
വയനാട് ജില്ലയിൽ നിപ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കി
കൽപ്പറ്റ: വയനാട് ജില്ലയില്‍ നിപയുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിനും മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിനും മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദ്ദേശം നല്‍കി. കളക്ട്രേറ്റില്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്.
കോഴിക്കോട് ജില്ലയിലെ നിപ ബാധിത പ്രദേശങ്ങള്‍ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളില്‍ ജാഗ്രത പുലര്‍ത്താനും നിര്‍ദ്ദേശം നല്‍കി. വയനാട് ജില്ലയില്‍ ജോലി ചെയ്യുന്ന കണ്ടയിന്‍മെന്റ് സോണുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ വര്‍ക്ക് അറ്റ് ഹോം വ്യവസ്ഥയില്‍ ജോലി ചെയ്യണം. കണ്ടെയിന്‍മെന്റ് സോണുകളില്‍ നിന്ന് ആളുകള്‍ ജില്ലയില്‍ എത്തുന്നതും അങ്ങോട്ട് പോകുന്നതും തടയാന്‍ നടപടി സ്വീകരിക്കും. വവ്വാലുകളുടെ ആവാസ വ്യവസ്ഥ തകര്‍ക്കുന്ന പ്രവണത ജനങ്ങളില്‍ നിന്നും ഉദ്യോഗസ്ഥരില്‍ നിന്നും ഉണ്ടാകരുത്. ജില്ലയില്‍ ഇതുവരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാരുംതന്നെയില്ല.
രോഗബാധ ഉണ്ടാകുന്നുവെങ്കില്‍ ഐസലേഷനും ചികിത്സയ്ക്കുമായി മാനന്തവാടി ഗവ. മെഡിക്കല്‍ കോളജില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അഞ്ച് ഐസലേഷന്‍ റൂമുകളും പ്രത്യേക ഐ.സി.യു.ഉം സജ്ജമാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയിലുള്ളവരെയും മറ്റ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി 15 സ്‌ക്വാഡുകള്‍ രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.
Comments (0)