Posted By Ranjima KR Posted On

ഹൃദയപൂർവ്വം പദ്ധതിയെ പരിഹസിച്ച ജോയ് മാത്യുവിന് മറുപടിയുമായി ഡിവൈഎഫ്ഐ

നടൻ ജോയ് മാത്യവിന് മറുപടിയുമായി ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഡി.വൈ.എഫ്.ഐ.യുടെ ഹൃദയ പൂർവം പദ്ധതിയിലെ പൊതിച്ചോറിനെ പരിഹസിച്ചു കൊണ്ട് താങ്കൾ പറഞ്ഞത് ‘ഒരു കൈയ്യിൽ പൊതിച്ചോറും മറുകൈയ്യിൽ കഠാരയുമായി നടക്കുന്ന കൂട്ടർ ‘ എന്നാണ്. കേരളത്തിലെ ലക്ഷക്കണക്കിന് വീടുകളിൽ നിന്ന് നല്ലവരായ അനേകം മനുഷ്യർ കക്ഷി രാഷ്ട്രീയ – ജാതി മത ഭേദമന്യേ നൽകിയ കോടിക്കണക്കിന് പൊതിച്ചോറുകളാണ് , അരശരണരായ അനേകം കോടി മനുഷ്യരുടെ വിശപ്പ് അകറ്റുന്നത്. അവരെയാണ് ജോയ് മാത്യു അവഹേളിച്ചിരിക്കുന്നതെന്ന് വികെ സനോജ് പറഞ്ഞു.


തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഒണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ ഇങ്ങനെ പറയാൻ? വിപ്ലവസിംഹമേ, ബിജെപി വേദികളിലും, കോൺഗ്രസ് വേദികളിലും താങ്കൾ മാറിമാറി നിരങ്ങിക്കോളൂ. പക്ഷെ അവരുടെ ഉച്ചിഷ്ടം തിന്നിട്ട് എല്ലിൽകുത്തുമ്പോൾ ഡി.വൈ.എഫ്.ഐ യുടെ മെക്കിട്ട് കേറാൻ വരേണ്ടെന്നും വി കെ സനോജ് ഫേസ്ബുക്കിൽ കുറിച്ചു.


Comments (0)

Leave a Reply