ഭിന്നശേഷിക്കാര്‍ക്ക് ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന് അപേക്ഷിക്കാം


 
കൽപ്പറ്റ :ഭിന്നശേഷിക്കാരായ എല്ലാവര്‍ക്കും ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡും (യു.ഡി.ഐ.ഡി) മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും ലഭ്യമാക്കുന്നത് ഊര്‍ജ്ജിതമാക്കാന്‍ ക്യാമ്പയിനുമായി സാമൂഹ്യനീതി വകുപ്പ്. 

*കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭിന്നശേഷിക്കാര്‍ക്ക് നല്‍കുന്ന എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും പരിഗണിക്കുന്ന ആധികാരിക രേഖയാണ് യു.ഡി.ഐ.ഡി. കാര്‍ഡ്.*

 സ്മാര്‍ട്ട് ഫോണ്‍ മുഖേന വീട്ടിലിരുന്ന് സ്വന്തമായും അക്ഷയ കേന്ദ്രങ്ങള്‍, ജനസേവാ കേന്ദ്രങ്ങള്‍, കമ്പ്യൂട്ടര്‍ സെന്ററുകള്‍, എന്നിവ മുഖേനയും രജിസ്റ്റര്‍ ചെയ്യാം. 

*അപേക്ഷയും അപ്ലോഡ് ചെയ്യേണ്ട ഫോട്ടോ, ഒപ്പ്/വിരലടയാളം, ആധാര്‍ കാര്‍ഡ് എന്നിവയുമായി മറ്റാരെങ്കിലും എത്തിയും രജിസ്റ്റര്‍ ചെയ്യാം.*

 നിലവില്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ അപേക്ഷയോടൊപ്പം അതുകൂടി സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്കും പുതുക്കേണ്ടവര്‍ക്കും അപേക്ഷ സമര്‍പ്പിക്കാം. 

അപേക്ഷ മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ഭിന്നശേഷിയുടെ തരമനുസരിച്ച് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റും യു.ഡി.ഐ.ഡി. കാര്‍ഡും നല്‍കും. നിലവില്‍ യു.ഡി.ഐ.ഡി. കാര്‍ഡ് ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല.

*മെയ് 31നകം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണം. രജിസ്ട്രേഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളിലും അങ്കണവാടികളിലും സാമൂഹ്യനീതി വകുപ്പിലും ലഭ്യമാണ്.*

 ജില്ലാ ഭരണകൂടം, സാമൂഹ്യനീതി വകുപ്പ്, കേരളാ സാമൂഹ്യസുരക്ഷാ മിഷന്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് ജില്ലയില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. 

അപേക്ഷ സമര്‍പ്പിക്കേണ്ട വെബ്‌സൈറ്റ്: *www.swavlambancard.gov.in.* അപേക്ഷിക്കേണ്ട വിശദാംശം അടങ്ങിയ വീഡിയോ ട്യൂട്ടോറിയല്‍: *https://youtu.be/vG_5QU_O_0k*  എന്ന ലിങ്കില്‍ ലഭ്യമാണ്. ഫോണ്‍: *04936 205307.*


Post a Comment

Previous Post Next Post