ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു

ഗാന്ധിനഗർ: ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്റ് ഹാർദിക് പട്ടേൽ കോൺഗ്രസ് വിട്ടു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പാർട്ടിക്ക് കനത്ത തിരിച്ചടിയായി യുവ നേതാവിന്റെ രാജി. ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാർദിക് പ്രതികരിച്ചു. "കോൺഗ്രസ് പാർട്ടിയിൽ നിന്നും സ്ഥാനമൊഴിയാനുള്ള ധൈര്യം ഞാൻ സംഭരിക്കുകയാണ്. എന്റെ തീരുമാനത്തെ എന്റെ സഹപ്രവർത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഭാവിയിൽ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു. "കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാർദിക് പട്ടേൽ ട്വിറ്റർ പോസ്റ്റിൽ കുറിച്ചു.


2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാർദിക് പട്ടേൽ കോൺഗ്രസിൽ ചേർന്നത്. ഗുജറാത്ത് കോൺഗ്രസ് ഘടകത്തിലെ ചേരിപ്പോരിനെക്കുറിച്ച് കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം പരാതിപ്പെട്ടിരുന്നു. പാർട്ടി അധ്യക്ഷനായിട്ട് പോലും തന്നെ പാർട്ടി പരിഗണിക്കാറില്ല, നിർണായ തീരുമാനങ്ങൾ അറിയാറില്ലെന്നും ഹാർദിക് പട്ടേൽ അതൃപ്തി അറിയിച്ചിരുന്നു. കോൺഗ്രസിനെ വിമർശിച്ചും ബിജെപിയെ പുകഴ്ത്തിയും അദ്ദേഹം രംഗത്ത് എത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ മത്സരരംഗത്തുണ്ടാവുമെന്നും ഹാർദിക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തിൽ 2022 തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സർക്കാർ രൂപീകരിക്കുകയാണ് ലക്ഷ്യമെന്നും ഹാർദിക്ക് പട്ടീൽ അതിൽ മുഖ്യപങ്കുവഹിക്കുമെന്നും ഗുജറാത്തിന്റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രഘു ശർമ്മ നേരത്തെ പറഞ്ഞിരുന്നു.

Post a Comment

Previous Post Next Post