വോട്ടര്‍ ഐഡി- ആധാര്‍ ബന്ധിപ്പിക്കും; നിർബന്ധമല്ല, ചെയ്യാതിരുന്നാല്‍ കാരണം ബോധിപ്പിക്കണം

ന്യൂഡൽഹി: തിരഞ്ഞെടുപ്പുകമ്മിഷന്റെ തിരിച്ചറിയൽകാർഡും ആധാറും ബന്ധിപ്പിക്കുന്നതിന്റെ വിജ്ഞാപനം കേന്ദ്രസർക്കാർ ഉടൻ പുറത്തിറക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽനിന്ന് ശനിയാഴ്ച വിരമിച്ച സുശീൽ ചന്ദ്ര പറഞ്ഞു.

വോട്ടർ ഐ.ഡി.യും ആധാറും ബന്ധിപ്പിക്കുന്നതിന്റെ കരടുനിർദേശങ്ങൾ ഇതിനകം കമ്മിഷൻ സർക്കാരിന് കൈമാറിയിട്ടുണ്ട്. വൈകാതെ, ഇതിനു നിയമമന്ത്രാലയത്തിന്റെ അംഗീകാരംലഭിക്കുമെന്നാണ് കരുതുന്നത്. ഇവരണ്ടും ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കില്ല. എന്നാൽ, ആധാർനമ്പർ നൽകാതിരിക്കുന്നതിന് വോട്ടർമാർ കാരണംബോധിപ്പിക്കേണ്ടി വരും.

ആധാർകാർഡുമായി ബന്ധിപ്പിക്കുന്നത് ഇരട്ടിപ്പുകൾ തടഞ്ഞ് വോട്ടർപട്ടിക ശുദ്ധീകരിക്കാൻ തിരഞ്ഞെടുപ്പുകമ്മിഷനെ സഹായിക്കും. വോട്ടർമാരെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുമ്പോൾ കൂടുതൽസേവനങ്ങൾ നൽകാനാകും. തിരഞ്ഞെടുപ്പ്‌ തീയതികളെക്കുറിച്ചും പോളിങ്ബൂത്തുകളെക്കുറിച്ചും വോട്ടർമാരെ ഫോണിൽ അറിയിക്കാനാകുമെന്നും സുശീൽചന്ദ്ര പറഞ്ഞു.

ആധാർകാർഡ് ബന്ധിപ്പിക്കലും വോട്ടർപട്ടികയിൽ പേരുചേർക്കാൻ പ്രതിവർഷം നാലവസരം നൽകുന്നതും തന്റെ കാലയളവിലെടുത്ത സുപ്രധാന തീരുമാനങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. ജനുവരി ഒന്നിന് പ്രായപൂർത്തിയാകുന്നവർക്കാണ് നിലവിൽ വോട്ടർപട്ടികയിൽ പേരുചേർക്കാനാകുന്നത്. ജനുവരി രണ്ടിന് 18 വയസ്സ് പൂർത്തിയാകുന്നവർ വീണ്ടും ഒരുവർഷം കാത്തിരിക്കേണ്ടിവരുന്നു. പുതിയ വിജ്ഞാപനത്തിൽ അതിനുമാറ്റം വരും. ജനുവരിക്ക് പുറമേ വർഷം മൂന്നുതവണകൂടി പേരുചേർക്കാൻ അവസരമുണ്ടാകും -അദ്ദേഹം പറഞ്ഞു. കമ്മിഷനിലെ മുതിർന്ന അംഗം രാജീവ് കുമാറാണ് സുശീൽചന്ദ്ര വിരമിക്കുന്ന ഒഴിവിൽ സ്ഥാനമേൽക്കുന്ന പുതിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ.

Post a Comment

Previous Post Next Post