പരശുറാം എക്സ്‍പ്രസ് നാളെ മുതൽ ഭാഗികമായി സർവീസ് നടത്തുംകോഴിക്കോട്: പരശുറാം എക്സ്പ്രസ് നാളെ മുതൽ ഷൊർണൂർ-മംഗലാപുരം റൂട്ടിൽ സർവീസ് നടത്തുമെന്ന് റെയിൽവേ. ചിങ്ങവനം-ഏറ്റുമാനൂർ ഭാഗത്ത് പാത ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി പരശുറാം ഉൾപ്പെടെയുള്ള ട്രെയിനുകൾ റദ്ദാക്കിയത് വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേതുടർന്നാണ് യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് പരശുറാം മംഗലാപുരത്തിനും ഷൊർണൂരിനും ഇടയിൽ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചത്. ഈ ട്രെയിനിനെ ആശ്രയിക്കുന്ന പ്രതിദിന യാത്രക്കാർക്ക് ആശ്വാസകരമാണ് റെയിൽവേയുടെ തീരുമാനം.

ചിങ്ങവനത്തിനും ഏറ്റുമാനൂരിനുമിടയിൽ പാതയിരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം വഴിയുളള 21 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചിരുന്നു. പ്രതിദിന യാത്രക്കാർ ഏറ്റവും അധികം ആശ്രയിക്കുന്ന പരശുറാം, ജനശതാബ്ദി എക്സ്പ്രസുകൾ റദ്ദാക്കിയ ട്രെയിനുകളുടെ പട്ടികയിൽ ഉണ്ടായിരുന്നു. ഈ മാസം 29 വരെയാണ് ട്രെയിനുകൾ താൽക്കാലികമായി റദ്ദാക്കിയത്. മംഗളൂരു-നാഗർകോവിൽ പരശുറാം 28 വരെയും നാഗർകോവിൽ-മംഗളൂരു പരശുറാം 29 വരെയും റദ്ദാക്കിയിരുന്നു. ജനശതാബ്ദിയും തിരുവനന്തപുരത്തേക്കുളള വേണാട് എക്സ്പ്രസും റദ്ദാക്കിയിട്ടുണ്ട്. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസും പൂർണമായി റദ്ദാക്കിയിരുന്നെങ്കിലും യാത്രക്കാരുടെ സൗകര്യം കണക്കിലെടുത്ത് ഷൊർണൂർ വരെ സർവീസ് നടത്തുമെന്ന് റെയിൽവെ അധികൃതർ പിന്നീട് അറിയിച്ചു.

Post a Comment

Previous Post Next Post