റിഫ മെഹ്നുവിന്റേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്



കോഴിക്കോട്: വ്‌ളോഗർ റിഫ മെഹ്നുവിന്റേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തൂങ്ങിമരണമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കൊലപാതകമാണെന്ന് സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി കുടുംബം കോടതിയെ സമീപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തുകയായിരുന്നു.

റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നായിരുന്നു കുടുംബം പറഞ്ഞിരുന്നത്. ദുബൈയിലാണ് റിഫ ആത്മഹത്യ ചെയ്തത്. അവിടെവെച്ച് പോസ്റ്റ്‌മോർട്ടം നടത്തിയെന്നായിരുന്നു ഭർത്താവായ മെഹ്നാസ് പറഞ്ഞത്. എന്നാൽ ഇത് തെറ്റാണെന്ന് തെളിഞ്ഞതോടെ ദുരൂഹത വർധിക്കുകയായിരുന്നു. തുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്.

റിഫയുടെ കഴുത്തിൽ ഒരു പാടുള്ളതായി കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയം വർധിപ്പിച്ചു. എന്നാൽ ഇത് തൂങ്ങിമരിച്ചപ്പോൾ കയർ കുരുങ്ങി ഉണ്ടായതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

അതേസമയം ഭർത്താവ് മെഹ്നാസിന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുള്ളതായാണ് പൊലീസ് പറയുന്നത്. നിലവിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും ശാരീരിക മാനസിക പീഡനത്തിനും മെഹ്നാസിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ മെഹ്നാസ് തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ഈ മാസം 20ന് കോടതി പരിഗണിക്കും.

Post a Comment

Previous Post Next Post