ആധാരങ്ങള്‍ ഡിജിറ്റലാകും രജിസ്‌ട്രേഷന്‍ വകുപ്പിനെ ആധുനികവത്കരിക്കും: മന്ത്രി വി.എന്‍. വാസവൻ

മാനന്തവാടി: രജിസ്‌ട്രേഷന്‍ വകുപ്പിനെ കൂടുതല്‍ ആധുനികവത്കരിച്ച് മുഴുവന്‍ ആധാരങ്ങളും ഡിജിറ്റലാക്കുമെന്ന് രജിസ്‌ട്രേഷന്‍-സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസ് പുതിയ കെട്ടിടം ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ വന്നതോടെ രജിസ്‌ട്രേഷന്‍ വകുപ്പ് കാലോചിതമായി മുന്നേറ്റത്തിന്റെ പാതയിലാണ്. സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതോടെ ആധാരം രജിസ്‌ട്രേഷന്‍ രംഗത്ത് പുതിയ വേഗങ്ങള്‍ കൈവരിക്കാനാവും. ആധാരം എഴുത്ത് ജീവനക്കാരുടെ ക്ഷേമപദ്ധതികള്‍ സര്‍ക്കാരിന്റെ ലക്ഷ്യമാണ്. രജിസ്‌ട്രേഷന്‍ മേഖലയെ പൂര്‍ണ്ണമായും അഴിമതി മുക്തമാക്കുമെന്നും മന്ത്രി വി.എന്‍.വാസവന്‍ പറഞ്ഞു.മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അധ്യക്ഷത വഹിച്ചു. ഒ.ആര്‍. കേളു എം.എല്‍.എയുടെയും രാഹുല്‍ ഗാന്ധി എം.പിയുടെയും സന്ദേശം ചടങ്ങില്‍ വായിച്ചു. പ്രൊജക്ട് എഞ്ചിനീയര്‍ സി. കൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഫലകം അനാച്ഛാദനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മാന്‍ പി.വി.എസ് മൂസ, വാര്‍ഡ് കൗണ്‍സിലര്‍മാരായ ബി.ഡി. അരുണ്‍കുമാര്‍, അശോകന്‍ കൊയിലേരി, ജില്ലാ രജിസ്ട്രാര്‍ എ.ബി. സത്യന്‍, സബ് രജിസ്ട്രാര്‍ റെജു ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു. 2018ലെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 365 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ 1 കോടി 20 ലക്ഷം രൂപ മുതല്‍ മുടക്കില്‍ പുതിയ കെട്ടിടം നിര്‍മ്മിച്ചത്. കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനാണ് കെട്ടിടം നിര്‍മ്മിച്ചത്. മാനന്തവാടി, പയ്യമ്പളളി, പേരിയ, വാളാട്, എടവക, നല്ലൂര്‍നാട്, തിരുനെല്ലി, തവിഞ്ഞാല്‍, തൃശിലേരി വില്ലേജുകളാണ് മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫീസിന് കീഴില്‍വരുന്നത്.

Post a Comment

Previous Post Next Post