ആശങ്കയായി കുരങ്ങുപനി; യൂറോപ്പില്‍ കൂടുതൽ രാജ്യങ്ങളിൽ രോ​ഗബാധ ; ലോകാരോഗ്യസംഘടന അടിയന്തരയോഗം വിളിച്ചു

ന്യൂയോര്‍ക്ക്: കോവിഡിന് പിന്നാലെ ലോകരാജ്യങ്ങളില്‍ കുരങ്ങുപനി (മങ്കി പോക്‌സ്) പടരുന്നതും ആശങ്കയാകുന്നു. കാനഡയ്ക്ക് പിന്നാലെ ഫ്രാന്‍സ്, ബ്രിട്ടന്‍, ജര്‍മനി, ബെല്‍ജിയം, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഇറ്റലി, അമേരിക്ക, സ്വീഡന്‍, ഓസ്‌ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, തുടങ്ങിയ രാജ്യങ്ങളില്‍ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ലോകാരോഗ്യ സംഘടന അടിയന്തരയോഗം വിളിച്ചു.

 

യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇതുവരെ നൂറിലേറെപ്പേര്‍ക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്. 12 രാജ്യങ്ങളിലായി 130 ലേറെപ്പേര്‍ക്കാണ് ഇതുവരെ മങ്കി പോക്‌സ് സ്ഥിരീകരിച്ചത്. മധ്യ, പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും മങ്കി പോക്‌സ് വ്യാപകമാകുന്നതായി റിപ്പോര്‍ട്ടുണ്ട്.

സ്‌പെയിനില്‍ 14 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 21 ആയി. 20 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ അറിയിച്ചു. മാഡ്രിഡ് നഗരത്തില്‍ രോഗബാധയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്‌നാനകേന്ദ്രം അടച്ചുപൂട്ടി.

പടിഞ്ഞാറന്‍ യൂറോപ്പില്‍ നിന്നെത്തിയ രാള്‍ക്ക് ഇസ്രായേലില്‍ രോഗലക്ഷണങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. 1970-ലാണ് ആദ്യമായി മനുഷ്യരില്‍ രോഗബാധ കണ്ടെത്തുന്നത്.മേയ് ഏഴിനാണ് യൂറോപ്പില്‍ ആദ്യമായി രോഗം സ്ഥിരീകരിക്കുന്നത്. നൈജീരിയയില്‍നിന്ന് മടങ്ങിയ വ്യക്തിയിലാണ് ബ്രിട്ടണില്‍ ആദ്യം വൈറസ്ബാധ സ്ഥിരീകരിച്ചത്.പോര്‍ച്ചുഗലില്‍ 14 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

വൈറസ് ബാധയുള്ള മൃഗങ്ങളില്‍ നിന്നോ മനുഷ്യരില്‍ നിന്നോ ആണ് രോഗം പകരുന്നത്. പനി, പേശിവേദന, ക്ഷീണം, ലിംഫ് ഗ്രന്ഥികളിലെ വീക്കം എന്നിവയാണ് കുരങ്ങുപനിയുടെ പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ചിക്കന്‍പോക്‌സിലുണ്ടാകുന്നതു പോലെ കുമിളകള്‍ മുഖത്തും ശരീരത്തിലും പ്രത്യക്ഷപ്പെടും. കുരങ്ങുപനിയില്‍ മരണനിരക്ക് പൊതുവെ കുറവാണ്.

Post a Comment

Previous Post Next Post