അന്വേഷണവുമായി സഹകരിക്കാതെ മെഹ്നാസ്; യാത്രയിലാണെന്ന് വീട്ടുകാർ; ഉടൻ ഹാജരാവാനാവശ്യപ്പെട്ട് പൊലീസ്കാസർകോട്: വ്ലോ​ഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കാതെ ഭർത്താവ് മെഹ്നാസ്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടും മെഹ്നാസ് ഹാജരായില്ല. ഇതേ തുടർന്ന് അടിയന്തരമായി ചോദ്യം ചെയ്യലിന് ഹാജരാവാൻ മെഹ്നാസിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടു. ദുരൂഹ മരണം അന്വേഷിക്കുന്ന ഡിവൈഎസ്പി ആണ് മെഹ്നാസിന്റെ കുടുംബത്തിന് നിർദ്ദേശം നൽകിയത്. നേരത്തെ മൊഴിയെടുക്കാനായി അന്വേഷണ സംഘം കാസർകോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കാണാഞ്ഞതിനെത്തുടർന്ന് മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് മടങ്ങുകയായിരുന്നു. പെരുന്നാളിന് ശേഷം മെഹ്നാസ് യാത്രയിലാണെന്നാൈണ് വീട്ടുകാർ നൽകിയ വിവരം.

മെഹ്നാസ് ഹാജരാവാൻ വൈകിയാൽ കടുത്ത നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. മാര്‍ച്ച് ഒന്നാം തീയതി രാത്രിയായിരുന്നു ദുബായ് ജാഫലിയ്യയിലെ ഫ്‌ലാറ്റില്‍ റിഫയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവ് മെഹ്നാസാണ് മൃതദേഹം ആദ്യം കണ്ടത്.

കാസര്‍ഗോഡ് സ്വദേശിയായ ഭര്‍ത്താവ് മെഹ്നാസിനൊപ്പമാണ് റിഫ താമസിച്ചിരുന്നത്. മരണത്തിന് രണ്ട് മാസം മുന്‍പ് ഭര്‍ത്താവിനും മകനുമൊപ്പം റിഫ സന്ദര്‍ശകവിസയില്‍ ദുബായില്‍ എത്തിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് ഭര്‍ത്താവ് മാത്രം യുഎഇയിലെത്തി. പിന്നാലെ മകനെ നാട്ടിലാക്കിയ ശേഷം മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പാണ് റിഫയും ദുബായില്‍ എത്തിയത്.


Post a Comment

Previous Post Next Post