Posted By Ranjima KR Posted On

വയനാടൻ ജനതയെ സർക്കാർ വഞ്ചിക്കുകയാണെന്ന് ആരോപണം

കൽപ്പറ്റ : ചുരത്തിലെ 6, 7, 8 വളവുകളുടെ വികസനത്തിന് വേണ്ടി വനം വകുപ്പ് സ്ഥലം വിട്ട് നൽകിയിട്ടും വികസന പ്രവർത്തികൾ ആരംഭിക്കാത്ത സർക്കാർ വയനാടൻ ജനതയെ വഞ്ചിക്കുകയാണെന്ന് അഡ്വ ടി സിദ്ദിഖ് എംഎൽഎ. ചുരത്തിൽ ആറും ഏഴും മണിക്കൂറുകൾ വാഹനങ്ങൾ ബ്ലോക്കിൽപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളത്. വയനാട്ടിൽ ഒരു മെഡിക്കൽ കോളേജോ അത്യാധുനിക സംവിധാനമുള്ള ഒരു ആശുപത്രിയോ ഇല്ലാത്തതിനാൽ അത്യാസന്ന നിലയിലുള്ള രോഗികളെ ചികിൽസിക്കുന്നതിന് കോഴിക്കോടുള്ള വിവിധ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഈ അവസ്ഥയിൽ രോഗികളെ കൃത്യസമയത്ത് ആശുപത്രികളിലെത്തിക്കുന്നതിന് ചുരത്തിലെ ഗതാഗത തടസ്സം വലിയൊരു പ്രശ്നം തന്നെയാണ്. ദീർഘനേരം ആംബുലൻസുകൾ ചുരത്തിൽ കുടുങ്ങുന്നതിനാൽ പലരും ചികിത്സ ലഭിക്കാനാവാതെ വഴിയിൽ തന്നെ മരണപ്പെടുകയും ചെയ്ത സാഹചര്യങ്ങളുമുണ്ടായിട്ടുണ്ട്. അതിനാൽ വായനാട്ടുകാർക്ക് ഏറ്റവും അത്യാവശ്യമായ ഒന്നാണ് ചിപ്പിലിത്തോട് – മരുതിലാവ് വഴി വൈത്തിരി – തളിപ്പുഴയിൽ എത്തിപ്പെടുന്ന ചുരം ബൈ-പാസ്സ്. ഇത് യാഥാർഥ്യമായാൽ വയനാടൻ ജനത അനുഭവിക്കുന്ന ഗതാഗത പ്രശ്നങ്ങൾക്ക് ഏറെ ആശ്വാസമായിരിക്കുമെന്നും അഭിപ്രായം.

വയനാടിന്‍റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ്സാണ് ടൂറിസം. നാഷണൽ ഹൈവേയിൽ ഉൾപ്പെടുന്ന ഈ ചുരത്തിലുണ്ടാകുന്ന മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗത തടസ്സം ടൂറിസ്റ്റുകള്‍ക്ക് വയനാട്ടിലേക്ക് എത്തുന്നതിനുള്ള ആകര്‍ഷണം കുറയ്ക്കുകയും ചെയ്യുന്നു. അത്പോലെ തന്നെ പടിഞ്ഞാറത്തറ – പൂഴിത്തോട് ബദൽ പാതയുടെ പൂർത്തീകരിക്കാത്ത ഭാഗം അടിയന്തിരപ്രാധാന്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ പൂർത്തീകരിച്ചാൽ മാത്രമേ വയനാടിന്‍റെ ഗതാഗത സൗകര്യങ്ങൾ വികസിക്കുകയുള്ളൂവെന്നും അഭിപ്രായം.

Comments (0)

Leave a Reply