സായാഹ്ന വാർത്തകൾ Published 22-05-2022 ഞായർ
◼️ലക്ഷദ്വീപ് സമൂഹത്തിലെ അഗത്തിക്കടുത്ത് പുറങ്കടലില്‍നിന്ന് 1500 കോടിയുടെ ഹെറോയിന്‍ പിടികൂടിയ കേസിലെ പ്രതികള്‍ക്കു പാക്കിസ്ഥാന്‍ ബന്ധം. തമിഴ്നാട് സ്വദേശികളായ നാലു പ്രതികള്‍ക്കാണു പാക്കിസ്ഥാന്‍ ബന്ധം കണ്ടെത്തിയത്.  സുജന്‍, ഫ്രാന്‍സിസ് എന്നീ രണ്ടു മലയാളികളും പ്രതിപ്പട്ടികയിലുണ്ട്. ഇരുവരും തിരുവനന്തപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികളാണ്.

◼️കേന്ദ്ര സര്‍ക്കാരും പിറകേ, സംസ്ഥാന സര്‍ക്കാരും നികുതി കുറച്ചതോടെ കേരളത്തില്‍ പെട്രോളിന് 10.52 രൂപയും ഡീസലിന് 7.40 രൂപയുമാണ് കുറഞ്ഞത്. കൊച്ചിയില്‍ ഇന്നു പെട്രോളിന് 105.72 രൂപയും ഡീസലിന് 94.66 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 106.74 രൂപയും ഡീസലിന് 96.58 രൂപയുമാണു പുതിയ നിരക്ക്.

◼️പത്തനംതിട്ട, വയനാട് ജില്ലകളില്‍ കൂടി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം, തൃശൂര്‍. കണ്ണൂര്‍ ജില്ലകളില്‍ നേരത്തെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. മൂന്നു ഡാമുകളില്‍ കെഎസ്ഇബി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശൂര്‍ പെരിങ്ങല്‍ക്കൂത്ത്, ഇടുക്കിയിലെ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍ അണക്കെട്ടുകളിലാണ് റെഡ് അലര്‍ട്ട്.

◼️നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 30 ന് സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി സമയം നീട്ടിച്ചോദിക്കില്ല. കാവ്യാ മാധവനെ ചോദ്യംചെയ്തെങ്കിലും കേസില്‍ പ്രതിയാകില്ല. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍നിന്ന് ഒഴിവാക്കും. അഭിഭാഷകരുടെ മൊഴിപോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്‍മാറ്റം.

◼️പാലക്കാട് മുടപ്പല്ലൂരില്‍ ബസും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ അര്‍ത്തുങ്കല്‍ സ്വദേശികളായ റോസ്ലി, പൈലി എന്നിവരാണ് മരിച്ചത്. തിരുവല്ലയില്‍നിന്നു പഴനിയിലേക്ക് പോകുന്ന ബസും തൃശൂര്‍ ഭാഗത്തേക്കു പോകാനായി നിര്‍ത്തിയിട്ടിരുന്ന ട്രാവലറുമാണ് ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്.

◼️തിരുവനന്തപുരം വിതുര മേമലയില്‍ പന്നിക്കെണിയില്‍ കുടുങ്ങി ഷോക്കേറ്റു നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ശെല്‍വരാജ് മരിച്ച സംഭവത്തില്‍ കെണിവച്ച വീട്ടിലെ താമസക്കാരനായ കുര്യന്‍ (സണ്ണി 59 ) അറസ്റ്റിലായി. കുര്യന്‍ താമസിക്കുന്ന പുരയിടത്തിലേക്ക് ശെല്‍വരാജ് എന്തിനാണു വന്നതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

◼️മേയ് മാസത്തെ ശമ്പളം നല്‍കാന്‍ കെഎസ്ആര്‍ടിസി 65 കോടി രൂപ വേണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.  പതിവായി നല്‍കുന്ന 30 കോടിക്കു പുറമെ 35 കോടി രൂപ കൂടി വേണമെന്നാണ് ആവശ്യം. ഏപ്രില്‍ മാസത്തെ ശമ്പള വിതരണം ഇന്നലയോടെയാണ് പൂര്‍ത്തിയാക്കിയത്.

◼️കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന് 10 രൂപ നിരക്കില്‍ നികുതി കുറച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരും 10 രൂപ വീതം നികുതി കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. നികുതി കുറച്ച് ബസ് - ടാക്സി ചാര്‍ജ് കുറയ്ക്കുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

◼️നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു കുടുംബത്തില്‍നിന്ന് ശരാശരി ഒരു ലക്ഷം രൂപ പെട്രോളിയം നികുതിയായി കൊള്ളയടിച്ചെന്ന് സംസ്ഥാന മുന്‍ ധനകാര്യ മന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഡോ. തോമസ് ഐസക്. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ പെട്രോളിന് 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. 12 തവണയായി പെട്രോളിന് 26.77 രൂപയും ഡീസലിന് 31.47 രൂപയും നികുതി വര്‍ധിപ്പിച്ചു. പെട്രോളിയം നികുതിയായി 25 ലക്ഷം കോടിയോളം രൂപ കേന്ദ്രം പിരിച്ചെടുത്തു. വിലക്കയറ്റത്തിന്റെ പ്രധാന കാരണം ഈ നികുതി വര്‍ധനവാണെന്നും അദ്ദേഹം പറഞ്ഞു.

◼️കേരളത്തില്‍ ലൗ ജിഹാദ് ഇല്ലെന്ന് പറയാനാകില്ലെന്ന് എസ്എന്‍ഡിപി യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ലൗ ജിഹാദ് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ചില മതങ്ങളില്‍പെട്ടവര്‍ നിര്‍ബന്ധിച്ച് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.  

◼️പി.ജി. ഡോക്ടറെന്ന വ്യാജേന തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കയറി രോഗിയെ ചികിത്സിച്ച് തട്ടിപ്പുനടത്തിയ യുവാവ് പിടിയില്‍. പൂന്തുറ മാണിക്യവിളാകം സ്വദേശി നിഖിലിനെ(22)യാണ് ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.

◼️വീഡിയോ ഗെയിമായ ഫ്രീഫയറിലൂടെയും  ഇന്‍സ്റ്റാഗ്രാമിലൂടെയും പരിചയപ്പെട്ട 13 കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേര്‍ പിടിയില്‍. ബാലരാമപുരം ആര്‍ സി സ്ട്രീറ്റില്‍ തോട്ടത്തുവിളാകം സ്വദേശി ജീവന്‍(20), കരിയ്ക്കകം സ്വദേശി  ഷാന്‍രാജ്(22) എന്നിവരെയാണ് കോവളത്ത് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് വീട്ടുകാര്‍  നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോവളം പൊലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീകാര്യത്തുളള വീട്ടില്‍നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തി.

◼️പാര്‍ട്ടി ഫണ്ട് നല്‍കാത്തതിന് തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേൃത്വത്തില്‍ കട തല്ലി തകര്‍ത്തെന്ന് പരാതി. സിപിഐ മന്നംകരചിറ ബ്രാഞ്ച് സെക്രട്ടറി കുഞ്ഞുമോനെതിരെയാണ് പരാതി. മന്നംകരചിറ ജംഗ്ഷന് സമീപമുള്ള ശ്രീമുരുകന്‍ ഹോട്ടലാണ് തകര്‍ത്തത്.

◼️പിന്നണി ഗായിക സംഗീത സജിത് അന്തരിച്ചു. 46 വയസായിരുന്നു. വൃക്കരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തപുരത്ത് സഹോദരിയുടെ വീട്ടിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുന്നൂറോളം സിനിമകളില്‍ പാടി.

◼️കേന്ദ്രം ജനങ്ങളെ കബളിപ്പിക്കുന്നത് നിര്‍ത്തണമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റെക്കോഡ് പണപ്പെരുപ്പത്തില്‍നിന്നാണ് ജനങ്ങള്‍ക്ക് മോചനം വേണ്ടതെന്ന് രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ പെട്രോള്‍ വില വര്‍ദ്ധനവിന്റെ കണക്കു ട്വീറ്റു ചെയ്താണ് രാഹുലിന്റെ വിമര്‍ശനം. 2020 മേയ് ഒന്നിന് 69.50 രൂപയായിരുന്ന വില 2022 മേയ് ഒന്നിന് 105.40 രൂപയായി. നികുതി കുറച്ചതോടെ മേയ് 22 ന് 96.7 രൂപയാണെന്നും രാഹുല്‍ കുറിച്ചു.

◼️ആസാമിലും ബുള്‍ഡോസര്‍ രാജ്. കസ്റ്റഡി മരണത്തെ ചൊല്ലി മാര്‍ച്ചു നടത്തി നഗോണില്‍ പൊലീസ് സ്റ്റേഷന്‍ കത്തിച്ച കേസിലെ പ്രതികളുടെ അടക്കം ഏഴു പേരുടെ വീടുകള്‍ ജില്ലാ ഭരണകൂടം പൊളിച്ചടക്കി. അനധികൃത കയ്യേറ്റമെന്ന് ആരോപിച്ചാണ് പൊളിക്കല്‍ നടപടി. പൊലീസ് സ്റ്റേഷന്‍ കത്തിച്ചെന്ന കേസില്‍ അറസ്റ്റിലായ 21 പേരില്‍ അഞ്ചുപേരുടെ വീടുകളാണ് പൊളിച്ചത്.  

◼️സ്ത്രീകള്‍ പൊതുസ്ഥലത്ത് മുഖമുള്‍പ്പെടെ ശരീരം പൂര്‍ണമായി മറയ്ക്കണമെന്ന താലിബാന്റെ ഉത്തരവിനെ വെല്ലുവിളിച്ച് അഫ്ഗാനിസ്ഥാനിലെ വനിതാ അവതാരകര്‍. പ്രമുഖ ടിവി ചാനലുകളിലെ വനിതാ അവതാരകര്‍ മുഖം മറയ്ക്കാതെ പരിപാടി അവതരിപ്പിച്ചു.

◼️ജപ്പാന്‍ സന്ദര്‍ശനത്തിനിടെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്ക, ഓസ്ട്രേലിയ, ജപ്പാന്‍ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്ന ഉച്ചകോടിയിലും പങ്കെടുക്കും.

◼️തോമസ് കപ്പിലും യൂബര്‍ കപ്പിലും ഇന്ത്യക്കായി കളിച്ച ബാഡ്മിന്റണ്‍ താരങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളി താരം എച്ച്.എസ് പ്രണോയിയും എം.ആര്‍ അര്‍ജ്ജുനുമടക്കമുള്ള താരങ്ങളുമായി സംസാരിക്കുന്ന ദൃശ്യങ്ങള്‍ പ്രധാനമന്ത്രി ട്വിറ്ററില്‍ പങ്കുവച്ചു. തോമസ് കപ്പില്‍ ചരിത്രത്തിലാദ്യമായി കിരീടം നേടിയ ഇന്ത്യന്‍ താരങ്ങളുടെ നേട്ടത്തില്‍ അഭിമാനിക്കുന്നുവെന്ന് മോദി പറഞ്ഞു.

◼️റിട്ടയര്‍മെന്റ് ഫണ്ട് ബോഡിയായ ഇപിഎഫ്ഒ 2022 മാര്‍ച്ചില്‍ 15.32 ലക്ഷം വരിക്കാരെ ചേര്‍ത്തു. ഈ വര്‍ഷം ഫെബ്രുവരിയില്‍ 19 ശതമാനത്തിലധികം വര്‍ധിച്ചിച്ച് 12.85 ലക്ഷം പേര്‍ എന്റോള്‍ ചെയ്തു. ഫെബ്രുവരിയിലെ മൊത്തം വരിക്കാരേക്കാള്‍ 2.47 ലക്ഷം അറ്റ വരിക്കാരുടെ വര്‍ധനയാണ് മാര്‍ച്ചില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. തൊഴില്‍ മന്ത്രാലയം പുറത്തുവിട്ട താല്‍ക്കാലിക ഇപിഎഫ്ഒ പേറോള്‍ ഡാറ്റയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാര്‍ച്ച് മാസത്തില്‍ മൊത്തം 15.32 ലക്ഷം നെറ്റ് സബ്‌സ്‌ക്രൈബര്‍മാരില്‍ 9.68 ലക്ഷം പുതിയ അംഗങ്ങളെ ഈ പദ്ധതിക്ക് കീഴില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 22 നും 25 നും ഇടയില്‍ പ്രായമുള്ള വരാണ് എന്റോള്‍ ചെയ്തവരില്‍ ഏറെയും. 4.11 ലക്ഷത്തോളം വരുമിത്. 29-35 വയസ്സിനിടയിലുള്ളവര്‍ 3.17 ലക്ഷം നെറ്റ് വരിക്കാരുമായി തൊട്ടുപിന്നിലുണ്ട്.  മാര്‍ച്ചില്‍ 2.93 ലക്ഷം നെറ്റ് വരിക്കാരാണ് 18-21 വയസ് പ്രായമുള്ളവര്‍ ഈ പദ്ധതിയില്‍ ചേര്‍ന്നത്.

◼️2021-22ല്‍ 83.57 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക എഫ്ഡിഐ (വിദേശ നേരിട്ടുള്ള നിക്ഷേപം) വരവ് ഇന്ത്യ രേഖപ്പെടുത്തിയതായി വാണിജ്യ, വ്യവസായ മന്ത്രാലയം. ഉല്‍പ്പാദന മേഖലയില്‍ വിദേശ നിക്ഷേപത്തിന് മുന്‍ഗണന നല്‍കുന്ന രാജ്യമായി ഇന്ത്യ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാമ്പത്തിക വര്‍ഷത്തില്‍ 83.57 ബില്യണ്‍ യുഎസ് ഡോളറിന്റെ എക്കാലത്തെയും ഉയര്‍ന്ന വാര്‍ഷിക എഫ്ഡിഐ വരവ് ഇന്ത്യ രേഖപ്പെടുത്തി. മുന്‍നിര നിക്ഷേപക രാജ്യങ്ങളുടെ കാര്യത്തില്‍, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ സിംഗപ്പൂര്‍ 27 ശതമാനവും യുഎസും (18 ശതമാനം) മൗറീഷ്യസും (16 ശതമാനം) തൊട്ടുപിന്നാലെയാണ്. കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും ഹാര്‍ഡ്വെയറും പരമാവധി ഒഴുക്ക് ആകര്‍ഷിച്ചു. സേവന മേഖലയും ഓട്ടോമൊബൈല്‍ വ്യവസായവും ഇതിന് പിന്നാലെയാണ്.

◼️മോഹന്‍ലാല്‍ ആദ്യമായി സംവിധാനത്തിലേക്ക് ചുവടുവെക്കുന്ന ചിത്രമാണ് 'ബറോസ്'. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായെന്ന വിവരമാണ് പുറത്തുവരുന്നത്. ഛായാഗ്രാഹകന്‍ സന്തോഷ് ശിവനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇനിയൊരു പാട്ടുസീന്‍ മാത്രമാണ് ബാക്കിയുള്ളത്. അത് പോര്‍ച്ചുഗലില്‍ ഷൂട്ടുചെയ്യാനാണ് ഉദ്ദേശിക്കുന്നത്. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' എന്ന ആദ്യ ഇന്ത്യന്‍ 3 ഡി ചിത്രത്തിന്റെ സംവിധായാകാനായ ജിജോയുടെ കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് 'ബറോസ്'. ടൈറ്റില്‍ കഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ ആണ്. വ്യത്യസ്തമായ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നു. വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.

◼️വന്‍ സിനിമകളുടെ റെക്കോര്‍ഡുകള്‍ തകര്‍ത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളില്‍ മുന്നേറുകയാണ്. കഴിഞ്ഞ മാസം റിലീസ് ചെയ്ത ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു. ചിത്രത്തിലെ ഡയലോഗുകളും പാട്ടും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ സുല്‍ത്താന്‍ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. റിലീസ് ചെയ്ത് മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ സുല്‍ത്താന്‍ ഗാനം ശ്രദ്ധനേടി കഴിഞ്ഞു. യാഷ് അവതരിപ്പിച്ച റോക്കിയുടെ സ്റ്റില്ലുകളും ഡയലോഗുകളും ഗാനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
 


Post a Comment

Previous Post Next Post