കുമളി: സുപ്രീംകോടതി നിയോഗിച്ച മുല്ലപ്പെരിയാർ അഞ്ചംഗ ഉന്നതാധികാര സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. മഴക്കാലം ആരംഭിക്കുംമുമ്പ് അണക്കെട്ടിലെ സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് വേണ്ടിയാണ് സമിതിയുടെ സന്ദർശനം. അണക്കെട്ടിൽ നിലവിൽ 129.50 അടി ജലമാണുള്ളത്. 142 അടിയാണ് അണക്കെട്ടിൽ ജലം സംഭരിക്കാൻ തമിഴ്നാടിന് അനുമതിയുള്ളത്. സുപ്രീംകോടതി നിർദേശപ്രകാരം മുമ്പ് രൂപവത്കരിച്ച മൂന്നംഗ ഉന്നതാധികാര സമിതിയിലേക്ക് രണ്ട് സാങ്കേതിക വിദഗ്ധരെക്കൂടി നിയോഗിച്ച ശേഷമുള്ള ആദ്യ സന്ദർശനമാണ് ഇന്ന് നടക്കുന്നത്.
കേരളത്തിൽനിന്ന് ഇറിഗേഷൻ ചീഫ് എൻജിനീയർ അലക്സ് വർഗീസ്, തമിഴ്നാട് കാവേരി സെൽ ചെയർമാൻ സുബ്രഹ്മണ്യം എന്നിവരാണ് സമിതിയിലെ പുതിയ അംഗങ്ങൾ. കേന്ദ്ര ജല കമീഷൻ അംഗം ഗുൽഷൻ രാജിന്റെ നേതൃത്വത്തിലാണ് അഞ്ചംഗ സമിതി അണക്കെട്ട് സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുക. സമിതിയുടെ സന്ദർശനത്തിന് മുന്നോടിയായി തേക്കടിയിലെ തമിഴ്നാട് ഐ.ബി, ക്വാർട്ടേഴ്സുകൾ, അണക്കെട്ട്, സമീപത്തെ ഐബി എന്നിവയെല്ലാം അറ്റകുറ്റപ്പണികൾ നടത്തി പെയിൻറിങ് ജോലികൾ പൂർത്തീകരിച്ചു. 2021 ഫെബ്രുവരി 19നാണ് മൂന്നംഗ ഉന്നതാധികാര സമിതി ഏറ്റവും ഒടുവിൽ അണക്കെട്ട് സന്ദർശിച്ചത്. അന്ന് അണക്കെട്ടിൽ സിമന്റ് ഗ്രൗട്ടിങ് നടത്താൻ തമിഴ്നാട് അനുമതി തേടിയിരുന്നെങ്കിലും സമിതി തീരുമാനം എടുക്കാതെ പിരിയുകയായിരുന്നു.
Post a Comment