◼️മുക്കുപണ്ടം പണയംവച്ചു 32 ലക്ഷം തട്ടിയെടുത്ത കേസില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിടിയിലായി. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റും കോണ്‍ഗ്രസുകാരനുമായ ബാബു പൊലുകുന്നത്തിനെയാണ് അറസ്റ്റു ചെയ്തത്. കൊടിയത്തൂര്‍ ഗ്രാമീണ്‍ ബാങ്ക്, പെരുമണ്ണ സഹകരണ ബാങ്ക്, മുക്കം കാര്‍ഷിക വികസന ബാങ്ക് എന്നിവിടങ്ങളിലാണ് ഇയാള്‍ തട്ടിപ്പു നടത്തിയത്. പ്രതികളായ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വിഷ്ണു, സന്തോഷ്, ഷൈനി എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസില്‍ കുടുങ്ങിയ കൊടിയത്തൂര്‍ ബാങ്കിലെ അപ്രൈസര്‍ മോഹനന് ട്രെയിനിനു മുന്നില്‍ ചാടി ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
◼️പെരിന്തല്‍മണ്ണയില്‍ പ്രവാസി ദുരൂഹ സാഹചര്യത്തില്‍ മര്‍ദനമേറ്റ് മരിച്ച സംഭവത്തില്‍ ആറു പേര് കസ്റ്റഡിയില്‍. ഇവരെ ചോദ്യം ചെയ്തുവരികയാണ്. പ്രതികളുമായി ബന്ധമുള്ളവരാണ് ഇവര്‍. മരിച്ച അഗളി സ്വദേശി അബ്ദുല്‍ ജലീലിനെ ആശുപത്രിയില്‍ എത്തിച്ചു മുങ്ങിയ യഹിയയെ പിടികൂടാനായിട്ടില്ല.
◼️പച്ചക്കറി വില കത്തുന്നു. തക്കാളി വില സെഞ്ചുറിയടിച്ചു. ബീന്‍സ്, പയര്‍, വഴുതന തുടങ്ങിയവയ്ക്കും ഒരാഴ്ചക്കിടെ വില ഇരട്ടിയായി. മുപ്പത് രൂപയ്ക്കു കിട്ടിയിരുന്ന തക്കാളിക്കാണ് നൂറു രൂപയായത്. 30 രൂപയുണ്ടായിരുന്ന വഴുതനയ്ക്ക് 60 രൂപ ആയി. 40 രൂപയ്ക്ക് കിട്ടിയിരുന്ന പയറിന് 80 രൂപ കൊടുക്കണം. 30 രൂപയ്ക്ക് കിട്ടിയിരുന്ന കത്തിരിക്ക് 50 രൂപയായി. ചേമ്പിന് 60 രൂപ. കുക്കുമ്പര്‍, കാരറ്റ്, കാബേജ് എന്നിവയ്ക്കു 40 മുതല്‍ 60 വരെ രൂപയാണു വില.
◼️വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ തള്ളി. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് അപേക്ഷ തള്ളിയത്. തത്കാലം അറസ്റ്റില്ലെന്നു പോലീസ്. ഹൈക്കോടതിയെ സമീപിക്കുമെന്നു മകന് ഷോണ്‍ ജോര്‍ജ്.
◼️പരശുറാം എക്സ്പ്രസ് നാളെ മുതല്‍ ഷൊര്‍ണൂര്‍-മംഗലാപുരം റൂട്ടില്‍ സര്‍വീസ് നടത്തും. ചിങ്ങവനം- ഏറ്റുമാനൂര്‍ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉള്‍പ്പെടെയുള്ള ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.
◼️ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്ത നജ്ലയുടെ ഭര്‍ത്താവ് റെനീസ് വട്ടിപ്പലിശക്കു വായ്പ നല്‍കിയിരുന്നെന്ന് പൊലീസ്. ഇതു സംബന്ധിച്ച രേഖകളും പണവും റെനീസിന്റെ ബന്ധുവീട്ടില്‍നിന്ന് കണ്ടെടുത്തു. നജ്ലയും കുഞ്ഞുങ്ങളും മരിച്ചതിനു പിറകേ രേഖകളടങ്ങിയ ബാഗ് ബന്ധുവിന്റെ വീട്ടില്‍ റെനീസ് ഏല്‍പ്പിച്ചിരുന്നു. നിരവധി ആധാരങ്ങളും ചെക്ക് ബുക്കുകളും ഒരു ലക്ഷത്തോളം പണവും ബാഗിലുണ്ട്.
◼️പത്തു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത 68 കാരനെ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി പത്തു വര്‍ഷം കഠിനതടവിനും 1,20,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാളികാവ് മമ്പാട്ടുമൂല നീലങ്ങോടന്‍ മുഹമ്മദിനെയാണ് ശിക്ഷിച്ചത്. 2015 മാര്‍ച്ചിലായിരുന്നു സംഭവം.
◼️ദിലീപ് പ്രതിയായ വധഗൂഢാലോചന കേസില്‍ അന്വേഷണസംഘം നെയ്യാറ്റിന്‍കര ബിഷപ്പ് വിന്‍സന്റ് സാമുവലിന്റെ മൊഴിയെടുത്തു. ബാലചന്ദ്രകുമാറിനെ അറിയാമെന്നും എന്നാല്‍ ദിലീപിന്റെ ജാമ്യത്തിനായി ഇടപെട്ടിട്ടില്ലെന്നും ബിഷപ്പ് മൊഴിനല്‍കി.
◼️നടിയെ ആക്രമിച്ച കേസിലെ സ്പെഷല്‍ പ്രോസിക്യൂട്ടറായി ആരെ നിയമിക്കണമെന്ന് അതിജീവിതയുടെ അഭിപ്രായം തേടി സര്‍ക്കാര്‍. തെളിവുകള്‍ എവിടെയെന്ന കോടതിയുടെ ചോദ്യത്തിനു മറുപടി പറയാനാകാതെ രണ്ടാമത്തെ പ്രോസിക്യൂട്ടറും രാജിവച്ചിരിക്കേയാണ് വിഷയം സര്‍ക്കാര്‍ അതിജീവിതയുടെ മുന്നിലേക്കിട്ടത്.
◼️പത്തനംതിട്ട പെരുനാട്ടില്‍ പൊലീസുകാരനെ മര്‍ദിച്ച രണ്ടു പേര് പിടിയില്‍. സീനിയര്‍ സി പി ഒ അനില്‍കുമാറിനാണ് മര്‍ദ്ദനമേറ്റത്. മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ച തടി ലോറി നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദ്ദനം. അത്തിക്കയം സ്വദേശി സച്ചിന്, അലക്സ് എന്നിവരാണ് പിടിയിലായത്.
◼️സര്‍ക്കാര്‍ ആശുപത്രിയിലെ രണ്ടാമത്തെ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജയകരമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കരള്‍മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന രണ്‍ദീപിനെ ഡിസ്ചാര്‍ജ് ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. ജയകുമാറിന്റെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ ഗ്യാസ്ട്രോ ടീം രണ്‍ദീപിനെ യാത്രയാക്കി.
◼️സംസ്ഥാനത്ത് ഒരു ലക്ഷത്തിലധികം പേര് അതീവ ദരിദ്രര്‍. 64,006 കുടുംബങ്ങള്‍ അതീവ ദരിദ്രാവസ്ഥയിലാണ്. ഇതില്‍ 3021 കുടുംബങ്ങള്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാരാണ്. വയനാട്ടില്‍ മാത്രം ഭൂരഹിത ആദിവാസി കുടുംബങ്ങള്‍ 3,210. തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ വഴി സംസ്ഥാന സര്‍ക്കാര്‍ നടത്തിയ വിവരശേഖരണത്തിലാണ് ഈ വിവരം. സംസ്ഥാനത്തെ 12,763 പട്ടിക ജാതി കുടുംബങ്ങള്‍ അതീവ ദരിദ്രാവസ്ഥയിലാണ്. തീരദേശ മേഖലയിലെ 2737 കുടംബങ്ങളും അതിദരിദ്രരാണ്.
◼️ശബരിമല സ്ത്രീ പ്രവേശന പ്രക്ഷോഭവുമായി ബന്ധപ്പെട്ടു സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി നാലായിരത്തിലേറെ പ്രതികളുള്ള ആയിരത്തിലേറെ കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം നടപ്പാക്കാനാകാതെ അധികൃതര്‍. ഗുരുതരമല്ലാത്ത കേസുകള്‍ പിന്‍വലിക്കാനുള്ള ഉത്തരവിലെ അവ്യക്തതയും ആശയക്കുഴപ്പവുമാണ് തടസമായി ചൂണ്ടിക്കാണിക്കുന്നത്.
◼️നടന് മോഹന്‍ലാലിന് ഇന്ന് 61 ാം പിറന്നാള്‍. സിനിമയിലെ അദ്ദേഹത്തിന്റെ ഡയലോഗുകളും ചിത്രങ്ങളും പങ്കുവച്ച് ആരാധകര്‍. മമ്മൂട്ടി അടക്കമുള്ള താരങ്ങളും ആശംസകള്‍ നേര്‍ന്നു.
◼️രാജ്യമെങ്ങും കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജീവ് സ്മൃതി സംഘടിപ്പിച്ചു. മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അനുസമരണ പരിപാടികളും പുഷ്പാര്‍ച്ചനയും നടന്നു.
◼️മുന്‍ സാമ്പത്തിക വര്‍ഷത്തെ ലാഭവിഹിതമായി 30,307 കോടി രൂപ റിസര്‍വ് ബാങ്ക് കേന്ദ്ര സര്‍ക്കാറിനു നല്‍കും. അടിയന്തര കരുതല്‍ ധനം അഞ്ചര ശതമാനമായി നിലനിര്‍ത്തും. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റെ അധ്യക്ഷതയില്‍ നടന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സിന്റെ യോഗത്തിലാണ് തീരുമാനമുണ്ടായത്.
◼️നിക്ഷേപകരെ കബളിപ്പിച്ച് നാനൂറു കോടി രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ജയിലില്‍ ക്ഷയരോഗം ബാധിച്ചു മരിച്ചു. 2010 ലെ സിറ്റി ബാങ്ക് തട്ടിപ്പു കേസിലെ പ്രതി ശിവരാജ് പുരിയാണ് മരിച്ചത്. ജയിലില്‍ രോഗബാധിതനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
◼️ഡല്‍ഹിയില്‍ സിഎന്‍ജി വില വീണ്ടും വര്‍ധിപ്പിച്ചു. കിലോയ്ക്ക് രണ്ടു രൂപയാണ് കൂട്ടിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സിഎന്‍ജി വില 60 ശതമാനം വര്‍ധിപ്പിച്ചു.
◼️എന്‍എസ്ഇ കുംഭകോണവുമായി ബന്ധപ്പെട്ട് രാജ്യത്തെ പത്തിടങ്ങളില്‍ റെയ്ഡ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ഗാന്ധിനഗര്‍, നോയിഡ, ഗുരുഗ്രാം എന്നിവടങ്ങളിലാണ് പരിശോധന. ഓഹരിവിപണി ബ്രോക്കര്‍മാരെയും സ്ഥാപനങ്ങളെയും കേന്ദ്രീകരിച്ചാണ് പരിശോധന.
◼️രാജ്യം ഭരിക്കുന്ന ബിജെപി ജനാധിപത്യത്തേയും ഭരണഘടനാ സ്ഥാപനങ്ങളേയും അട്ടിമറിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ലണ്ടനില്‍ സംഘടിപ്പിച്ച ഐഡിയാസ് ഫോര്‍ ഇന്ത്യ കോണ്‍ക്ലേവില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭാഗീയതയിലൂടെ ഭിന്നിപ്പിക്കാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു.
◼️കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധു പാട്യാല സെന്‍ട്രല്‍ ജയിലില്‍. ആരോഗ്യപ്രശ്നങ്ങള്‍ ഉന്നയിച്ച് കീഴടങ്ങാന്‍ സാവകാശം തേടിയുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെ ഇന്നലെത്തന്നെ കീഴടങ്ങുകയായിരുന്നു. എട്ടു കൊലപ്പുള്ളികളെ പാര്‍പ്പിച്ച ജയില്സെല്ലിലാണ് സിദ്ധുവിനെ ഇന്നലെ പൂട്ടിയിട്ടത്.
◼️ജ്ഞാന്‍വാപി മസ്ജിദ് വിഷയത്തില്‍ മതവിദ്വേഷ പ്രചാരണം ആരോപിച്ച് ഡല്‍ഹി സര്‍വകലാശാല അധ്യാപകനെ അറസ്റ്റ് ചെയ്തു. ഹിന്ദു കോളജിലെ ചരിത്രാധ്യാപകന്‍ രത്തന്‍ ലാലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ശിവലിംഗവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിലാണ് നടപടി.
◼️പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് കോടികള്‍ തട്ടി രാജ്യം വിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്സിക്കെതിരായ കേസ് ഡൊമിനിക്കന്‍ റിപ്പബ്ളിക് പിന്‍വലിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിച്ചതിനെതിരെ രജിസ്റ്റര്‍ ചെയ്ത കേസാണ് പിന്‍വലിച്ചത്. ചോക്സിയെ വിട്ടുകിട്ടാന്‍ ശ്രമം നടത്തുന്ന സിബിഐക്ക് തിരിച്ചടിയാണ് ഈ നടപടി.
◼️പ്രളയത്തില്‍ മുങ്ങിയ ആസാമില്‍നിന്ന് കൂട്ടപ്പലായനം. എട്ടു ലക്ഷത്തോളം പേരാണു പ്രളയബാധിതര്‍. ഏഴുപതിനായിരത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. പല കുടുംബങ്ങളും ഉയരമുള്ള പ്രദേശങ്ങളിലേക്കു താമസം മാറ്റി. ടാര്‍പൊളിന്‍ ഷീറ്റുകൊണ്ടു ടെന്റടിച്ചാണ് കുടുംബങ്ങള്‍ കഴിയുന്നത്.
◼️ദളിത് സ്ത്രീ പാചകം ചെയ്ത ഭക്ഷണം ബഹിഷ്കരിച്ച് വിവാദമായ ഉത്തരാഖണ്ഡ് ചമ്പാവത്ത് ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ വീണ്ടും ബഹിഷ്കരണവുമായി വിദ്യാര്‍ത്ഥികള്‍. ഡിസംബറില്‍ വിദ്യാര്‍ത്ഥികള്‍ ഭക്ഷണം ബഹിഷ്കരിച്ചതോടെ പിരിച്ചുവിട്ട സുനിതാ ദേവിയെ സ്കൂളില്‍ തിരിച്ചെടുത്തിരുന്നു. ഇവര്‍ പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കില്ലെന്നാണ് എട്ടു കുട്ടികള്‍ പറയുന്നതെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ പ്രേം സിംഗ് പറഞ്ഞു.
◼️തായ്ലന്ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇറങ്ങിയ പി വി സിന്ധുവിന് തോല്‍വി. സെമിയില്‍ ഒളിംപിക് ചാംപ്യന്‍ ചൈനയുടെ ചെന്‍ യു ഫെയേ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്.
◼️നഷ്ടത്തില്‍ നിന്ന് കരകയറാനാകാതെ പേടിഎം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാംപാദഫലത്തില് കമ്പനിയുടെ കണ്‍സോളിഡേറ്റഡ് നഷ്ടം 761.4 കോടി രൂപയയിലേക്കെത്തി. നഷ്ടങ്ങള്‍ തുടര്‍ച്ചയായി കുറഞ്ഞുവരുന്നുണ്ടെങ്കിലും മറ്റിനങ്ങളിലെ ചെലവുകള്‍ വര്‍ധിച്ചതാണ് തിരിച്ചടിയായത്. പേയ്മെന്റ് പ്രോസസ്സിംഗ് ചാര്‍ജിലെ വര്‍ധനയും, ജീവനക്കാരുടെ ആനുകൂല്യ ചെലവുകളുമാണ് കമ്പനിയെ കുടുതല്‍ നഷ്ടത്തിലേക്ക് നയിച്ചത്. അതേസമയം, വണ്‍97 കമ്മ്യൂണിക്കേഷന്‍സിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം ഈ പാദത്തില്‍ ഏകദേശം 89 ശതമാനം ഉയര്‍ന്ന് 1,540.9 കോടി രൂപയായിട്ടുണ്ട്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 815.3 കോടി രൂപയായിരുന്നു.
◼️നാലാം പാദത്തില്‍ നേട്ടം കൊയ്ത് വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. മുന്‍നിര ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് ഗൃഹോപകരണ നിര്‍മാതാക്കളായ വിഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2021-22 സാമ്പത്തിക വര്‍ഷം നാലാം പാദത്തില്‍ 89.58 കോടി രൂപ സംയോജിത അറ്റാദായം നേടി. മുന്‍ വര്‍ഷം ഇതേകാലയളവില്‍ 68.39 കോടി രൂപയായിരുന്നു. 31 ശതമാനമാണ് വര്‍ധന. നാലാം പാദത്തില്‍ കമ്പനിയുടെ സംയോജിത പ്രവര്‍ത്തന വരുമാനം 10,58.21 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ 855.20 കോടി രൂപയില്‍ നിന്നും 23.7 ശതമാനം വളര്‍ച്ച നേടി. കണ്‍സ്യൂമര്‍ ഉപകരണങ്ങളുടേയും ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടേയും വില്‍പ്പനയില്‍ കരുത്തുറ്റ വളര്‍ച്ചയാണ് കൈവരിച്ചത്. 2022 മാര്‍ച്ച് 31ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ സംയോജിത അറ്റാദായം 228.44 കോടി രൂപയാണ്.
◼️സഞ്ജിത്ത് ചന്ദ്രസേനന് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ത്രയം'. മലയാളത്തില്‍ നിയോ-നോയര്‍ ജോണറില്‍ വരുന്ന വേറിട്ട ഈ ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. 'ആമ്പലേ നീലാമ്പലേ' എന്ന് തുടങ്ങുന്ന ഗാനം സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അരുണ്‍ മുരളീധരന് ആണ്. കെ എസ് ഹരിശങ്കര്‍ ആലപിച്ച ഈ മനോഹരമായ റൊമാന്റിക് ഗാനത്തിന് മനു മഞ്ജിത് ആണ് വരികള്‍ രചിച്ചിരിക്കുന്നത്. സണ്ണി വെയിന്‍, ധ്യാന്‍ ശ്രീനിവാസ്, നിരഞ്ജ് മണിയന്‍പിള്ള രാജു, അജു വര്‍ഗീസ്, നിരഞ്ജന അനൂപ് എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. തിരക്കേറിയ നഗരത്തില്‍ ഒരു ദിവസത്തിനുള്ളില്‍ ഒരു കൂട്ടം യുവാക്കളുടെ ജീവിതങ്ങളിലൂടെ ബന്ധിക്കപ്പെട്ടുകിടക്കുന്ന സംഘര്‍ഷഭരിതമായ മുഹൂര്‍ത്തങ്ങള്‍ ആണ് ചിത്രത്തിന്റെ ഇതിവൃത്തം.
◼️കരിയറിലെ രണ്ടാം ചിത്രം കൊണ്ട് രാജ്യം മുഴുവനുമുള്ള സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീല്‍. കെജിഎഫ് ആയിരുന്നു ആ ചിത്രം. പ്രഭാസ് നായകനാവുന്ന സലാര്‍, ജൂനിയര്‍ എന്‍ടിആര്‍ നായകനാവുന്ന പുതിയ ചിത്രം എന്നിവയാണ് പ്രശാന്തിന്റെ സംവിധാനത്തില്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന പുതിയ ചിത്രങ്ങള്‍. എന്നാല്‍ അദ്ദേഹം ഭാഗഭാക്കാവുന്ന മറ്റൊരു ചിത്രം ബംഗളൂരുവില്ആരംഭിച്ചു. ശ്രീമുരളിയെ നായകനാക്കി സൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ബഗീര എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശാന്ത് നീല്‍ ആണ്. പൊലീസ് കഥാപാത്രമാണ് ശ്രീമുരളി അവതരിപ്പിക്കുന്ന നായകന്. ബംഗളൂരുവിലും കര്‍ണ്ണാടകയുടെ മറ്റു ഭാഗങ്ങളിലുമായിരിക്കും ബഗീരയുടെ ഭൂരിഭാഗം ചിത്രീകരണവും.
⭕⭕⭕⭕⭕⭕
*കോഴിക്കോട് ന്യൂസ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക*
👇👇👇👇👇👇👇
*https://chat.whatsapp.com/IWJqFEKHTQVDlR79CI0pCy*
➖➖➖➖➖➖➖➖➖➖
*250 ഗ്രൂപ്പുകളിലൂടെ 55,000 ൽ പരം ആളുകളുടെ വാട്ട്സാപ്പിലേക്ക് നിങ്ങളുടെ പരസ്യങ്ങളും വാർത്തകളും എത്തിക്കാൻ താഴെ കാണുന്ന നമ്പറുകളിലേക്ക് ബന്ധപ്പെടുക*
*https://wa.me/918921856299?text=Hi,Admin*
Post a Comment