സായാഹ്ന വാർത്തകൾ Published 29-05-2022 ഞായർ
◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് ഇനി മിനിറ്റുകള്‍ മാത്രം. തൃക്കാക്കരയിലെ മണ്ണിന് പി.ടി.തോമസിന്റെ ഗന്ധമാണെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. തൃക്കാക്കരയില്‍ തന്റെ വിജയം ഉറപ്പെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ ജോസഫ്. അതേസമയം തൃക്കാക്കരയില്‍ എന്‍ ഡി എ വന്‍ വിജയം നേടുമെന്ന് സ്ഥാനാര്‍ഥി എ.എന്‍.രാധാകൃഷ്ണനും അവകാശപ്പെട്ടു.

◼️മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.സി.ജോര്‍ജ്. വിഎസിനൊപ്പം നിന്നതിന്റെ ശത്രുതയാണ് പിണറായിക്ക് തന്നോടെന്ന് ജോര്‍ജ് ആരോപിച്ചു.  സത്യങ്ങള്‍ പറഞ്ഞതാണ് ഇപ്പോള്‍ പിണറായിയെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നും പൊലീസിനെ ഉപയോഗിച്ച് നിശ്ശബ്ദനാക്കാന്‍ പിണറായി ശ്രമിക്കുന്നുവെന്നും ജോര്‍ജ് കുറ്റപ്പെടുത്തി. തന്നെ കുടുക്കാന്‍ തീരുമാനിച്ചത് മുതല്‍ പിണറായിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയിരിക്കുകയാണെന്നും ജോര്‍ജ് പറഞ്ഞു. ഏറ്റവും  മോശം പ്രതിപക്ഷ നേതാവാണ് വി.ഡി.സതീശനെന്നും പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

◼️പി സി ജോര്‍ജിനെ പിന്തുണച്ചും സര്‍ക്കാരിനെ വിമര്‍ശിച്ചും സഭാ മുഖപത്രമായ ദീപികയില്‍ ലേഖനം. പി സി ജോര്‍ജിന്റെ വിഷയത്തില്‍ അതിവേഗം ചലിച്ച ഭരണ യന്ത്രം സമാനമായ മറ്റ് വിഷയങ്ങളില്‍ ഒച്ചിഴയുന്ന പോലെ ഇഴയുന്നു. വിവേചനത്തിനു കാരണം പ്രീണന രാഷട്രീയമെന്നും വിമര്‍ശനം. മുഖ്യമന്ത്രിയും സിപിഎമ്മുമാണ് തനിക്കെതിരായ നീക്കത്തിനു പിന്നിലെന്ന് ജോര്‍ജ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ദീപികയുടെ മുഖ പ്രസംഗത്തില്‍ പി സി ജോര്‍ജിനെ അനുകൂലിച്ചും സര്‍ക്കാരിനെ പരസ്യമായി തന്നെ വിമര്‍ശിച്ചുമുള്ള ലേഖനം.

◼️ചോദ്യം ചെയ്യലിന് ഹാജരാകാതെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി സി ജോര്‍ജിന് എതിരെ മന്ത്രി പി.രാജീവ്. ജാമ്യം നല്‍കിയ കോടതി വിധിയില്‍ തന്നെ പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശം ഉണ്ട്.  ഹൈക്കോടതിയെ ധിക്കരിക്കുകയും മത നിരപേക്ഷതക്ക് എതിരെ നില്‍ക്കുകയും ചെയ്താല്‍ അത് സംരക്ഷിക്കുന്ന നിലപാടല്ല സര്‍ക്കാരിന്റേത്. വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തി ചെയ്യുന്നത് ആരാണെങ്കിലും ശക്തമായ നടപടി ഉണ്ടാകുമെന്നും പി രാജീവ്  പറഞ്ഞു.

◼️ജനപക്ഷം നേതാവ് പി.സി.ജോര്‍ജിനെ ക്രൈസ്തവരുടെ പ്രതിനിധിയായി കാണാനാകില്ലെന്ന് ഓര്‍ത്തഡോക്സ് സഭ തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ക്രിസ്ത്യാനികളുടെ കാര്യം നോക്കാന്‍ ജോര്‍ജിനെ ഏല്‍പ്പിച്ചിട്ടില്ല. ജോര്‍ജ് ക്രിസ്ത്യാനികളുടെ ചാമ്പ്യനാകേണ്ട. കോണ്‍ഗ്രസും ഇടതുപക്ഷവും എടുക്കാത്തത് കൊണ്ട് ബിജെപിയില്‍ പോകാതെ ജോര്‍ജിന് നിവൃത്തിയില്ലെന്നും തൃശ്ശൂര്‍ ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് പറഞ്ഞു.

◼️വ്യാജ വീഡിയോ കേസില്‍ യഥാര്‍ത്ഥ പ്രതികളെ പിടിച്ചാല്‍ അതില്‍ സിപിഎം നേതാക്കളുമുണ്ടാകുമെന്നുറപ്പാണെന്നും പ്രതിപക്ഷ നേതാവ് വി ഡി  സതീശന്‍. എല്ലാ പാര്‍ട്ടിയിലും പെട്ടവര്‍ ജോ ജോസഫിനെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചവരിലുണ്ട്. അശ്ലീല വീഡിയോ പരാമര്‍ശത്തില്‍ തനിക്കെതിരെ വ്യാജ നിര്‍മ്മിതി നടത്തി സിപിഎം സൈബറിടങ്ങളില്‍ പ്രചരിപ്പിക്കുകയാണെന്നും  വി ഡി സതീശന്‍ ആരോപിച്ചു.

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം ശേഷിക്കെ, മത്സരരംഗത്തില്ലെങ്കിലും പരാതിയുമായി ആം ആദ്മി പാര്‍ട്ടി. പാര്‍ട്ടിയുടെ  പേരില്‍ വ്യാജ ടെലിഫോണ്‍ കോളുകള്‍ നടക്കുന്നതായി ആം ആദ്മി കണ്‍വീനര്‍ പി സി സിറിയക് ആരോപിച്ചു. 71 27 19 15 40 എന്ന നമ്പറില്‍ നിന്നും ഇടത് സ്ഥാനാര്‍ഥിക്ക് ആം ആദ്മി പാര്‍ട്ടിയുടെ  പേരില്‍ വോട്ട് അഭ്യര്‍ഥിച്ചു വിളിക്കുന്നുവെന്ന് ആരോപിച്ച് പോലീസിനും തെരഞ്ഞെടുപ്പ് കമ്മീഷനും ആം ആദ്മി പാര്‍ട്ടി പരാതി നല്‍കി

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകും എന്ന് പറയാന്‍ മടിയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസിന്റെ കോട്ടകള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്. തൃക്കാക്കരയിലും യുഡിഎഫ് തകരും. ഇടത് മുന്നണി മികച്ച ഭൂരിപക്ഷത്തില്‍ ജയിക്കും. കഴിഞ്ഞ തവണ യുഡിഎഫ് നേടിയ ഭൂരിപക്ഷത്തേക്കാള്‍ ഒരു വോട്ടെങ്കിലും ഇക്കുറി എല്‍ഡിഎഫിന് അധികം ലഭിക്കുമെന്നും കോടിയേരി പറഞ്ഞു. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ പരാമശത്തിനെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ചത്. എസ്ഡിപിഐയുമായി ഒരു സഹകരണത്തിനും ഇടതുപക്ഷമില്ല. തൃക്കാക്കരയില്‍ എസ്ഡിപിഐയുടെയോ ആര്‍എസ്എസിന്റെയോ വോട്ട് വേണ്ടെന്നും കോടിയേരി പറഞ്ഞു.

◼️കെ റെയില്‍ പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് സമരങ്ങള്‍ നടത്തുന്നതെന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന തൃശൂര്‍ ഡിസിസി ജനറല്‍ സെക്രട്ടറി വിജയ് ഹരി. കെ റെയില്‍ പദ്ധതിയെ അഭിനന്ദിക്കുന്നു. ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന പാര്‍ട്ടിയാണ് സിപിഐഎം. തൃക്കാക്കരയിലെ ജനം ഇടതുസ്ഥാനാര്‍ത്ഥിയായ ജോ ജോസഫിന് വോട്ട് നല്‍കണമെന്നും വിജയ് ഹരി ആവശ്യപ്പെട്ടു. ഇന്നാണ് വിജയ് ഹരി കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചത്. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ വച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വിജയ് ഹരിയെ സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മണലൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു വിജയ് ഹരി.

◼️പോപ്പുലര്‍ ഫ്രണ്ടിന്റെ ആലപ്പുഴയിലെ റാലിയിലെ വിവാദ മുദ്യാവാക്യം വിളിയില്‍ ഒരാളെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന നേതാവായ യഹിയ തങ്ങളാണ് കസ്റ്റഡിയിലായത്. റാലിയില്‍ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു.

◼️പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസ്സുകാരനെ കൗണ്‍സിലിങ്ങിന് വിധേയനാക്കി. ചൈല്‍ഡ് ലൈനാണ് കുട്ടിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ കൗണ്‍സിലിങ്ങിന് വിധേയനാക്കിയത്. ആവശ്യമെങ്കില്‍ കൗണ്‍സിലിങ് തുടരുമെന്നും ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നത് പരിഗണനയിലാണെന്ന് അധികൃതര്‍ അറിയിച്ചു. മുദ്രാവാക്യം ആരും പഠിപ്പിച്ചിതല്ലെന്നും പരിപാടികളില്‍ നിന്ന് കേട്ട് പഠിച്ചതാണെന്നുമാണ് കുട്ടി പറഞ്ഞത്.

◼️കാട്ടുപന്നികളെ വെടിവയ്ക്കാനുളള കേരളാ സര്‍ക്കാരിന്റെ അനുമതിയില്‍ മനേക ഗാന്ധിയുടെ വിമര്‍ശനത്തിനെതിരെ വനംമന്ത്രി എകെ ശശീന്ദ്രന്‍. വസ്തുത മനസിലാകാതെയാണ് മനേക ഗാന്ധിയുടെ പ്രതികരണമെന്ന് ശശീന്ദ്രന്‍ വിമര്‍ശിച്ചു. കാട്ടുപന്നികളെ കൊല്ലാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം അപമാനകരമാണെന്ന്  നേരത്തെ മനേക ഗാന്ധി പറഞ്ഞിരുന്നു.

◼️കോന്നി എലിയറക്കലില്‍ ബാലിക സദനത്തില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചിറ്റാര്‍ സ്വദേശിയായ  15 വയസ്സുള്ള സൂര്യയാണ്  മരിച്ചത്. അമ്മ മരിച്ച കുട്ടിയെ സിഡബ്ല്യുസിയാണ് ബാലികാ സദനത്തിലാക്കിയത്.

◼️കഴിഞ്ഞ ദിവസം കല്ലടയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം കിട്ടി. അപകടം നടന്ന സ്ഥലത്ത് നിന്നും രണ്ട് കിലോമീറ്റര്‍ ദൂരെ നിന്നാണ് കാണാതായ അപര്‍ണയുടെ മൃതദേഹം കണ്ടെത്തിയത്. മൊബൈലില്‍ സെല്‍ഫിയെടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

◼️തൃശ്ശൂരില്‍ വെസ്റ്റ് നൈല്‍ പനി ബാധിച്ച് മധ്യവയസ്‌കന്‍ മരിച്ചു. പുത്തൂര്‍ ആശാരിക്കോട് സ്വദേശി 47 വയസ്സുള്ള  ജോബി  ആണ് മരിച്ചത്.  രണ്ട് ദിവസം മുമ്പാണ് പനി ബാധിച്ച് ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെസ്റ്റ്നൈല്‍ ആണ് ബാധിച്ചത് എന്ന് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പാണഞ്ചേരി പഞ്ചായത്തില്‍ ഇന്ന് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുണ്ട്. കൊതുകില്‍ നിന്ന് പകരുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി.

◼️തിരുവനന്തപുരം കാട്ടാക്കടയില്‍ തോക്കുചൂണ്ടി കവര്‍ച്ച. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് തോക്കുചൂണ്ടി കമ്മല്‍ മോഷ്ടിച്ചത്. കാട്ടാക്കട പുല്ലുവിളാകത്ത് ഇന്ന് രാവിലെയാണ് കവര്‍ച്ച നടന്നത്. സംഭവം നടക്കുമ്പോള്‍ വയോധികയായ സ്ത്രീയും കൊച്ചുമകളുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. എന്നാല്‍ വീട്ടുകാരുടെ മൊഴിയനുസരിച്ച് നഷ്ടപ്പെട്ട കമ്മല്‍ സ്വര്‍ണമായിരുന്നില്ലെന്നാണ് പൊലീസ് അറിയിക്കുന്നത്.

◼️സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സ്ഥിരീകരണം. സാധാരണയായി ജൂണ്‍ ഒന്നിന് തുടങ്ങേണ്ട കാലവര്‍ഷം ഇത്തവണ നേരത്തെയാണ്. അതേസമയം കാലവര്‍ഷം എത്തിയെങ്കിലും ആദ്യ ആഴ്ചകളില്‍ വലിയ മഴ പ്രതീക്ഷിക്കുന്നില്ല . ജൂണ്‍ പകുതിയോടെയാകും മഴ ശക്തമാകുക എന്നാണ് കണക്കുകൂട്ടല്‍. അടുത്ത 5 ദിവസം കേരളത്തില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക്  സാധ്യതയുണ്ട്.

◼️രാജ്യത്തെ കല്‍ക്കരി പ്രതിസന്ധി വിദേശത്ത് നിന്നുള്ള ഇറക്കുമതിയിലൂടെ പരിഹരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഖനന മന്ത്രാലയത്തിന് കീഴിലുള്ള 'കോള്‍ ഇന്ത്യ'യാകും കല്‍ക്കരി സംഭരിക്കുക. 2015ന് ശേഷം ഇതാദ്യമായാണ് കേന്ദ്ര സര്‍ക്കാര്‍ കല്‍ക്കരി ഇറക്കുമതി ചെയ്യുന്നത്. ഇതിന് മുന്നോടിയായി പ്രത്യേകം കല്‍ക്കരി ഇറക്കുമതി ചെയ്യേണ്ടതില്ലെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട നിലവിലെ ടെണ്ടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കാനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

◼️കര്‍ണാടകയില്‍  വീണ്ടും ഹിജാബ് വിവാദം. യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് മംഗളൂരു സര്‍വകലാശാല  നിര്‍ദേശം പുറപ്പെടുവിച്ചതിന് പിന്നാലെ, ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥികളെ ക്ലാസില്‍ കയറ്റാതെ തിരിച്ചയച്ചു.  മുസ്ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ ഡ്രസ് കോഡ് ബാധിക്കില്ലെന്ന് വി സി സുബ്രഹ്‌മണ്യ യദപ്പാടിത്തയ നേരത്തെ വാര്‍ത്താസമ്മേളനത്തില്‍ ഉറപ്പുനല്‍കിയിരുന്നു. 

◼️ആധാര്‍ ദുരുപയോഗം തടയുന്നതിന് ശക്തമായ നിര്‍ദ്ദേശങ്ങളുമായി ആധാര്‍ നല്‍കുന്ന യുഐഡിഎഐ അധികൃതര്‍ രംഗത്ത്. ആധാര്‍വിവരങ്ങള്‍ മറ്റുള്ളവരുമായി പങ്കുവെക്കരുത്.  ദുരുപയോഗം തടയാന്‍ ആധാര്‍ കാര്‍ഡിന്റെ മാസ്‌ക് ചെയ്ത കോപ്പി മാത്രം നല്‍കണം. അവസാന നാല് അക്കങ്ങള്‍ മാത്രം കാണാന്‍ കഴിയുന്ന തരത്തിലാകണം മാസ്‌ക് ചെയ്യണ്ടേത്.

◼️വി ഡി സവര്‍ക്കറെ  കോണ്‍ഗ്രസ്  അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അര്‍ഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യത്തിന് ശേഷം സവര്‍ക്കര്‍ക്ക് ലഭിക്കേണ്ട ആദരവ് ലഭിച്ചില്ല. വിപ്ലവകാരി, എഴുത്തുകാരന്‍, തത്വചിന്തകന്‍, കവി തുടങ്ങിയ എല്ലാ മേഖലയിലും പ്രതിഭയായ സവര്‍ക്കറെ കോണ്‍ഗ്രസ് നിരന്തരം അപമാനിക്കുകയായിരുന്നു. സവര്‍ക്കറുടെ വാക്കുകള്‍ കോണ്‍ഗ്രസ് അംഗീകരിച്ചിരുന്നെങ്കില്‍ രാജ്യം വിഭജിക്കുമായിരുന്നില്ല. സവര്‍ക്കറുടെ ജന്മവാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.

◼️നേപ്പാളിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനത്തിന്റെ വിവരങ്ങള്‍ ഒരു മണിക്കൂറിലേറെയായി ലഭ്യമല്ലെന്ന് റിപ്പോര്‍ട്ട്. പൊഖാരയില്‍ നിന്ന് ജോംസമിലേക്ക് 22 പേരുമായി പറന്നുയര്‍ന്ന വിമാനമാണ് അപ്രത്യക്ഷമായിരിക്കുന്നത്. വിമാനത്തില്‍ ഇന്ത്യക്കാരുമുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.

◼️രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ നടത്തിയ വിമര്‍ശനം അനുചിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.  അവസാന മത്സരത്തില്‍ സഞ്ജു പുറത്താക്കപ്പെട്ടത് അനാവശ്യ ഷോട്ടിന് ശ്രമിച്ചുകൊണ്ടാണെന്നായിരുന്നു സച്ചിന്റെ വിമര്‍ശനം. എന്നാല്‍ ചാരത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റാണ് സഞ്ജു നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ഫൈനലിലെത്തിയതെന്നും ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.

◼️ഐപിഎല്‍ പതിനഞ്ചാം സീസണിലെ കലാശപ്പോരിന്  മുമ്പ് ടീമുകള്‍ക്ക് ആശ്വാസ വാര്‍ത്തയായി കാലാവസ്ഥാ റിപ്പോര്‍ട്ട് . നരേന്ദ്ര മോദി സ്റ്റേഡിയം സ്ഥിതി ചെയ്യുന്ന അഹമ്മദാബാദില്‍ ഇന്ന് മഴയ്ക്ക് സാധ്യതയില്ല. തെളിഞ്ഞ ആകാശമായിരിക്കും നഗരത്തില്‍ ഇന്ന്. 30-35 ഡിഗ്രിക്ക് ഇടയിലായിരിക്കും താപനില. അതോടൊപ്പം മഞ്ഞുവീഴ്ചയുടെ പ്രശ്‌നവും മത്സരത്തെ ബാധിക്കില്ല എന്നാണ് കാലാവസ്ഥാ അറിയിപ്പ്.

◼️ഐപിഎല്‍ പതിനഞ്ചാം സീസണില്‍ ആര് കിരീടമുയര്‍ത്തും? ടൂര്‍ണമെന്റിലെ കന്നിക്കാരായ ഗുജറാത്ത് ടൈറ്റന്‍സിനും മുമ്പ് ഒരു തവണ കിരീടം നേടിയിട്ടുള്ള രാജസ്ഥാന്‍ റോയല്‍സിനും കിരീട സാധ്യത പ്രവചിക്കുന്നവരുണ്ട്. സഞ്ജു സാംസണിലൂടെ ഐപിഎല്‍ ചരിത്രത്തിലാദ്യമായി ഒരു മലയാളി നായകന്‍ കിരീടമുയര്‍ത്തുമെന്ന പ്രതീക്ഷയിലാണ് മലയാളി ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ ഏറെപ്പേരുടെ പിന്തുണയും ഗുജറാത്ത് ടീമിനാണ് എന്നതാണ് വസ്തുത. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ രാത്രി എട്ടിനാണ് ഗുജറാത്ത് ടൈറ്റന്‍സ്-രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ ആരംഭിക്കുക.

◼️കോവിഡിന് ശേഷം ഉപഭോക്താക്കളില്‍ എക്കാലത്തേയും ഉയര്‍ന്ന തിരക്കിന് സാക്ഷ്യം വഹിച്ച് ബുക്ക് മൈ ഷോ. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ 2.9 കോടിയുടെ ടിക്കറ്റ് ബുക്കിംഗാണ് കമ്പനിക്കുണ്ടായിരിക്കുന്നത്. ട്രാന്‍സാക്ഷന്‍ വീഡിയോ ഓണ്‍-ഡിമാന്‍ഡ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോം ഏപ്രിലില്‍ 52,000 കോടി സ്ട്രീമുകളുടെ വില്‍പ്പനയോടെ ഏറ്റവും ഉയര്‍ന്ന ഇടപാട് രേഖപ്പെടുത്തി. 2021 ഒക്ടോബറിനും 2022 മാര്‍ച്ചിനും ഇടയില്‍, ശരാശരി പ്രതിമാസ ടിക്കറ്റ് വില്‍പ്പന 1.2 കോടിയിലെത്തി. ഇക്കഴിഞ്ഞ ഏപ്രില്‍ 29 ദശലക്ഷത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. മാര്‍ച്ചില്‍ 26 ദശലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

◼️2021-22 സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ നികുതിക്ക് ശേഷമുള്ള ലാഭത്തില്‍ 427 ശതമാനം വര്‍ധനവുമായി ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ആന്റ് മഹീന്ദ്ര. നികുതിക്ക് ശേഷമുള്ള ലാഭം കഴിഞ്ഞ കാലയളവിലെ 245 കോടി രൂപയില്‍ നിന്ന് 1,292 കോടി രൂപയായാണ് ഉയര്‍ന്നത്. 17,124 കോടി രൂപയാണ് കഴിഞ്ഞ പാദത്തിലെ വരുമാനം. കഴിഞ്ഞ വര്‍ഷത്തെ ഇതേ പാദത്തിലെ 13,356 കോടി രൂപയേക്കാള്‍ 28 ശതമാനം വര്‍ധന. അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അറ്റാദായം മുന്‍വര്‍ഷത്തേക്കാള്‍ നാല് മടങ്ങാണ് വര്‍ധിച്ചത്. അറ്റാദായം 984 കോടി രൂപയില്‍ നിന്ന് 401 ശതമാനം ഉയര്‍ന്ന് 4,935 കോടി രൂപയായി.

◼️ഷെയ്ന്‍ നിഗത്തിനെ നായകനാക്കി നവാഗതനായ ജീവന്‍ ജോജോ സംവിധാനം ചെയ്ത ഉല്ലാസം എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തെത്തി. ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള രസകരമായ ട്രെയ്ലറില്‍ തന്റെ ഹിമാലയന്‍ ട്രിപ്പിനെക്കുറിച്ച് മറ്റുള്ളവരോട് പറയുകയാണ് ഷെയ്നിന്റെ കഥാപാത്രം. ബഡായി പറയുകയാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഷെയ്നിന്റെ അനുഭവ വിവരണം. ഹിമാലയത്തില്‍ വച്ച് പ്രണവ് മോഹന്‍ലാലിനെ കണ്ടുവെന്നും തങ്ങള്‍ സുഹൃത്തുക്കളാണ് എന്നുമൊക്കെ തട്ടിവിടുകയാണ് ഈ കഥാപാത്രം. പ്രവീണ്‍ ബാലകൃഷ്ണന്റേതാണ് തിരക്കഥ. പവിത്ര ലക്ഷ്മിയാണ് നായിക. സംഗീതത്തിനും നൃത്തത്തിനും ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ ഈണം പകരുന്നു.

◼️നിവിന്‍പോളിയെ കേന്ദ്ര കഥാപാത്രമാക്കി ലിജുകൃഷ്ണ രചനയും സംവിധാനവും നിര്‍വഹിച്ച പടവെട്ട് സെപ്തംബര്‍ 2ന് തിയേറ്ററില്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോ, അദിതി ബാലന്‍, ഷമ്മി തിലകന്‍, മനോജ് മോന്‍, രമ്യ സുരേഷ് എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു. മ്യൂസിക് സരോഗമയുടെ സിനിമാറ്റിക് വിഭാഗമായ യോഡ്‌ലി ഫിലിംസും സണ്ണി വയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

◼️കീവേ മോട്ടോഴ്‌സ് അടുത്തിടെ ഇന്ത്യയില്‍ അരങ്ങേറ്റം കുറിക്കുകയും രാജ്യത്ത് രണ്ട് സ്‌കൂട്ടറുകള്‍ പുറത്തിറക്കുകയും ചെയ്തു, അതിലൊന്നാണ് വിയെസ്റ്റ് 300. സ്‌കൂട്ടറിന്റെ പ്രാരംഭ വില 2.99 ലക്ഷം രൂപയാണ്. മൂന്ന് നിറങ്ങളില്‍ ആണ് ഈ മോഡല്‍ എത്തുന്നത്. വിയെസ്റ്റെ 300 സിക്റ്റീസ് 300ഐ ല്‍ നിന്ന് വ്യത്യസ്തമായി ആധുനികവും മാക്‌സി-സ്‌കൂട്ടര്‍ സ്‌റ്റൈലിംഗ് സ്വീകരിക്കുന്നതുമായതിനാല്‍ , കീവേ അതിനെ ചില സൂക്ഷ്മമായ നിറങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. മാറ്റ് ബ്ലൂ, മാറ്റ് ബ്ലാക്ക് കളര്‍ സ്‌കീമിലും കീവേ വീസ്റ്റെ വാഗ്ദാനം ചെയ്യുന്നു.

Post a Comment

Previous Post Next Post