Posted By Ranjima KR Posted On

വവ്വാലുകളെ ഭയപ്പെടേണ്ടതില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു

വവ്വാലുകൾ സസ്തനി വിഭാഗത്തിൽപെടുന്ന വന്യജീവികളാണെന്നും അവയെ ഭയപ്പെടേണ്ടതില്ലെന്നും ജാഗ്രതയാണ് വേണ്ടതെന്നും മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു. 

നിപ വൈറസ് സാന്നിധ്യം കണ്ടെത്തിയ ടെറോപസ് എന്ന പഴംതീനി വവ്വാലുകൾ/ കടവാതിലുകൾ നിപ വൈറസ് മൂലം രോഗ ബാധിതരാവുകയോ, മരിക്കുകയോ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടില്ല. ഇവ വലുപ്പം കൂടുതലുള്ളവയും മരങ്ങളിൽ ചേക്കേറുകയും ചെയ്യുന്നവയാണ്. ഇവയെ ഉപദ്രവിക്കുകയോ പേടിപ്പിക്കുകയോ ആവാസ വ്യവസ്ഥയിൽ മാറ്റം വരുത്തുകയോ ചെയ്യുമ്പോൾ സമ്മർദ്ധം മൂലം ശരീരത്തിൽ ഉള്ള വൈറസിന്റെ തോത് കൂടുവാനും, ശരീര സ്രവങ്ങളിലൂടെ വൈറസുകൾ പുറം തള്ളപ്പെടാനും ഇതുമൂലം രോഗവ്യാപനം കൂടാനും ഇടയാകും.   

കിണറുകളിലും, ഗുഹകളിലും, ആൾതാമസം കുറവുള്ള കെട്ടിടങ്ങളിലും, പാലങ്ങളുടെ ചുവട്ടിലും കണ്ടുവരുന്നത് വലുപ്പം കുറഞ്ഞതും ചെറുപ്രാണികളെയും, പല്ലികളെയും കഴിക്കുന്ന മറ്റിനം വവ്വാലുകൾ / നരിച്ചീറുകൾ ആണ്. മനുഷ്യരുടെ കൂടെ തന്നെ കാലാകാലങ്ങളായി ചേർന്ന് ജീവിച്ചുവരുന്ന വവ്വാലുകളെ ഭയക്കാതെ ജാഗ്രതയോടെ ജീവിക്കാമെന്നും  മൃഗസംരക്ഷണ വകുപ്പ് ഓഫീസർ അറിയിച്ചു.

Comments (0)

Leave a Reply