
പുലിയുടെ ആക്രമണം പതിവാകുന്നു : പൊഴുതന നിവാസികൾ ആശങ്കയിൽ
പൊഴുതന: പൊഴുതന പഞ്ചായത്തിൽ പുലി ആക്രമണം പതിവായിട്ടും പ്രതിരോധ നടപടികൾ വൈകുന്നതായി പരാതി. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ കക്ഷി യോഗം ചേർന്നു. അതേസമയം യോഗത്തിൽ വിവിധ തീരുമാനങ്ങൾ എടുത്തെങ്കിലും മിക്കതും നടപ്പാക്കിയില്ല. പുലിയെ പിടികൂടുന്നതിന് കൂടുതൽ കൂട് സ്ഥാപിക്കണമെന്ന ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. നിലവിൽ പാറക്കുന്നിൽ സ്ഥാപിച്ച കൂടാണുള്ളത്. ഓരോ പ്രാവശ്യവും പല ഭാഗങ്ങളിൽ നിന്ന് എത്തുന്ന പുലിയെ പിടികൂടുന്നതിന് ഒരു കൂട് മാത്രം മതിയാകില്ല എന്നതിനാലാണ് കൂടുതൽ കൂട് സ്ഥാപിക്കണമെന്ന ആവശ്യം ഉയർന്നത്. കൂടു വയ്ക്കുന്ന നടപടി സങ്കീർണമായതാണു വൈകുന്നതിനു കാരണമായി പറയുന്നത്.
എസ്റ്റേറ്റ് പാടികൾക്കു സമീപവും വഴി വക്കിലും നിറഞ്ഞ പൊന്ത വെട്ടണമെന്ന് ആവശ്യപ്പെട്ട് മാനേജ്മെന്റിന് കത്ത് നൽകിയിരുന്നെങ്കിലും അവരുടെ ഭാഗത്തു നിന്നും നടപടിയില്ല. പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൊതു ഇടങ്ങളിലെ പൊന്തക്കാട് വെട്ടുന്നുണ്ട്. പഞ്ചായത്ത് പരിധിയിൽ ഇതുവരെ 19 പശുക്കളെ പുലി പിടികൂടിയിട്ടുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
Comments (0)