നീല -വെള്ള കാർഡുകാർക്കുള്ള ഗോതമ്പ് വെട്ടിക്കുറച്ച് കേന്ദ്രം


 
തിരുവനന്തപുരം: ആഭ്യന്തര വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാൻ ഗോതമ്പ് കയറ്റുമതി വിലക്കിയതിനെ തുടർന്ന് റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഗോതമ്പ് വിഹിതവും കേന്ദ്രം വെട്ടിക്കുറച്ചു. കേരളത്തിൽ മുൻഗണനേതര വിഭാഗത്തിന് (നീല,വെള്ള കാർഡുകൾ) നൽകി വന്നിരുന്ന ഗോതമ്പ് വിതരണം പൂർണ്ണമായി നിലയ്ക്കും. താല്ക്കാലിക നടപടിയാണെന്നും ഉത്പാദനം കൂടുമ്പോൾ പുനഃസ്ഥാപിക്കുമെന്നുമാണ് കേന്ദ്ര ഭക്ഷ്യവകുപ്പിന്റെ വിശദീകരണം.

സംസ്ഥാനത്തിന് ടൈഡ് ഓവർ വിഹിതമായി നൽകിവന്നിരുന്ന 6459.074 മെട്രിക്ക് ടണ്ണാണ് നിറുത്തലാക്കിയത്. ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലായതോടുകൂടി കേരളത്തിൽ റേഷന് അർഹതയുള്ളവരുടെ എണ്ണം ജനസംഖ്യയുടെ 43 ശതമാനമായി ചുരുങ്ങിയിരുന്നു. 1,54,80,040 പേർ മാത്രമാണ് ഭക്ഷ്യ ഭദ്രതാനിയമപ്രകാരം റേഷന് അർഹർ. ടൈഡ് ഓവർ വിഹിതമായി അനുവദിച്ചിരുന്ന അരിയും ഗോതമ്പുമാണ് ശേഷിക്കുന്ന മുൻഗണനേതര വിഭാഗത്തിന് ചെറിയ അളവിലെങ്കിലും നൽകിയിരുന്നത്.
മുൻഗണനേതര വിഭാഗത്തിൽ ഉൾപ്പെട്ട ഏകദേശം 50 ലക്ഷം കാർഡുടമകൾക്കാണ് ഗോതമ്പ് ലഭിക്കാതാവുക.

സംസ്ഥാനത്തിന്റെ പൊതുവിതരണ സമ്പ്രദായത്തെ തകർക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കമാണ് ഗോതമ്പ് വിഹിതം വെട്ടിക്കുറച്ചതിന് പിന്നിലെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു.
മണ്ണെണ്ണ വിഹിതത്തിൽ വെട്ടിക്കുറവ് വരുത്തിയതിനു പിറകെയാണ് ഗോതമ്പ് വിഹിതം നിറുത്തലാക്കിയത്.


Post a Comment

Previous Post Next Post