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. 'ട്വല്‍ത്ത് മാന്‍' എന്ന ചിത്രം ഡിസ്നി പ്ലസ് ഹോട്സ്റ്റാറില് 20നാണ് റിലീസ് ചെയ്യുക.
◼️പേടിപ്പിക്കാന്‍ ഇന്ദ്രന്‍സ് എത്തുന്നു. ഇന്ദ്രന്‍സ് നായകനാവുന്ന ഹൊറര്‍ ചിത്രം 'വാമനന്റെ' മോഷന്‍ പോസ്റ്റര്‍ റിലീസായി. നവാഗതനായ എ.ബി.ബിനിലാണ് ചിത്രം കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്യുന്നത്. മൂവി ഗ്യാങ് പ്രൊഡക്ഷന്‍സ്ന്റെ ബാനറില്‍ അരുണ്‍ ബാബു കെ ബി, സമഹ് അലി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ബൈജു, അരുണ്‍, നിര്‍മ്മല്‍ പാലാഴി, സെബാസ്റ്റ്യന്‍, ബിനോജ്, ജെറി, മനു ഭാഗവത്, ആദിത്യ സോണി, സീമ ജി നായര്‍, ദില്‍സ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹൊറര്‍ സൈക്കോ ത്രില്ലറായാണ് ചിത്രമൊരുങ്ങുന്നത്.
◼️മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂട്ടിലിറ്റി വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ സ്കോര്‍പിയോയുടെ ആദ്യ ഔദ്യോഗിക ടീസര്‍ പുറത്തിറക്കി. ഇസെഡ് 101 എന്ന കോഡുനാമത്തില്‍ ഒരുങ്ങുന്ന പുതിയ തലമുറ മഹീന്ദ്ര സ്കോര്‍പിയോ സമീപകാലത്ത് ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്ന എസ്യുവികളില് ഒന്നാണ്. കമ്പനി ഈ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനത്തെ 'എസ്യുവികളുടെ ബിഗ് ഡാഡി' എന്നാണ് ടീസറിലൂടെ വിശേഷിപ്പിക്കുന്നത്. അത്യാധുനിക ഇന്റീരിയറുകള്‍ അവതരിപ്പിക്കും. കൂടാതെ, എക്സ്യുവി 700ന് സമാനമായതും എന്നാല്‍ വ്യത്യസ്തമായ ട്യൂണോടുകൂടിയതുമായ പെട്രോള്‍, ഡീസല്‍ എഞ്ചിന് ഓപ്ഷനുകളില്‍ ഇത് വാഗ്ദാനം ചെയ്യും.
Post a Comment