കുട്ടികളിൽ തക്കാളിപ്പനി ; ജില്ലയിലും ജാഗ്രത നിർദ്ദേശംകൽപ്പറ്റ : ജില്ലയിൽ മൂപ്പൈനാട്, പടിഞ്ഞാറത്തറ, പേര്യ ഭാഗങ്ങളിൽ തക്കാളിപ്പനി കൂടുതലായി സ്ഥിരീകരിച്ചു. ജില്ലയിലെ വിവിധഭാഗങ്ങളിൽ നിന്ന് രോഗബാധ സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. 

ആശങ്കപ്പെടേണ്ട രീതിയിൽ പകർച്ചവ്യാധി പടരുന്നില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ അനുമാനം. എങ്കിലും പ്രത്യേക ശ്രദ്ധ നൽകാനും പ്രാദേശികമായി ക്ലസ്റ്ററുകൾ രൂപപ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കാനും യോഗം തീരുമാനിച്ചു.*

കുട്ടികളിൽ രോഗബാധ സ്ഥിരീകരിച്ചാൽ ജില്ലാതലത്തിൽ റിപ്പോർട്ട് ചെയ്യാനും നിർദേശമുണ്ട്. മൂപ്പൈനാട് രൂപപ്പെട്ട ചെറിയ ക്ലസ്റ്റർ സമയോചിതമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാനായെന്നും ആരോഗ്യവിദഗ്ധർ പറഞ്ഞു.

തക്കാളിപ്പനി എന്നു വിളിക്കുന്ന ഹാൻഡ്, ഫൂട്ട്, മൗത്ത് ഡിസീസസ് രോഗബാധ അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളിലാണ് കണ്ടുവരുന്നത്.*

 പൊതുവേ ചെറിയ കുഞ്ഞുങ്ങളായിരിക്കും രോഗബാധിതർ. കടുത്ത പനിക്കൊപ്പം കാലിലും കൈയിലും വായിലും ചുവന്ന കുമിളകൾപോലെ തുടുത്തുവരും. വേനൽക്കാലമായതിനാൽ ഇതു ചൂടുകുരുവാണെന്നും തെറ്റിദ്ധരിക്കാൻ ഇടയുണ്ട്.

ഓക്കാനം, ഛർദി, ക്ഷീണം, പൊതുവായ അസ്വാസ്ഥ്യം, വിശപ്പില്ലായ്മ എന്നീ ലക്ഷണങ്ങളും കൈപ്പത്തികളിലും പാദങ്ങളിലും നിതംബങ്ങളിലും ചിലപ്പോൾ ചുണ്ടുകളിലും കുമിളകളോ അതു പൊട്ടിയുള്ള വ്രണങ്ങളോ ഉണ്ടാകാം.*

 സാധാരണ ഗതിയിൽ രോഗം ഗുരുതരാവസ്ഥയിലെത്താറില്ല. രണ്ടുതരം വൈറസുകളാണ് രോഗം പടർത്തുന്നത്. പ്രാദേശികമായി കൂടുതൽ രോഗബാധിതർ ഉണ്ടാവുകയാണെങ്കിൽ വൈറസ് ഏതാണെന്ന് പരിശോധിക്കാനും മുൻകരുതലുകൾ എടുക്കാനും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശം നൽകിയിട്ടുണ്ട്.

Post a Comment

Previous Post Next Post